/uploads/news/news_ഈ_വർഷത്തെ_ബീമാപള്ളി_ഉറൂസിന്റെ_തീയതി_പ്രഖ..._1731496001_6280.jpg
Festivals

ഈ വർഷത്തെ ബീമാപള്ളി ഉറൂസിന്റെ തീയതി പ്രഖ്യാപിച്ചു


തിരുവനന്തപുരം: ഈ വർഷത്തെ ബീമാപള്ളി ഉറൂസ് ഡിസംബർ മൂന്ന് മുതൽ 13 വരെ നടക്കും. ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. സെക്രട്ടേറിയേറ്റ് അനക്‌സ് രണ്ടിലെ ലയം ഹാളിൽ ചേർന്ന യോഗത്തിൽ ആന്റണി രാജു എം.എൽ.എ സന്നിഹിതനായിരുന്നു.

തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനും മുൻ വർഷത്തെക്കാൾ മികച്ച രീതിയിൽ ഉറൂസ് നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

ഉറൂസ് നടത്തിപ്പിന്റെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സബ് കളക്ടർ ആൽഫ്രഡ് ഒ.വിയെ നോഡൽ ഓഫീസറായി യോഗം ചുമതലപ്പെടുത്തി. ഉറൂസ് പ്രമാണിച്ച് ഡിസംബർ മൂന്നിന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിക്കും. തീർത്ഥാടകരുടെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി കൂടുതൽ പോലീസുകാരെ വിന്യസിക്കുന്നതിനും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും. ബീമാപള്ളിയിലേക്കുള്ള റോഡുകളുടെയും തെരുവ് വിളക്കുകളുടെയും അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കും. മേഖലയിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനും യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ കളക്ടർ അനുകുമാരി, സബ്കളക്ടർ ആൽഫ്രഡ് ഒ.വി, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ, ഡി.സി.പി ബി.വി വിജയ് ഭാരത് റെഡ്ഡി, കൗൺസിലർമാരായ ജെ. സുധീർ, മിലാനി പെരേര, ബീമാപള്ളി ജമാഅത്ത് പ്രസിഡന്റ് എം.പി അസീസ്, ജനറൽ സെക്രട്ടറി ബാദുഷ സെയ്‌നി തുടങ്ങിയവരും പോലീസ്, ആരോഗ്യം, ജലസേചനം,കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, അഗ്നിരക്ഷാസേന, എക്‌സൈസ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരം കോർപ്പറേഷൻ ഉദ്യോഗസ്ഥരും പങ്കെടുത്തു.

തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും മുൻ വർഷത്തെക്കാൾ മികച്ച രീതിയിൽ ഉറൂസ് നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് മന്ത്രി ജി. ആർ അനിൽ നിർദേശം നൽകി.

0 Comments

Leave a comment