മാനവീയം വീഥി, തിരുവനന്തപുരം: വിത്ത് നട്ട് നിമിഷങ്ങള്‍ക്കം വന്‍മരത്തെ സൃഷ്ടിച്ച് തെരുവു മാന്ത്രികന്‍ റുസ്തം അലി ചുറ്റും നിന്ന കാണികളെ അമ്പരപ്പിച്ചു. വിത്ത് നട്ട് ദിവസങ്ങള്‍ പലതു കഴിഞ്ഞു വേണം തളിര്‍നാമ്പുകള്‍ ഭൂമിക്ക് മുകളിലെത്താന്‍. എന്നാല്‍ ഇവിടെ മാന്ത്രികന്‍ മാങ്ങയണ്ടി നട്ട് നിമിഷങ്ങള്‍ക്കുള്ളിലാണ് ഒരു വൃക്ഷത്തെ സൃഷ്ടിച്ചത്. മാവില്‍ നിന്നും മാങ്ങ അടര്‍ത്തിയെടുത്ത് കാണികള്‍ക്ക് സമ്മാനിച്ചപ്പോള്‍ അത്ഭുതത്തിന്റെ കരഘോഷം ഉയര്‍ന്നു.
മാജിക് പ്ലാനറ്റിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാനവീയം വീഥിയില്‍ സംഘടിപ്പിച്ച മാജിക് കാര്‍ണിവല്‍ പരിപാടിയിലാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ മാംഗോ ട്രീ ആക്ട് അരങ്ങേറിയത്. മെയ് വഴക്കത്തിന്റെ അതിശയിപ്പിക്കുന്ന അക്രോബാറ്റിക്, ജഗ്ലിംഗ് പ്രകടനങ്ങള്‍ കൊണ്ട് മണിപ്പൂരി കലാകാരന്മാരും ഒത്തുചേര്‍ന്നപ്പോള്‍ മാനവീയം വീഥി അക്ഷരാര്‍ത്ഥത്തില്‍ ഉത്സവലഹരിയിലായി. മാജിക് പ്ലാനറ്റിലെ കലാപ്രവര്‍ത്തകരുടെ സംഗീതവും നൃത്തവും ഫ്യൂഷന്‍ മ്യൂസിക്കുമൊക്കെ ഒന്നിനു പിറകെ ഒന്നായി രണ്ടു വേദികളിലായി അവതരിപ്പിച്ചത് കൂടുതല്‍ മിഴിവേകി.
ജാലവിദ്യയുടെ വകഭേദങ്ങളായ മെന്റലിസം, ക്ലോസപ്പ്, വാക്ക് എറൗണ്ട് ജാലവിദ്യകള്‍ എന്നിവയ്ക്കു പുറമെ ഫ്‌ളാഷ് മോബുകള്‍, ചെണ്ടമേളം തുടങ്ങിയവയും അരങ്ങേറി. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന പ്രകടനങ്ങള്‍ കാണുവാന്‍ നൂറുകണക്കിനാളുകളാണ് മാനവീയം വീഥിയിലേയ്ക്കെത്തിയത്.
മാന്ത്രികന്‍ മാങ്ങയണ്ടി നട്ട് നിമിഷങ്ങള്‍ക്കുള്ളിൽ ഒരു വൃക്ഷത്തെ സൃഷ്ടിച്ചു മാവില്‍ നിന്നും മാങ്ങ അടര്‍ത്തിയെടുത്ത് കാണികള്‍ക്ക് സമ്മാനിച്ചപ്പോള്‍ അത്ഭുതത്തിന്റെ കരഘോഷമുയര്‍ന്നു





0 Comments