ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിലെ പ്രാദേശികവും വർഗപരവുമായ അസന്തുലിതാവസ്ഥ ഇല്ലാതാക്കാൻ, 1961ൽ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന വി.കെ കൃഷ്ണമേനോൻ ആരംഭിച്ചതാണ് സൈനിക് സ്കൂളുകൾ. ഇന്ത്യയുടെ പ്രതിരോധ സേനയിലേക്ക് യുവാക്കളെ മാനസികമായും ശാരീരികമായും അക്കാദമികമായും വളർത്തുക എന്നുള്ളതാണ് ഇതിന്റെ പ്രഥമ ഉദ്ദേശം. പ്രതിരോധ വകുപ്പിന് കീഴില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സൈനിക് സ്കൂളുകളുടെ നടത്തിപ്പും മോഡി സര്‍ക്കാര്‍ സംഘ്പരിവാറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നല്കിയിരിക്കുന്നു.
വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയുടെയും കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പുകളുടെയും അടിസ്ഥാനത്തില്‍ 'ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 33 സൈനിക് സ്കൂളുകളായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാൽ, പുതിയ ധാരണ പ്രകാരം സ്വകാര്യ പങ്കാളിത്തത്തോടുകൂടി 100 സ്കൂളുകൾ കൂടി ആരംഭിക്കാനാണ് നരേന്ദ്രമോദി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള സൈനിക് സ്കൂൾ സൊസൈറ്റിയാണു സ്കൂളുകൾ നടത്തുന്നത്. പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിലുള്ള ബോർഡ് ഓഫ് ഗവർണേർസിനു കീഴിലാണ് സൈനിക് സ്കൂൾ സൊസൈറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ബോഡി പ്രവർത്തിക്കുന്നത്.
സ്കൂളുകളുടെ കാര്യങ്ങളിൽ കൂടുതൽ സൂക്ഷ്മമായ മേൽനോട്ടവും നിയന്ത്രണവും നിർവഹിക്കാനായി പ്രതിരോധ സെക്രട്ടറി ചെയർമാനായി എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രവർത്തിക്കുന്നു. ഏപ്രിൽ മൂന്നിന് അസ്താ സവ്യസാചി റിപ്പോർട്ട്സ് കലക്ടീവിന്റെ ഭാഗമായി നടത്തിയ അന്വേഷണ റിപ്പോർട്ട് വിവരങ്ങൾ നാം ജാഗ്രതയോടെ മനസ്സിലാക്കേണ്ടതാണ്. സ്വകാര്യപങ്കാളിത്തത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ള സൈനിക് സ്കൂളുകളുടെ 62 ശതമാനവും നേരിട്ടും അല്ലാതെയും സംഘ്പരിവാറുമായും ബി.ജെ.പിയുമായും ബന്ധമുള്ള സംഘടനകൾക്കും വ്യക്തികൾക്കുമാണ് നൽകിയിട്ടുള്ളത്. 25 മുതൽ 30 ശതമാനം വരെ സൈനിക സ്കൂളുകളിൽ പരിശീലനം നേടിയിട്ടുള്ള ആളുകളാണ് പിന്നീട് കേന്ദ്രസേനയുടെ വിവിധ വിഭാഗങ്ങളിലേക്ക് സേവനത്തിനായി പ്രവേശിക്കുന്നത്.
