/uploads/news/news_കെപിസിസി_മുൻ_സെക്രട്ടറി_എംഎ_ലത്തീഫിനെ_കോ..._1668944309_3109.jpg
EXCLUSIVE

മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി


തിരുവനന്തപുരം: മുൻ കെപിസിസി സെക്രട്ടറിയും, ജില്ലയിലെ പ്രമുഖ നേതാവുമായ എം എ ലത്തീഫിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. സംഘടനാവിരുദ്ധ പ്രവർത്തനത്തിന് സസ്പെൻഷനിലായിരുന്ന അദ്ദേഹത്തെ സസ്പെൻഷൻ കാലാവധി അവസാനിക്കാറായ ഘട്ടത്തിലാണ് പുറത്താക്കിയത്.

തലസ്ഥാനത്ത് കോൺഗ്രസിന്റെ സമരപരിപാടികൾക്ക് ചുക്കാൻ പിടിച്ചിരുന്ന ലത്തീഫിനെ ഒരുവർഷം മുമ്പാണ് കെ.പി.സി.സി സസ്പെൻഡ് ചെയ്തത്. ആറ് മാസത്തേക്കാണ് ആദ്യം സസ്പെൻഡ് ചെയ്തതെങ്കിലും കാരണം കാണിക്കൽ നോട്ടീസിന് ലത്തീഫ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞ് സസ്‌പെൻഷൻ നീട്ടി. അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശികതലത്തിൽ അനുയായികൾ പരസ്യമായി പ്രകടനം നടത്തി സമ്മർദം ചെലുത്തിയെങ്കിലും കെപിസിസി നേതൃത്വം വഴങ്ങിയില്ല.

പ്രതിപക്ഷ നേതാവിന്റെ മുതലപ്പൊഴി സന്ദർശനത്തിൽ നിന്ന് പ്രവർത്തകരെ വിലക്കിയതിനാണ്, നേരത്തെ ലത്തീഫിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.ഇതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന് പരാതി നൽകിയ യൂത്ത് കോൺഗ്രസ് സെക്രട്ടറിയെ കഴിഞ്ഞയാഴ്ച ലത്തീഫ് മർദ്ദിച്ചുവെന്ന പരാതിയിലാണ് പുറത്താക്കൽ നടപടി.

ബി.ജെ.പിക്ക് കുഴലൂത്ത് നടത്തുന്ന കെ.പി.സി.സി നേതൃത്വം ന്യൂനപക്ഷ സമുദായത്തിൽപെട്ടവരെയെല്ലാം കോൺഗ്രസിൽ നിന്ന് പുറത്താക്കുകയാണെന്ന് എം.എ. ലത്തീഫ് പ്രതികരിച്ചു. ഇനി മതേതര പ്രസ്ഥാനങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും, തലസ്ഥാന ജില്ലയിൽ വലിയൊരു അനുയായിവൃന്ദം ഉള്ള പ്രമുഖ എ ഗ്രൂപ്പ് നേതാവുമായിരുന്നു എം. എ. ലത്തീഫ്.

 

ബി.ജെ.പിക്ക് കുഴലൂത്ത് നടത്തുന്ന കെ.പി.സി.സി നേതൃത്വം ന്യൂനപക്ഷ സമുദായത്തിൽപെട്ടവരെയെല്ലാം കോൺഗ്രസിൽ നിന്ന് പുറത്താക്കുകയാണെന്ന് എം.എ. ലത്തീഫ്

0 Comments

Leave a comment