/uploads/news/news_സിദ്ധീഖ്_കാപ്പനെ_കൂടെനിന്ന്_ചതിച്ചവരും,_..._1662907265_6265.jpg
EXCLUSIVE

സിദ്ധീഖ് കാപ്പനെ കൂടെനിന്ന് ചതിച്ചവരും, നിയമപോരാട്ടം നടത്തി ജയിലിൽ നിന്നും പുറത്തുകൊണ്ടു വരുന്നവരും...


ജോലിക്കിടെ അറസ്റ്റിലായി രണ്ട് വർഷമായി യു.പി ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത് കഴിഞ്ഞ ദിവസമാണ്. നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ജാമ്യം. ഹത്രസിൽ ബലാത്സംഗത്തിന് ഇരയായ ദലിത് പെൺകുട്ടിയുടെ വീട്ടിൽ വാർത്ത റിപ്പോർട്ട് ചെയ്യാനായി പോകവേയാണ്, യു.എ.പി.എ, ഇ.ഡി കുറ്റങ്ങൾ ചുമത്തപ്പെട്ട് സിദ്ധീഖ് കാപ്പൻ യു.പി പൊലീസിന്റെ പിടിയിലാകുന്നത്.

മലയാളികളായ രണ്ട് മാധ്യമ പ്രവർത്തകർ തന്നെ കാപ്പനെതിരെ പൊലീസിന് മൊഴി നൽകിയത് വിഷയം കൂടുതൽ സങ്കീർണമാക്കിയിരുന്നു. ഇപ്പോൾ കാപ്പന് ജാമ്യം ലഭിച്ച വേളയിൽ, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സംഭവിച്ച നിയമ പോരാട്ടങ്ങളെ സംബന്ധിച്ച് തുറന്നെഴുതുകയാണ് 'മീഡിയ വൺ' ചാനൽ ഡൽഹി ലേഖകൻ ഡി.ധനസുമോദ്.

ധനസുമോദിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:

ഇരുമ്പഴിക്കുള്ളിൽ രണ്ട്
വർഷമാകവേ, സിദ്ദിഖ് കാപ്പൻ പുറംലോകത്തേക്ക് എത്തുന്നു. ഈ സമയത്ത് ചില കാര്യങ്ങൾ പറയാതെയും ചിലരെ ഓർമ്മിപ്പിക്കാതെയും കടന്നു പോകാനാവില്ല. 2020 ഒക്ടോബർ 5 നാണ് ഹത്രസിലെ ദളിത് പെൺകുട്ടിയുടെ ബലാത്സംഗ കൊല റിപ്പോർട്ട് ചെയ്യാനായി സിദ്ധീഖ് കാപ്പൻ പോകുന്നതും അറസ്റ്റിലാകുന്നതും. പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ വിവരമറിയുന്നത് അന്നു വൈകിട്ടായിരുന്നു. അറിഞ്ഞയുടൻ മുൻ ഭാരവാഹികളായ പി.കെ.മണികണ്ഠൻ (മാതൃഭൂമി), എം.പ്രശാന്ത് (ദേശാഭിമാനി) എന്നിവർ പോലീസിനെയും മറ്റും ബന്ധപ്പെട്ടു വിശദാംശങ്ങളറിയാനുള്ള ശ്രമം തുടങ്ങി. അറസ്റ്റിലായെന്ന് ഉറപ്പായെങ്കിലും ഏതു പോലീസ് സ്റ്റേഷൻ, എവിടെ കസ്റ്റഡിയിൽ തുടങ്ങിയ വിവരങ്ങൾക്കൊന്നും വ്യക്തതയില്ല.