ഇത്തരത്തിൽ സംഘ്പരിവാർ പ്രത്യയശാസ്ത്രവും ബി.ജെ.പി അനുകൂല നിലപാടുകളും വിത്തിട്ടു മുളപ്പിക്കുന്ന കേന്ദ്രങ്ങളായി സൈനിക് സ്കൂളുകൾ മാറും എന്നുള്ള കാര്യത്തിൽ തർക്കമില്ല. നിലവിൽ അനുവദിക്കപ്പെട്ട സൈനിക് സ്കൂളുകളിൽ ഒന്നുപോലും ക്രിസ്ത്യൻ അല്ലെങ്കിൽ മുസ്ലിം സംഘടനകളോ ഇന്ത്യയിലെ ഏതെങ്കിലും മതന്യൂനപക്ഷങ്ങളോ നടത്തുന്നതല്ല എന്നതുകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ കാതലായ പ്രതിരോധ സേനയിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതിനെതിരേ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അതോടൊപ്പം ഹിന്ദുത്വ പ്രത്യയശാസ്ത്രവും അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
അരുണാചലിൽ അനുവദിച്ച തവാങ് പബ്ലിക് സ്കൂൾ സംസ്ഥാന മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. സ്കൂളിന്റെ മാനേജിങ് ഡയറക്ടർ മുഖ്യമന്ത്രിയുടെ സഹോദരനുമാണ്. ഗുജറാത്തിലെ മെഹ്സാനയിൽ, ശ്രീ മോത്തിഭായ് ആർ. ചൗധരി സാഗർ സൈനിക് സ്കൂൾ ദൂദ്സാഗർ ഡയറിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. മെഹ്സാന മുൻ ബി.ജെ.പി ജനറൽ സെക്രട്ടറി അശോക് കുമാർ ഭവസംഗ്ഭായ് ചൗധരിയുടെ അധ്യക്ഷതയിലാണ് ഇത് പ്രവർത്തിക്കുന്നത്. ഗുജറാത്തിലെ മറ്റൊരു സ്കൂളായ ബനാസ് കാന്തയിലെ ബനാസ് സൈനിക് സ്കൂൾ നിയന്ത്രിക്കുന്നത് ബനാസ് ഡയറിക്ക് കീഴിലുള്ള ഗൽബാഭായ് നഞ്ചിഭായ് പട്ടേൽ ചാരിറ്റബിൾ ട്രസ്റ്റാണ്.
തരാഡിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയും ഗുജറാത്ത് നിയമസഭയുടെ ഇപ്പോഴത്തെ സ്പീക്കറുമായ ശങ്കർ ചൗധരിയാണ് സംഘടനയെ നയിക്കുന്നത്. ഉത്തർപ്രദേശിലെ ഇറ്റാവയിലെ ശകുന്തളം ഇന്റർനാഷനൽ സ്കൂൾ, ബി.ജെ.പി എം.എൽ.എ സരിത ബദൗരിയ അധ്യക്ഷയായ മുന്ന സ്മൃതി സൻസ്ഥാനാണ് നടത്തുന്നത്. ഹരിയാനയിലെ റോഹ്തക്കിലെ ശ്രീ ബാബ മസ്ത്നാഥ് റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ ഇപ്പോൾ ഒരു സൈനിക് സ്കൂളാണ്. മുൻ ബി.ജെ.പി എം.പി മഹന്ത് ചന്ദ്നാഥാണ് ഇതിന്റെ സ്ഥാപകൻ.മഹാരാഷ്ട്രയിൽ അനുവദിച്ച പത്മശ്രീ ഡോ. വിതൽ റാവു പാട്ടിൽ സ്കൂൾ 2019 ബി.ജെ.പിയിൽ ചേർന്ന മുൻ കോൺഗ്രസ് എം.എൽ.എ രാധാകൃഷ്ണ പാട്ടീലിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. മോദി-ആർഎസ്എസ് സാമ്പത്തിക സ്രോതസായ ഗൗതം അദാനിക്കും കിട്ടി സൈനിക് സ്കൂളുകളിൽ ഒരെണ്ണം. ആന്ധ്രയിലെ നെല്ലൂരിൽ അദാനി ഉടമസ്ഥതയിലുള്ള കൃഷ്ണപട്ടണം തുറമുഖത്തോട് ചേർന്ന് അദാനി ട്രസ്റ്റ് നടത്തുന്ന അദാനി വേൾഡ് സ്കൂളിനും സൈനിക് സ്കൂൾ നടത്താനുള്ള അനുമതി നൽകിയിട്ടുണ്ടെന്ന് അസ്താ സവ്യസാചി റിപ്പോർട്ട് പറയുന്നു.
