കോട്ടയം: ജോസ് കെ മാണിയും കൂട്ടരും എൽ ഡി എഫിലേക്ക് വരുന്നതിന് മുമ്പ് തന്നെ കോട്ടയം ജില്ലയിൽ ആരംഭിച്ച കേരള കോൺഗ്രസ് - സി പി ഐ പോര് രണ്ടര വർഷത്തിന് ശേഷവും പരിഹാരമില്ലാതെ തുടരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ പദവി ഒഴിയാൻ ചില കേരള കോൺഗ്രസ് അംഗങ്ങൾ തയ്യാറാവുന്നില്ലെന്നതാണ് പുതിയ പ്രശ്നം.
ഇതിനെതിരെ പൊട്ടിത്തെറിച്ചുകൊണ്ട് രംഗത്ത് എത്തിയ സി പി ഐ ജില്ലാ നേതൃത്വം കേരള കോൺഗ്രസിനെതിരെ പരസ്യമായ വിമർശനം ഉന്നയിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ പദവി ധാരണ പ്രകാരം കേരള കോൺഗ്രസ് രാജി വയ്ക്കുന്നില്ലെന്നാണ് സി പി ഐ ജില്ലാ സെക്രട്ടറി വിബി ബിനു വ്യക്തമാക്കുന്നത്.
മുന്നണിയിലെ ധാരണ പ്രകാരം ഡിസംബർ മുപ്പതിനുള്ളിൽ തന്നെ നിലവിലെ ഭാരവാഹികൾ രാജിവെക്കണം. എന്നാൽ കേരള കോൺഗ്രസിന്റെ നോമിനികളായ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും രാജിവെക്കാൻ തയ്യാറായിട്ടില്ല. നിങ്ങളുടേത് പോലെ ഒരു കേഡർ പാർട്ടിയല്ലാത്തതുകൊണ്ട് തീരുമാനം നടപ്പിലാക്കിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് കേരള കോൺഗ്രസ് നേതാക്കൾ പറയുന്നതെന്നും ബിനു പറയുന്നു.
പത്രങ്ങളിലും മാധ്യമങ്ങളിലുമെല്ലാം, ഞങ്ങൾ വലിയ കേഡർ പാർട്ടിയാണെന്ന അവകാശവാദം ഉന്നയിക്കുകയും കാര്യങ്ങൾ വരുമ്പോൾ അങ്ങനെയല്ലന്ന് പറയുന്ന കേരള കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിലപാട് ശരിയല്ല. രാജിവെക്കാത്ത പഞ്ചായത്ത് പ്രസിഡന്റിനേയോ വൈസ് പ്രസിഡന്റിനേയോ ഞങ്ങൾ കുറ്റപ്പെടുത്തില്ല. ഒരു ജില്ലാ നേതൃത്വമോ, സംസ്ഥാന നേതൃത്വമോ വന്ന് ഒരു യോഗത്തിൽ തീരുമാനം എടുത്താൽ അത് നടപ്പിലാക്കാൻ സാധിക്കണം.
എൽ ഡി എഫിലെ മറ്റുള്ള ഒരു ഘടകകക്ഷികളും കാണിക്കാത്ത, എൽ ഡി എഫിന്റെ സാമാന്യ നീതിക്ക് നിരക്കാത്ത നിലപാടാണ് കേരള കോൺഗ്രസ് സ്വീകരിക്കുന്നത്. ഈ നിലപാട് തിരുത്തണം. ഒരു വിട്ടുവീഴ്ചയ്ക്കും സി പി ഐ തയ്യാറാല്ല. ധാരണപ്രകാരമാണ് സ്ഥാനങ്ങൾ നേരത്തെ പങ്കിട്ടത്. സമയം കഴിഞ്ഞപ്പോൾ കേരള കോൺഗ്രസ് മാത്രം ധാരണ പാലിക്കാത്തത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസ് ജില്ലാ നേതൃത്വം അംഗങ്ങളെ രാജിവെപ്പിക്കാൻ തയ്യാറായില്ലെങ്കിൽ പാർട്ടി സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെടുകയും എൽ ഡി എഫ് സംസ്ഥാന യോഗത്തിൽ ഇത് സംബന്ധിച്ച പരാതി ഉയർത്തിക്കൊണ്ടുവരുമെന്നും സി പി ഐ വ്യക്തമാക്കുന്നു. വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ കേരള കോൺഗ്രസ് തയ്യാറായിട്ടില്ല.
അതേസമയം, എൽ ഡി എഫിൽ ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിൽ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് എം രാജിവയ്ക്കും. എൽ ഡി എഫ് ധാരണ പ്രകാരം ഇടത് മുന്നണി ധാരണ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അടുത്ത രണ്ടു വർഷം സിപിഎമ്മിനാണ്. അതിന് ശേഷമുള്ള ഒരു വർഷം സി പി ഐക്കും അധ്യക്ഷ സ്ഥാനം ലഭിക്കും.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കമായിരുന്നു കേരള കോൺഗ്രസ് എം നേരത്തെ യു ഡി എഫ് വിടാൻ കാരണമായിത്തീർന്നത്. കുറവിലങ്ങാട് ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ നിർമ്മല ജിമ്മിയായിരുന്നു കേരള കോൺഗ്രസിൽ നിന്നും ആദ്യ ടേമിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായത്. 22 അംഗ കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽ ഡി എഫിന് 14 അംഗങ്ങളും യു ഡി എഫിന് 7 അംഗങ്ങളുമാണ് ഉള്ളത്. പൂഞ്ഞാറിൽ നിന്ന് വിജയിച്ച ഷോൺ ജോർജ് സ്വതന്ത്ര നിലപാടും സ്വീകരിച്ച് വരുന്നു.
കോട്ടയത്ത് എല്‍ഡിഎഫില്‍ പോര്: ജോസിന്റെ കൂട്ടരെ രാജിവെപ്പിച്ചേ അടങ്ങുമെന്ന് സിപിഐ





0 Comments