പോലീസ് ബീറ്റ് ചെയ്യുന്ന റിപ്പോർട്ടർമാരും മുതിർന്ന മാധ്യമ പ്രവർത്തകരുമൊക്കെ നടത്തിയ അന്വേഷണങ്ങളിലും വിവരങ്ങൾ വ്യക്തമല്ല. തുടർന്ന്, പാതിരാത്രി യു.പി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും യൂണിയന്റെ പരാതി. പിറ്റേന്നു പകൽ പോലും ഇതിനൊന്നും മറുപടിയില്ല. അപ്പോഴേക്കും വാർത്തകൾ
പ്രവഹിക്കുന്നു. നിരന്തരമായ അന്വേഷണങ്ങൾക്കും അഭ്യർഥനകൾക്കുമൊടുവിൽ, കെ.യു.ഡബ്ള്യു.ജെ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമാണ് സിദ്ധിക്ക് കാപ്പൻ എന്ന വിവരം സ്ഥിരീകരിക്കപ്പെട്ടതോടെ, ഒരു ഘട്ടത്തിൽ കസ്റ്റഡിയിൽ നിന്നു വിടാൻ പൊലീസ് സന്നദ്ധത പ്രകടിപ്പിച്ചു. അപ്പോഴും കാപ്പൻ എവിടെയെന്നു വ്യക്തമാക്കുന്നില്ല.

ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ് സെക്രട്ടറി ജിഗീഷിനോടൊപ്പം പ്രശാന്തും മണികണ്ഠനും മഥുരയിലേക്ക്
തിരിക്കാനിരിക്കേയാണ് പോലീസിൽ നിന്ന് അടുത്ത സന്ദേശം. നിങ്ങൾ മഥുരയിലേക്ക് കാപ്പനെ കൂട്ടാൻ വരേണ്ടതില്ല. കാര്യങ്ങൾ കൈവിട്ടുപോയെന്നറിഞ്ഞതോടെ സുപ്രീംകോടതിയിൽ അഭിഭാഷകൻ വിൽസ് മാത്യു മുഖേന യൂണിയൻ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു. കേസിൽ ഹാജരാവാൻ യൂണിയനു വേണ്ടി മുൻ പ്രസിഡന്റ് പ്രശാന്ത് രഘുവംശം മുതിർന്ന അഭിഭാഷകൻ കബിൽ സിബലിനോട് അഭ്യർഥിച്ചു, അദ്ദേഹം സമ്മതിച്ചു. ഒടുവിൽ, കാപ്പനെ അറസ്റ്റ് ചെയ്ത വിവരം കോടതിയെ അറിയിക്കാൻ യു.പി പോലീസ് നിർബന്ധിതരായി.

യു.എ.പി.എ, ഇ.ഡി കുറ്റങ്ങൾ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഒരാൾക്കു വേണ്ടിയുള്ള പോരാട്ടം ചെറിയ കളിയല്ല എന്ന് യൂണിയൻ പ്രവർത്തകർക്ക് നന്നായി അറിയാമായിരുന്നു. ഏതറ്റം വരെ പോകാൻ യൂണിയന് എല്ലാ സഹായവും നൽകി അഴിമുഖത്തിന്റെ ഫൗണ്ടർ ജോസി ജോസഫ് ഒപ്പം നിന്നു. കേസിന് ശേഷം ഫെല്ലോഷിപ്പ് അടക്കമുള്ള ധനസഹായം നിലച്ചതോടെ എഡിറ്റോറിയൽ ബോർഡ് അപ്പാടെ വെട്ടിചുരുക്കേണ്ട സാഹചര്യം ഉണ്ടായെങ്കിലും എഡിറ്റർ കെ.എൻ.അശോക് ഉൾപ്പെടെയുള്ളവർ യു.പിയിലെത്തി മൊഴി നൽകി.

ജയിലിലായി ആദ്യ രണ്ടാഴ്ച വീട്ടുകാരെ വിളിക്കാൻ പോലും പോലീസ് അനുവദിക്കാതിരുന്നപ്പോൾ ആ അവകാശം സ്ഥാപിച്ചു കിട്ടാൻ യൂണിയൻ നിയമ പോരാട്ടത്തിനിറങ്ങി. കാപ്പനും കുടുംബത്തിനും ആദ്യ ആശ്വാസം അതായിരുന്നു. ഉമ്മയുടെ ആരോഗ്യം ക്ഷയിച്ചപ്പോൾ നാട്ടിൽ പോകാൻ കാപ്പനെ അനുവദിക്കണം എന്നതായിരുന്നു യൂണിയന്റെ അടുത്ത ആവശ്യം. അതും നിയമത്തിന്റെ വഴിയിലൂടെ നേടിയെടുത്തു. ജയിൽവാസം നീണ്ടപ്പോൾ, കടുത്ത പ്രമേഹരോഗിയായ കാപ്പന്റെ ആരോഗ്യനില വഷളായി. എയിംസിൽ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് കോടതി കയറിയ കെ.യു.ഡബ്ല്യു.ജെ വീണ്ടും വിജയിച്ചു.

