ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികളുടെ രണ്ട് സുപ്രധാന ആഘോഷങ്ങളിലൊന്നാണ് ഈദ് ഉൽ-അള്ഹ (ആത്മാർപ്പണത്തിന്റെ ആഘോഷം) അഥവാ ബലിപ്പെരുന്നാൾ. പ്രവാചകനായ ഇബ്രാഹിം നബി, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മാഈൽ നബിയെ ദൈവകല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും ഇബ്രാഹിം നബിയുടെ ത്യാഗസന്നദ്ധത കണ്ട് മകന് പകരം ആടിനെ ബലി നല്‍കാന്‍ അള്ളാഹു നിര്‍ദേശിച്ചതായാണ് വിശ്വാസം.
പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിന് ബലിപ്പെരുന്നാൾ എന്ന് പേരു വന്നത്. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലിപ്പെരുന്നാൾ എന്നാണ് ഇസ്ലാമിക വിശ്വാസം. ഇതിന്റെ പ്രതീകമായി ഇസ്‌ലാം മതവിശ്വാസികൾ അന്നേദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗബലി നടത്താറുണ്ട്.
റമളാനിലെ ഒരു മാസത്തെ പകൽ സമയ കഠിനവ്രതത്തിന് പരിസമാപ്തി കുറിച്ചു വരുന്ന ആഘോഷദിനമായ ഈദുൽ ഫിത്തർ ചെറിയ പെരുന്നാളായും, ഇന്നത്തെ ബലിപ്പെരുന്നാൾ വലിയ പെരുന്നാളുമായാണ് കേരളത്തിൽ ആഘോഷിക്കുന്നത്. ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
പള്ളികളും ഈദ്ഗാഹുകളും സുബഹി നമസ്‌കാരം മുതൽതന്നെ തക്ബീർ മുഖരിതമാണ്. പെരുന്നാൾ നമസ്‌കാരത്തിന് മുൻപ് ഇമാമുമാരുടെ പെരുന്നാൾ സന്ദേശ പ്രഭാഷണവും ഉണ്ടാകും. രാവിലെ ഏഴു മണിക്ക് മുൻപാണ് മിക്കയിടത്തും പെരുന്നാൾ നമസ്‌കാരം.
ഇസ്ലാമിക കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ് ദുൽ ഹജ്ജ്. (ദുൽ ഹിജ്ജ എന്ന് അറബിക് ഉച്ചാരണം). ഇസ്ലാം മതത്തിലെ നിർബന്ധ അനുഷ്ഠാന കർമ്മമായ ഹജ്ജിന്റെ പ്രധാന കർമ്മങ്ങൾ നടക്കുന്നത് ഈ മാസത്തിലാണ്. അതിനാൽ ബലിപ്പെരുന്നാളിന് ഹജ്ജ് പെരുന്നാൾ എന്നും പറയാറുണ്ട്. ഹജ്ജ് കര്‍മ്മത്തിന്‍റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍. ഈദ് നമസ്കാരത്തിന് ശേഷം വിശ്വാസികള്‍ ബലി കര്‍മ്മം നിര്‍വഹിക്കും. പിന്നീട് ബന്ധുക്കളെ സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറി പെരുന്നാള്‍ ആഘോഷത്തിന്‍റെ നിറവിലേക്ക്.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ പുത്രനായ ഇസ്മാഈൽ നബിയെ അല്ലാഹുവിന്റെ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലിപ്പെരുന്നാൾ.





0 Comments