തിരുവനന്തപുരം: സ്ത്രീകളുടെ ഉത്സവമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഈ വർഷം ഏകദേശം 40 ലക്ഷം ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും പ്രതീക്ഷിക്കുന്നത് കൊണ്ട് തന്നെ അപകടമുണ്ടായാൽ ചിലപ്പോൾ വൻ ദുരന്തമായിരിക്കും ഫലം. അതിനാൽ അപകടസാധ്യത ദുരീകരിക്കാൻ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശമുണ്ട്. ലക്ഷങ്ങൾ ആഘോഷിക്കുന്ന ആറ്റുകാൽ പൊങ്കാലയിലെ ഏറ്റവും കൂടുതൽ സാധ്യതയുള്ള ദുരന്തങ്ങളിൽ ഒന്നാണ് തീപിടുത്തം. ഇത്തരം ദുരന്തങ്ങൾ തടയാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ സാഹചര്യത്തിൽ തീപിടുത്തവുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ: പൊങ്കാലയിടുമ്പോൾ നേർത്ത സിന്തറ്റിക് വസ്ത്രങ്ങളോ അയഞ്ഞ വസ്ത്രങ്ങളോ ഉപയോഗിക്കാതിരിക്കുക. മുടി പുറകിലാക്കി കെട്ടി വെക്കുക. ചെറിയ കുട്ടികൾ പൊങ്കാലയടുപ്പിൽ തൊടാതെ ശ്രദ്ധിക്കുക. തൊട്ടടുത്ത പൊങ്കാലയടുപ്പുകളിൽ നിന്ന് തീ പടർന്നു പിടിക്കാതിരിക്കാൻ സൂക്ഷിക്കുക. പൊള്ളലേറ്റാൽ കാത്തു നിൽക്കാതെ ഉടനെ പോലീസിന്റെയോ വോളന്റീർമാരുടെയോ സഹായം തേടി തൊട്ടടുത്ത മെഡിക്കൽ യൂണിറ്റിൽ ചികിത്സ തേടുക. ടൂത്പേസ്റ്റ്, നാടൻ മരുന്നുകൾ, ഐസ്സ് തുടങ്ങിയവ പൊള്ളലേറ്റ ഭാഗത്തു പുരട്ടാതിരിക്കുക.മുൻ വർഷങ്ങളിലെ പോലെ ഈ കൊല്ലവും വേനൽ ചൂട് കഠിനം ആണ്. പൊങ്കാലയ്ക്ക് എത്തിച്ചേരുന്നവർ സൂര്യാഘാതം ഏൽക്കാതിരിക്കുവാൻ പ്രത്യേക മുൻകരുതലുകൾ എടുക്കുന്നത് ഉചിതമാണ്. തണലുള്ള ഇടങ്ങളിൽ പൊങ്കാല അടുപ്പ് കൂട്ടാൻ ശ്രമിക്കുക. വെയിലേൽക്കാതിരിക്കാൻ തോർത്തുമുണ്ടോ, തൊപ്പിയോ ഉപയോഗിക്കാം. കട്ടി കുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഉയർന്ന അന്തരീക്ഷ താപവും പൊങ്കാല അടുപ്പുകളിൽ നിന്നും ഉയരുന്ന പുകയും ശരീരത്തിലെ ജലാംശം കുറയ്ക്കുന്നതിനാൽ ധാരാളം വെള്ളം കുടിക്കുക. നിർജലീകരണം മൂലം ശരീരത്തിലെ ധാതു ലവണങ്ങൾ നഷ്ടമാവാൻ സാധ്യതയുള്ളതിനാൽ ഒ.ആർ.എസ് പാക്കറ്റുകൾ, നാരങ്ങ, ഉപ്പ്, ഗ്ളൂക്കോസ് എന്നിവ കയ്യിൽ കരുതുക. സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ ഒരു നനഞ്ഞ തുണി കയ്യിൽ കരുതാവുന്നതാണ്. ക്ഷീണം, തലവേദന, ചർദ്ദി, വരണ്ട ചർമ്മം, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ. ഇവ അനുഭവപ്പെട്ടാൽ രോഗിയെ ഒരു നിരപ്പായ പ്രതലത്തിൽ കിടത്തുക. ചൂട് കുറക്കാൻ വീശി കൊടുക്കുക. എത്രയും വേഗം വൈദ്യസഹായം തേടുക. കൂടാതെ അടിയന്തര ഘട്ടമുണ്ടായാൽ പോലീസ്-112, അഗ്നിശമന സേന-101, ആമ്പുലൻസ്-108, ദുരന്ത നിവാരണ കൺട്രോൾ റൂം: 1077 / 1070 എന്നീ ഫോൺ നമ്പറുകൾ ഉപയോഗിക്കുക.
ആറ്റുകാൽ പൊങ്കാല- കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശം.





0 Comments