ഇങ്ങനെ, നിയമയുദ്ധം ചെയ്യുമ്പോൾ പോരാട്ടത്തിന് മുന്നിൽ നിന്നവർക്ക് കാപ്പന്റെ ശത്രുക്കളായ മാധ്യമ പ്രവർത്തകരിൽ നിന്നും കടുത്ത എതിർപ്പാണ് നേരിടേണ്ടി വന്നത്. കാപ്പനെ തീവ്രവാദിയായി മുദ്രകുത്തുന്നതിന് വേണ്ടിയുള്ള ശ്രമം തുടർന്നു കൊണ്ടേയിരുന്നു. വ്യാജതെളിവുകൾ ഹാജരാക്കിയ സംഘപരിവാറുകാരുടെ മാനസികാവസ്ഥ മനസിലാക്കാം.അവർക്ക് അത് മാത്രമേ ചെയ്യാൻ കഴിയൂ. മൗനം കൊണ്ട് ഈ ക്ഷുദ്രശക്തികളെ പിന്തുണച്ചവർ ഓൺലൈൻ മാധ്യമങ്ങൾ മുഖേന, നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിച്ചു. ഏറെയും ഉപദ്രവം ഏറ്റുവാങ്ങിയത് മുൻ സെക്രട്ടറിമാരായ പി.കെ.മണികണ്ഠനും എം.പ്രശാന്തുമായിരുന്നു.

കാപ്പനൊപ്പം നിലയുറപ്പിച്ച പ്രശാന്തിനെ ദേശാഭിമാനിയിൽ നിന്നും പിരിച്ചുവിട്ടു എന്ന് പോലും ഓൺലൈനുകൾ എഴുതി. സെക്രട്ടറി അകത്തായതോടെ പ്രസിഡന്റ് മിജി ജോസാണ് ഈ കാറും കോളും നിറഞ്ഞ അന്തരീക്ഷത്തിൽ യൂണിയനെ ഡൽഹിയിൽ നയിച്ചത്. അപവാദ പ്രചാരണങ്ങളെല്ലാം അതിജീവിച്ച് അസാധാരണമായ നേതൃപാടവമാണ് അവർ കാട്ടിയത്. വ്യക്തിപരവും സംഘടനാപരവുമായ തടസവും പ്രതിസന്ധികളുമൊക്കെ ഇവർക്കെല്ലാം നേരിടാനും കേസു മുന്നോട്ടു കൊണ്ടുപോവുന്നതിൽ ആർജവം പകരാനുമൊക്കെ ഡി.യു.ജെ സെക്രട്ടറി എ.എം.ജിഗീഷ് കരുത്തേകി. എപ്പോഴും നല്ല ഉപദേശങ്ങൾ നൽകിയും
ജാഗ്രതപ്പെടുത്തിയും വഴികാട്ടിയ അഡ്വ.വിൽസ് മാത്യുവും. എല്ലാതരം പ്രചാരണങ്ങളും നേരിട്ടു തുടക്കം മുതൽ യൂണിയനിൽ പൂർണവിശ്വാസമർപ്പിച്ച കാപ്പന്റെ ഭാര്യ റെയ്ഹാനത്തിന്റെ സ്ഥൈര്യമാണ് ഈ കേസിനെ കരുത്തോടെ മുന്നോട്ടു നയിച്ചത്.

