കഴക്കൂട്ടം: നമ്മുടെ സഹോദരങ്ങൾ പലരും ദുരന്ത ഭൂമിയിലാണുള്ളത്. ഉറ്റവരുടെയും ഉടയവരുടെയും ചലനമറ്റ ശരീരങ്ങൾ മണ്ണിനടിയിൽ നിന്നും കണ്ടെത്താനുള്ള ശ്രമത്തിലാണവർ. ഭാവികാല ജീവിതത്തിനു വേണ്ടി കരുതി വച്ചതെല്ലാം വിധി തട്ടിയെടുത്തപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് നമ്മുടെ കൂടപ്പിറപ്പുകൾ. ലക്ഷത്തിൽപ്പരം സഹോദരങ്ങളാണ് അഭയാർത്ഥി ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നത്. കരൾ പിളർക്കുന്ന കാഴ്ചകളാണ് ദുരന്ത ഭൂമിയിൽ നിന്നും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സ്നേഹത്തിന്റെയും സഹായത്തിന്റെയും ഹസ്തങ്ങളുമായി നാം അവരോടൊപ്പം ചേർന്നു നിൽക്കണം. ജാതി മത കാഴ്ചപ്പാടുകൾക്കപ്പുറം മനുഷ്യത്വത്തിന് ഊന്നൽ നൽകി നാം ഒന്നായി നിൽക്കേണ്ട നിമിഷങ്ങളാണിത്.. കണ്ണീരിൻ കുതിർന്ന ഈദു ദിനമാണിന്ന്.....പ്രതിസന്ധികളെ ക്ഷമാപൂർവ്വം തരണം ചെയ്യാൻ പ്രപഞ്ച നാഥനായ പടച്ച തമ്പുരാൻ നമുക്കെല്ലാപേർക്കും ഉൾക്കരുത്ത് നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ജീവിത യാത്രയിൽ കടന്നു വന്ന കടുത്ത പരീക്ഷണങ്ങളെ കീഴടക്കി വിജയം വരിച്ച ഹസ്രത്ത് ഇബ്രാഹിം നബി (അ) - യുടെ ജീവിത ചര്യകൾ നമ്മുടെ ജീവിതത്തിന് കൂടുതൽ വെളിച്ചം പകരുന്നതിന് കാരണമാകട്ടെ. ഒരു നിമിഷം.... ആഗോള തലത്തിൽ 170 കോടിയിൽപരം മുസ്ലിമീങ്ങൾ ഇന്ന് ഈദ് ആഘോഷിക്കുകയാണ്... വിശ്വമാനവികതയുടെയും സമത്വത്തിന്റെയും സാഹോദര്യ ബോധത്തിന്റെയും മഹത്തായ സന്ദേശം വിളംബരം ചെയ്യുന്ന ആഘോഷ ദിനം കൂടിയാണ് ഇത്. ഏക ദൈവ വിശ്വാസത്തിന്റെ സംസ്ഥാപനത്തിനും വ്യാപനത്തിനും ഉന്നതമായ ജീവിത ആദർശത്തിന്റെ നിലനിൽപ്പിനും സമർപ്പണ മനസോടെ അഗ്നിപരീക്ഷണങ്ങളെ അതിജയിച്ച ആദർശ പിതാവായ ഇബ്രാഹിം നബിയെയും കുടുംബത്തെയും അനുസ്മരിച്ചു കൊണ്ടാണ് ത്യാഗത്തിന്റെ സ്മരണകൾ പുതുക്കി ഈദ് ദിനം വന്നണയുന്നത്. ഇസ്ലാമിന്റെ കർമ്മാനുഷ്ഠാനങ്ങളിൽ വളരെ പ്രധാനപ്പെട്ട ഹജ്ജ് കർമ്മത്തോടനുബന്ധിച്ചാണ് ബലി പെരുന്നാളിന്റെ ആഘോഷങ്ങൾ നിലകൊള്ളുന്നത്. വർണ്ണത്തിനും വർഗ്ഗത്തിനും ദേശത്തിനും ഭാഷക്കും കുലമഹിമയ്ക്കും പരിഗണനയില്ലാത്ത സമത്വത്തിന്റെയും മാനവ ഐക്യത്തിന്റെയും സന്ദേശം വിളംബരം ചെയ്യുന്ന വിശിഷ്ടമായ ആരാധനാ കർമ്മമാണ് ഹജ്ജ്. ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറിൽപ്പരം രാജ്യങ്ങളിൽ നിന്നായി 20 ലക്ഷത്തോളം ഹാജിമാർ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ പങ്കെടുത്തു. പണ്ഡിതനും, പാമരനും, ധനികനും, ദരിദ്രനും, രാജാവും, പ്രജയും, മുതലാളിയും, തൊഴിലാളിയും വേർതിരിവില്ലാതെ ഒന്നായി ചേർന്നു നിൽക്കുന്ന ചിത്രമാണ് അറഫയിൽ കണ്ടത്. "നിങ്ങളെല്ലാം ആദമിൽ നിന്നും. ആദമോ മണ്ണിൽ നിന്ന് " എന്ന പ്രവാചക വചനത്തിന്റെ പൂർണ്ണത അറഫാ സംഗമത്തിൽ പ്രകടമായിരുന്നു. കറുത്തവനും വെളുത്തവനും ചുമന്ന നിറമുള്ളവനും ഒന്നായി മാറി, നിറങ്ങൾക്കും പേരിനും പെരുമയ്ക്കും യാതൊരു മഹത്വവുമില്ല. ഹജ്ജിന്റെ കർമ്മങ്ങളിൽ ബന്ധപ്പെടുന്നതിനു മുമ്പ് മുന്തിയ ഇനം വസ്ത്രങ്ങൾ ധരിച്ചിരുന്ന ഹാജിമാർ അതെല്ലാം ഒഴിവാക്കി തുന്നപ്പെടാത്ത രണ്ടു വെള്ള വസ്ത്രങ്ങൾ മാത്രം ധരിച്ച് അവർ വേഷത്തിലും ഒന്നായി മാറി. വിവിധ ഭാഷകൾ സംസാരിച്ചുകൊണ്ടിരുന്ന ഹാജിമാർ ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് (രക്ഷിതാവേ നിന്റെ വിളിക്ക് ഞങ്ങളിതാ ഉത്തരം നൽകിയിരിക്കുന്നു) എന്നു പ്രഖ്യാപിച്ചു കൊണ്ട് അവർ ഭാഷയിലും ഒന്നായി മാറി. ഭൂഖണ്ഡങ്ങളും രാജ്യാതിർത്തികളും മലമടക്കുകളും സമുദ്രാതിർത്തികളും താണ്ടിക്കടന്ന് അറഫാ മൈതാനിയിൽ സംഗമിച്ച വിവിധ രാജ്യങ്ങളിലെ പ്രസിഡൻറുമാർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ഗവർണ്ണർമാർ, കായിക താരങ്ങൾ, മഹാ പണ്ഡിതൻമാർ, എഴുത്തുകാർ, കവികൾ ' ബുദ്ധിജീവികൾ ' കൃഷിക്കാർ, കച്ചവടക്കാരക്കാർ, തൂപ്പുകാർ, സാധാരണക്കാർ അടക്കം ജീവിതത്തിന്റെ വിവിധ മേഘലകളിൽ കഴിഞ്ഞിരുന്നവർ യാതൊരകൽച്ചയുമില്ലാതെ ഒത്തൊരുമയോടെ ഒന്നായിച്ചേർന്ന് സാഹോദര്യ ബോധത്തിന്റെ മഹനീയ മാതൃക ഹജ്ജ് കർമ്മത്തിലൂടെ ലോകത്തിനു പകർന്നു നൽകി. വംശീയതയും വർഗ്ഗീയതയും ഉച്ച നീചത്വങ്ങളും ഇന്ന് മാനവ ഐക്യത്തിന് ഭീഷണിയായി നില കൊള്ളുന്നു. പരസ്പരം അറിയാനും കൂടുതൽ അടുക്കുവാനും, വിഭവങ്ങളും മെച്ചപ്പെട്ട ആശയങ്ങളും പരസ്പരം പങ്കു വെയ്ക്കാനുമുള്ളതാവണം നമ്മുടെ ആഘോഷ സുദിനങ്ങൾ. ഇന്ത്യ പോലെ ജനകോടികൾ താമസിക്കുന്ന ബഹുസ്വര സമൂഹത്തിൽ മാനവമൈത്രിയും സ്നേഹ-സാഹോദര്യ ബോധവും ഊട്ടിയുറപ്പിക്കാൻ പര്യാപ്തമായ നിലയിൽ ഈ ധന്യ നിമിഷങ്ങളെ ഉപയോഗപ്പെടുത്തണം. ആഘോഷങ്ങളെ ആലസ്യതയിലും മദ്യ സൽക്കാരത്തിലും നശിപ്പിച്ചു കളയുന്ന ഈ കാലഘട്ടത്തിൽ മനുഷ്യത്വവും ധാർമ്മികതയും ഉയർത്തിപ്പിടിക്കാൻ ഊന്നൽ നൽകുന്നതാകണം നമ്മുടെ ആഘോഷങ്ങൾ. എല്ലാപേർക്കും ഹൃദ്യമായ ബലിപെരുന്നാൾ ആശംസകൾ....... കെ.എ.ഹാരിസ് മൗലവി റഷാദി കരുനാഗപ്പള്ളി (ഇമാം കഴക്കൂട്ടം മുസ്ലിം ജമാഅത്ത്)
കണ്ണുനീരിൽ കുതിർന്ന ഈദ്.... കെ.എ.ഹാരിസ് മൗലവി റഷാദി





0 Comments