/uploads/news/285-IMG_20190208_182026.jpg
Events

സയൻസ് പാർക്കിന്റെ ഭാഗമായി പ്രവർത്തനമാരംഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിന്റെ ഉത്ഘാടനം


തോന്നക്കൽ: നിപ വൈറസ് അടക്കമുള്ള വിവിധ വൈറൽ രോഗങ്ങൾ കണ്ടു പിടിക്കുന്നതിനും (പ്രതിരോധ മാർഗ്ഗങ്ങൾ തേടുന്നതിനുമായി സയൻസ് പാർക്കിന്റെ ഭാഗമായി പ്രവർത്തനമാരംഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിന്റെ ഉത്ഘാടനം ഇന്ന് (ശനി) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തിരുവനന്തപുരം ജില്ലയിലെ തോന്നക്കൽ ബയോലൈഫ് സയൻസ് പാർക്കിൽ നിർമ്മിച്ച ലോകോത്തര നിലവാരമുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനമായി മാറും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും ഈ ഇൻസ്റ്റിറ്റ്യൂട്ട് ഏറെ പ്രയോജനപ്പെടും. രോഗ നിർണയത്തോടൊപ്പം ഗവേഷണത്തിനുമാണ് സ്ഥാപനം പ്രാധാന്യം കൊടുക്കുന്നത്. ക്ലിനിക്കൽ വൈറോജി, വൈറൽ വാക്സിൻസ്, ആന്റി വൈറൽ ഡ്രഗ് റിസർച്ച്, വൈറൽ ആപ്ളിക്കേഷൻസ്, വൈറസ് ജെനോമിക്സ്, ബയോ ഇൻഫർമാറ്റിക്ക്സ്, ജനറൽ വൈറോളജി, വൈറൽ എപിഡെർമോളജി - വെക്ടർ ഡൈനാമിക്സ് ആൻഡ് പബ്ലിക്ക് ഹെൽത്ത്, വൈറൽ ഡയഗ്നോസ്റ്റിക്സ്, എന്നീ സുപ്രധാന ലാബുകളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തനത്തിന് സജ്ജമാക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന ബയോസേഫ്റ്റി ലെവൽ - 3 പാലിക്കുന്ന സംവിധാനങ്ങളായിരിക്കും എല്ലാ ലാബുകളിലും ഒരുക്കുക. തുടർന്ന് ബയോസേഫ്റ്റി ലെവൽ 4 ലേക്ക് ഉയർത്തുന്നതും ആലോചനയിലാണ്. സ്ഥാപനത്തിന്റെ ആദ്യഘട്ടത്തിൽ 24,000 സ്ക്വയർ ഫീറ്റിൽ 3 നിലകളിലായാണ് കെട്ടിടം നിർമ്മിച്ചത്. ഈ കെട്ടിടത്തിൽ 6 ലാബുകളാണുള്ളത്. കെട്ടിടത്തിന്റെ മുൻവശത്ത് ഒരു ഭാഗം ഡയറക്ടർമാർക്കും അവർക്കൊപ്പമുള്ള സഹപ്രവർത്തകർക്കുമുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കാണ്.മറ്റു രണ്ട് നിലകളിൽ ഗവേഷണ ലാബുകളും മറ്റും പ്രവർത്തിപ്പിക്കും. ഇവിടെ മറ്റുള്ളവർക്ക് പ്രവേശനം നിരോധിച്ചിരിക്കും. പൂർത്തിയായ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വലതു വശത്തേക്ക് തിരിഞ്ഞാൽ പൊതുജനങ്ങൾക്കായുള്ള ലാബാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ പൊതുജനങ്ങളുടെ രോഗനിർണ്ണയത്തിനും സാമ്പിൾ ശേഖരിക്കുന്നതിനുമായി സൗകര്യമൊരുക്കിയിരിക്കുന്നു. ഇവിടെ അവർക്കായുള്ള റിസപ്ഷനും ഉണ്ടാവും. ടോയ്ലറ്റ് സൗകര്യമുണ്ട്. കെട്ടിടത്തിന്റെ പുറകു ഭാഗത്തായി വിശാലമായ തുറന്ന പാർക്കിംങ് സൗകര്യവുമുണ്ട്. മൊത്തം 80,000 ചതുരശ്ര അടിയുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്ന പ്രധാന കെട്ടിടത്തിന്റെ നിർമ്മാണച്ചുമതല കെ എസ് ഐ ഡി സി മുഖേന എൽ എൽ എൽ ലൈറ്റ്സാണ്. ബാക്കിയുള്ള 55,000 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന കെട്ടിടം ഈ വർഷം ആഗസ്റ്റിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പ്രീകാസ്റ്റ് നിർമ്മാന രീതി അനുസരിച്ച് നിർമ്മിക്കുന്ന കേരള സർക്കാറിന്റെ ആദ്യത്തെ കെട്ടിടമാണ് ഇത്. കെട്ടിടത്തിന്റെ ബീമടക്കമുളള ഭാഗങ്ങൾ ചെന്നൈയിൽ നിർമ്മിച്ച് ഇവിടെ എത്തിക്കുകയാണ്. ഊരാളുങ്കൾ ലേബർ കോൺട്രാക്ട്സ് സഹകരണ സംഘമാണ് ഇപ്പോൾ പൂർത്തിയായ കെട്ടിടം നിർമ്മിച്ചത്. 2018 സെപ്റ്റംബർ 30 ന് ആദ്യ പാനൽ സ്ഥാപിച്ച് വെറും 4 മാസം കൊണ്ടാണ് 24000 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായത്. കെട്ടിടത്തിന്റ ഉത്ഘാടനത്തിനായുള്ള മിനുക്ക് പണികളുടെ അവസാന ഘട്ടത്തിലാണ്. നിലവിൽ മിഷനറികൾ ഇൻസ്റ്റാൾ ചെയ്തിട്ടില്ലാത്ത ലാബുകളിൽ ഉത്ഘാടനം കഴിഞ്ഞ് 2 ആഴ്ചയ്ക്ക് ശേഷം ലാബിന് ആവശ്യമായ ഉപകരണങ്ങൾ എത്തി ഇൻസ്റ്റാേളേഷൻ പൂർത്തിയാക്കും. ഉടൻ പ്രവർത്തനവും ആരംഭിക്കും.

സയൻസ് പാർക്കിന്റെ ഭാഗമായി പ്രവർത്തനമാരംഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിന്റെ ഉത്ഘാടനം

0 Comments

Leave a comment