കഴക്കൂട്ടം: കാണികളുടെ കണ്ണും മനസ്സും ആർദ്രമാക്കുവാൻ അപാരമായ കഴിവുകളുടെ സമ്മേളനവുമായി ഭിന്നശേഷിക്കുട്ടികളുടെ സഹയാത്ര ഒക്ടോബർ 2 വൈകുന്നേരം 6 മണിയ്ക്ക് അരങ്ങേറും. ഭിന്നശേഷിക്കുട്ടികളോട് സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ആരോഗ്യപരമായ മാറ്റം വരുത്തുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കുയർത്തുന്നതിനുമായി ചന്തവിള, മാജിക്ക് പ്ലാനറ്റിലെ, ഡിഫറന്റ് ആർട്ട് സെന്ററിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സഹയാത്ര എന്ന പദ്ധതിയുടെ ഭാഗമായാണ് ഭിന്നശേഷിക്കുട്ടികളുടെ ഈ തത്സമയ കലാസന്ധ്യ യൂട്യൂബ് വഴി പ്രദർശനത്തിനൊരുങ്ങുന്നത്. സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും ഓട്ടിസം, സെറിബ്രൽ പൾസി, വിഷാദ രോഗം, ഹൈപ്പർ ആക്ടിവിറ്റി, ഇന്റലക്ച്വൽ ഡിസെബിലിറ്റി, കാഴ്ച-കേൾവി പരിമിതർ, ഒസ്റ്റോ ജെനിസിസ് ഇംപെർഫെക്ട തുടങ്ങിയ വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത നൂറ്റിയമ്പതോളം ഭിന്നശേഷിക്കുട്ടികളാണ് സഹയാത്രയുടെ മുഖ്യആകർഷണം. 2 മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യ വിരുന്നിൽ മുൻ മന്ത്രി കെ.കെ.ശൈലജ ടീച്ചർ, മോഹൻലാൽ, കെ.എസ്.ചിത്ര, മഞ്ജു വാര്യർ, ജി.വേണുഗോപാൽ, മഞ്ജരി, മുരുകൻ കാട്ടാക്കട, ഭിന്നശേഷി മേഖലയിൽ നിന്നും പ്രശസ്തരായ ധന്യാ രവി, സ്വപ്ന അഗസ്റ്റിൻ, നൂർ ജലീല, ആദിത്യാ സുരേഷ് എന്നിവരും ഭാഗമാകും. ചലച്ചിത്ര സംവിധായകൻ പ്രജേഷ് സെൽ ആണ് പരിപാടിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇന്ദ്രജാലം, ക്ലാസിക്കൽ നൃത്ത രൂപങ്ങൾ, ഫ്യൂഷൻ ഡാൻസ്, കവിത ദൃശ്യാവിഷ്കാരം, ഇരുപത്തിയഞ്ചോളം സംഗീത ഉപകരണങ്ങൾ ചേർന്നുള്ള ഫ്യൂഷൻ മ്യൂസിക്, സിനിമാറ്റിക് ഡാൻസ്, മിമിക്രി, സംഗീത വിരുന്ന്, മാർഷ്യൽ ആർട്ട്സ്, പഞ്ചവാദ്യം തുടങ്ങി നിരവധി കലാവിഷ്കാരങ്ങൾ പരിപാടിക്ക് മിഴിവേകും. എച്ച്.ഡി ക്വാളിറ്റിയിൽ ഏഴോളം ക്യാമറകളാണ് കുട്ടികളുടെ കഴിവുകൾ ഒപ്പിയെടുക്കുന്നത്. അത്യാധുനിക സാങ്കേത വിദ്യകളും ശബ്ദ-പ്രകാശത്തിന്റെ നൂതന സാധ്യതകളും ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലാണ് ഷോ ഒരുങ്ങുന്നത്. പരിപാടിയുടെ സൗജന്യ രജിസ്ട്രേഷനായി www.differentartcentre.com/sahayathra എന്ന സൈറ്റ് സന്ദർശിക്കുക. സഹയാത്ര പരിപാടിയിൽ പങ്കെടുക്കുന്നതിനായി ലോകമെമ്പാടു നിന്നും അറുനൂറോളം അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളും ഡി.എ.സിയിലെ നൂറോളം കുട്ടികളും ചേർന്നാണ് കലാവിരുന്നൊരുക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സഹയാത്ര പരിപാടിയുടെ പരിശീലനങ്ങൾ മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്ററിലെ വിവിധ വേദികളിൽ നടന്നു വരികയാണ്.
കലാവൈഭവങ്ങളുടെ വിസ്മയക്കാഴ്ചകളൊരുക്കി ഭിന്നശേഷിക്കുട്ടികളുടെ സഹയാത്ര ഒക്ടോബര് 2 ന്





0 Comments