വിവരാവകാശ റിപ്പോർട്ടുകൾ പ്രകാരം 2022 മുതൽ 2023 വരെ 40 സ്കൂളുകൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇത്തരത്തിൽ രൂപമാറ്റം വരുത്തുന്ന സ്കൂൾ ഒന്നിന് 1.2 കോടി കേന്ദ്രസഹായം ലഭിക്കും. ഇതിൽ 11 എണ്ണം ബി.ജെ.പി നേതാക്കളുടെ നേരിട്ടുള്ള ഉടമസ്ഥതയിലോ, അവരുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ കൈകാര്യം ചെയ്യുന്ന ട്രസ്റ്റുകൾക്കുമാണ് നൽകിയിട്ടുള്ളത്. 8 സൈനിക സ്കൂളുകൾ നേരിട്ട് ആർ.എസ്.എസിന്റെ സംഘടനകൾ നടത്തുന്നതാണ്. കൂടാതെ ആറെണ്ണം ഹിന്ദുത്വ സ്വഭാവമുള്ള സംഘടനകളും തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെയും നേതൃത്വത്തിലുള്ളതാണ്. സംഘ്പരിവാറിന്റെ വിദ്യാഭ്യാസ ശാഖയായ വിദ്യാഭാരതിക്ക് ഇത്തരം സ്കൂളുകൾ നൽകിയിട്ടുണ്ട്. ഹിന്ദുത്വ അജൻഡകൾ പ്രോത്സാഹിപ്പിക്കുന്നതിലും ചരിത്രം തിരുത്തുന്നതിലും മുസ്ലിം വിരോധം പ്രോത്സാഹിപ്പിക്കുന്നതിലും വിദ്യാഭാരതി സ്കൂളുകൾ മുൻപും വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്.
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അല്ലാതെയുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങൾ വലിയ രീതിയിലുള്ള അപകടം ഇന്ത്യയുടെ മതേതര ഭൂമികയിൽ ചെയ്യുമെന്ന രീതിയിലുള്ള അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്. വിദ്യാഭാരതി സ്കൂളുകൾ മുന്നോട്ടുവയ്ക്കുന്ന വികലമായ വിദ്യാഭ്യാസ സമ്പ്രദായം ഈ രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രമുഖ ചിന്തകർ അഭിപ്രായപ്പെടുന്നു. അപ്പോൾ പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കേണ്ട ചുമതലയുള്ള ഇന്ത്യൻ സേനയിലെ അംഗങ്ങൾ ഇത്തരം വികല വിദ്യാഭ്യാസത്തിന്റെ ശിഷ്യത്വം സ്വീകരിക്കുമ്പോൾ അത് മുന്നോട്ടുവയ്ക്കുന്ന അപകടം ചെറുതല്ല. നാഗ്പൂരിലെ സെൻട്രൽ ഹിന്ദു മിലിറ്ററി എജുക്കേഷൻ സൊസൈറ്റി നടത്തുന്ന ബോൺസാല മിലിറ്ററി സ്കൂളിന് സൈനിക സ്കൂൾ പദവി നൽകിയിരിക്കുന്നു. ഈ സ്കൂൾ 1937 ബി.എസ് മൂഞ്ചേ എന്ന തീവ്ര വലതുപക്ഷ നേതാവ് സ്ഥാപിച്ചതാണ്. 2006ലെ നന്ദേ ബോംബ് സ്ഫോടന കേസിലും 2008ലെ മാലേഗാവ് ബോംബ് സ്ഫോടന കേസിലും പ്രതികൾക്ക് പരിശീലനം നൽകി എന്നതിന്റെ പേരിൽ ഈ സ്കൂളിൽ അന്വേഷണ വിധേയമായി തെരച്ചിൽ നടത്തിയിരുന്നു. ഹിന്ദു നേതാവ് സാധ്വി ഋതംഭരയുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്കൂളുകൾ സൈനിക് സ്കൂളുകൾ ആക്കി മാറ്റിയിരുന്നു.
ഹിന്ദുത്വ ഗ്രൂപ്പായ വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുർഗ്ഗ വാഹിനിയുടെ സ്ഥാപകയാണ് ഋതംഭര. രാമജന്മഭൂമി പ്രസ്ഥാനത്തിലെ പ്രധാന വ്യക്തിയായിരുന്നു. ഋതംഭര നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളുടെ ചരിത്രം രാജ്യത്തിന് സുപരിചിതമാണ്. ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ലിബർഹാൻ കമ്മിഷൻ റിപ്പോർട്ടിൽ പോലും രാജ്യത്തിന്റെ മതസൗഹാർദം തകർക്കുന്നതിന് പ്രവർത്തിച്ച 68 ആളുകളിൽ ഒരാളായിരുന്നു സാധ്വി ഋതംഭര. ഇന്ത്യയിൽ കാവിവൽക്കരണം എന്ന ഒരു പദം പോലും സാധാരണമായ കാലത്ത് ഇത്തരം അനുഭവങ്ങൾ തുടർച്ചയാകുന്നു. വിത്തുമുതൽ വളമിടുക എന്നതിന് പകരം വിത്ത് മുതൽ വിഷമിടുക എന്ന പ്രത്യേക ശാസ്ത്രം സംഘ്പരിവാർ വിദ്യാഭ്യാസ മേഖലയിൽ കൂടി നടപ്പിലാക്കി കൊണ്ടിരിക്കുന്നു.