ജയിലിൽ കഴിയുന്ന സഹപ്രവർത്തകനോട് കരുണയോ സഹാനുഭൂതിയോ ഇല്ലാതെ മുറിവിൽ ഉപ്പ് പുരട്ടിയവർ കാവൽ മാലാഖയുടെ ചിറകുമായി വരാനിടയുണ്ട്. കാപ്പന് ജാമ്യം കിട്ടി എന്ന സന്തോഷ വാർത്ത പങ്കുവയ്ക്കുമ്പോൾ വാട്സ്ആപ് ഗ്രൂപ്പിൽ തമ്പ് ഇമ്പ്രഷൻ പോലും നൽകാത്ത ഇവർ കാപ്പന്റെ മോചനത്തെ കുറിച്ച് നെടുങ്കൻ ലേഖനങ്ങൾ കുറിക്കാൻ ഇടയുണ്ട്. ഇതുവരെ വേട്ടക്കാരായും വേട്ടക്കാർക്കൊപ്പവും ഓടിയവർ നാളെ മനുഷ്യാവകാശം പറഞ്ഞു കാപ്പന്റെ ചേരിയിൽ വന്നു നിൽക്കും.
സിദ്ദിഖ് കാപ്പന് നീതിയുടെ നുറുങ്ങുവെട്ടം മാത്രമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. ഈ കള്ളക്കേസ് പൊട്ടിപൊളിഞ്ഞു പോകുമെന്ന് ഉറച്ച വിശ്വാസവുമുണ്ട്. നിയമത്തിന്റെ വഴിയിൽ തെളിയിക്കാനുള്ള അന്തിമ പോരാട്ടത്തിലാണ് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റിയും ഡൽഹി ഘടകവും. നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ ആവശ്യമാണ്.

ഭാര്യ റെയ്ഹാനത്ത് കാണാൻ ചെല്ലുമ്പോൾ സഹതടവുകാരുടെ ബുദ്ധിമുട്ടും നിരപരാധിത്വം തെളിയിക്കാൻ കഴിയാത്ത പലരുടെയും നിസഹായാവസ്ഥയാണ് കാപ്പൻ പങ്ക് വയ്ക്കുന്നത്. ഇവർക്ക് വേണ്ടി അപേക്ഷ എഴുതാൻ അടുത്ത തവണ വെള്ളപേപ്പറുമായി എത്തണമെന്ന് ഭാര്യയോട് പറയുന്ന കാപ്പാ, താനൊരു അസാധാരണ മനുഷ്യനാണ്. ഹിന്ദു പത്രത്തിലെ വാർത്ത മുഴുവനും വായിച്ചു ഒടുവിൽ ക്ളാസിഫൈഡ് പരസ്യം വരെ ജയിലിനുള്ളിൽ വായിക്കുന്നു എന്ന് പറയുമ്പോൾ നർമം കൈവിട്ടില്ലെന്നു മനസിലാക്കുന്നു. ഈ പോരാളിയെ തളർത്താൻ കഴിയില്ല.

കാപ്പന്റെ ഒപ്പം നിന്നതിനു കല്ലേറ് കൊണ്ടവരെ ഓർത്തെടുക്കാനുള്ള സമയം കൂടിയാണിത്. ഇരുമ്പഴിക്കുള്ളിൽ നിന്നും ജാമ്യം ലഭിച്ചു പുറത്തിറങ്ങുന്ന കാപ്പനെ കെട്ടിപ്പിടിച്ചു ഇരുകവിളിലും മുത്തം നൽകാനായി കാത്തിരിക്കുന്നു.

യു പി യിലെ ഹത്രസിൽ ബലാത്സംഗത്തിന് ഇരയായ ദലിത് പെൺകുട്ടിയുടെ വീട്ടിൽ വാർത്ത റിപ്പോർട്ട് ചെയ്യാനായി പോകവേയാണ്, യു.എ.പി.എ, ഇ.ഡി കുറ്റങ്ങൾ ചുമത്തപ്പെട്ട് സിദ്ധീഖ് കാപ്പൻ യു.പി പൊലീസിന്റെ പിടിയിലാകുന്നത്.

0 Comments

Leave a comment