കഴക്കൂട്ടം: ഭിന്നശേഷിക്കുട്ടികളോട് സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ആരോഗ്യപരമായ മാറ്റം വരുത്തുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയർത്തുന്നതിനുമായി ഡിഫറന്റ് ആർട്ട് സെന്ററിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സഹയാത്ര എന്ന പദ്ധതിയുടെ ഭാഗമായൊരുക്കുന്ന ഓൺലൈൻ കലാസന്ധ്യയ്ക്ക് പിന്തുണയുമായി പിന്നണി ഗായിക മഞ്ജരി ഡിഫറന്റ് ആർട്ട് സെന്ററിലെത്തും. പരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കുട്ടികൾക്ക് സംഗീത പരിശീലനം നൽകുവാനായി നാളെ (ചൊവ്വ) ഉച്ചയ്ക്ക് 1 മണിയോടെയാണ് മഞ്ജരിയെത്തുന്നത്. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എം.അഞ്ജന ഐ.എ.എസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പങ്കെടുക്കും. കഴിഞ്ഞ ഒരാഴ്ചക്കാലമായി സഹയാത്ര പരിപാടിയുടെ ഭാഗമായി ഡിഫറന്റ് ആർട്ട് സെന്ററിൽ വിവിധ കലാപരിപാടികളുടെ പരിശീലനങ്ങൾ നടന്നു വരികയാണ്. ഇന്ദ്രജാലം, ക്ലാസിക്കൽ നൃത്തരൂപങ്ങൾ, ഫ്യൂഷൻ ഡാൻസ്, കവിത ദൃശ്യാവിഷ്കാരം, ഇരുപത്തിയഞ്ചോളം സംഗീത ഉപകരണങ്ങൾ ചേർന്നുള്ള ഫ്യൂഷൻ മ്യൂസിക്, സിനിമാറ്റിക് ഡാൻസ്, മിമിക്രി, സംഗീത വിരുന്ന്, മാർഷ്യൽ ആർട്സ്, പഞ്ചവാദ്യം തുടങ്ങി നിരവധി കലാവിഷ്കാരങ്ങളാണ് സഹയാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 2 ന് വൈകുന്നേരം 6 മണിയ്ക്ക് യു ട്യൂബ് വഴിയാണ് പരിപാടി തത്സമയം പ്രദർശിപ്പിക്കുന്നത്. മുൻ മന്ത്രി കെ.കെ.ശൈലജ ടീച്ചർ, മോഹൻലാൽ, കെ.എസ് ചിത്ര, മഞ്ജു വാര്യർ, ജി.വേണുഗോപാൽ, മഞ്ജരി, മുരുകൻ കാട്ടാക്കട, ഭിന്നശേഷി മേഖലയിൽ നിന്നും പ്രശസ്തരായ ധന്യാ രവി, സ്വപ്ന അഗസ്റ്റിൻ, നൂർ ജലീല, ആദിത്യാ സുരേഷ് എന്നിവരും ഭിന്നശേഷിക്കുട്ടികൾക്കൊപ്പം സഹയാത്രയുടെ ഭാഗമാകും.
ഭിന്നശേഷിക്കുട്ടികളുടെ സഹയാത്രയ്ക്ക് സംഗീത സ്പര്ശമേകാന് ഗായിക മഞ്ജരിയും





0 Comments