പാഠപുസ്തകങ്ങൾ തിരുത്തുന്നതും ചരിത്രം വളച്ചൊടിക്കുന്നതും സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് ഹിന്ദുത്വത്തിന്റെ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതും ഈ കാവിവൽക്കരണത്തിന്റെ ആക്കം കൂട്ടുന്നു. സൈനിക് സ്കൂളുകൾ ഇത്തരത്തിൽ സംഘ്പരിവാർ ആശയങ്ങൾക്ക് തീറെഴുതി കൊടുക്കുമ്പോൾ അത് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെയും ചോദ്യം ചെയ്യുന്നു. അത് കേവലം ആശയപ്രചാരണം മാത്രമല്ല. കാരണം സേനയിലെ പ്രാദേശികവും വർഗപരവുമായ അവസ്ഥകൾ ഇല്ലാതാക്കാൻ വേണ്ടി ആരംഭിച്ച സൈനിക് സ്കൂളുകൾ അത്തരം സമത്വം ഇല്ലായ്മയുടെ കേന്ദ്രങ്ങളായി മാറും എന്നുള്ളത്തിൽ സംശയം വേണ്ട. രാജ്യത്തെ സേവനം ചെയ്യാൻ തയാറെടുക്കുന്ന ആളുകൾ ആശയപരമായി തങ്ങളുടെ മസ്തിഷ്കങ്ങളിലേക്ക് മനുഷ്യത്വരഹിതമായ അസമത്വത്തിന്റെയും അനാചാരങ്ങളുടെയും പ്രത്യയശാസ്ത്രങ്ങൾ നിറയ്ക്കുന്നു എന്നുള്ളത് അങ്ങേയറ്റം അപകടകരമാണ്.
ഇത്തരം മാറ്റങ്ങൾ ചോദ്യം ചെയ്യപ്പെടുകയും തിരുത്തപ്പെടുകയും ചെയ്തില്ലെങ്കിൽ എക്കാലത്തും നാം ഏറെ പ്രാധാന്യത്തോടെ കൊട്ടിഘോഷിച്ച രാജ്യത്തിന്റെ അഖണ്ഡതയും പ്രതിരോധത്തിന്റെ കെട്ടുറപ്പുമെല്ലാം സംഘ്പരിവാർ പാളയത്തിലെ കേവലം അടിമകളെ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ മാത്രമായി ചുരുക്കപ്പെടും. രാജ്യത്തിന്റെ സൈന്യത്തെ കരാര്‍ വല്‍ക്കരണത്തിലൂടെ കാവിവല്‍ക്കരിക്കുന്നതിന് നടപടിയെടുത്തതിന് പിന്നാലെയാണ് സൈനിക് സ്കൂളുകളെയും തീവ്ര ഹിന്ദുത്വ സംഘടനകളുടെ കയ്യിലെത്തിച്ചിരിക്കുന്നത്. ഈ പ്രവണത അത്യന്തം അപകടകരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം മാറ്റങ്ങൾ ചോദ്യം ചെയ്യപ്പെടുകയും തിരുത്തപ്പെടുകയും ചെയ്തില്ലെങ്കിൽ എക്കാലത്തും നാം ഏറെ പ്രാധാന്യത്തോടെ കൊട്ടിഘോഷിച്ച രാജ്യത്തിന്റെ അഖണ്ഡതയും പ്രതിരോധത്തിന്റെ കെട്ടുറപ്പുമെല്ലാം സംഘ്പരിവാർ പാളയത്തിലെ കേവലം അടിമകളെ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ മാത്രമായി ചുരുക്കപ്പെടും.





0 Comments