കഴക്കൂട്ടം: പള്ളിപ്പുറം തോന്നൽ ദേവീ ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന്റെ ആറാം ദിവസമായ ഇന്നലെ അരങ്ങേറിയ അഖിൽ ഷാ അൻസാറിന്റെ സംഗീത കച്ചേരി ഏറെ ശ്രദ്ധേയമായി. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ അവസാന വർഷ മാധ്യമ വിദ്യാർത്ഥിയാണ് അഖിൽ ഷാ. കഴിഞ്ഞ 15 വർഷമായി സംഗീതം അഭ്യസിക്കുന്ന ഈ കലാകാരൻ സ്കൂൾ, കോളേജ് കലോത്സവങ്ങളിലെ ശാസ്ത്രീയ സംഗീത മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട് മാത്രം സാധ്യതകളുള്ള വിവിധ കലാ രംഗങ്ങളിൽ നിന്ന് മറ്റ് മതസ്ഥർ പിന്നാക്കം പൊയ്ക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ സംഗീതക്കച്ചേരി നടത്താൻ താൽപര്യപൂർവ്വം മുന്നിട്ടിറങ്ങിയ ഈ ചെറുപ്പക്കാരനെ നവരാത്രി സംഗീതോത്സവ സംഘാടകരും കലാകാരന്മാരും പ്രത്യേകം അഭിനന്ദിച്ചു. പ്രശസ്ഥ സംഗീതജ്ഞൻ വർക്കല സി.എസ്.ജയറാമിന്റെ മകൻ ആനന്ദ് ജയറാമാണ് വയലിൻ വായിച്ചത്. ശരത്, ഇളയരാജ, കെ.എസ്.ചിത്ര എന്നിവരോടൊപ്പം സംഗീത പരിപാടികളിൽ പങ്കെടുക്കുന്ന വ്യക്തിത്വമാണ് ആനന്ദ് ജയറാം. ആകാശവാണിയിലെ ബി ഹൈ ആർട്ടിസ്റ്റായ തിരുവനന്തപുരം സുന്ദരേശ്വരനാണ് മൃദംഗം വായിച്ചത്. പത്രപ്രവർത്തകനായ ചേരമാൻ തുരുത്ത് വടക്കേ തൈ വിളാകത്ത് വീട്ടിൽ എം.എം.അൻസാറിന്റെയും പെരുമാതുറ അൽ ഫജർ പബ്ലിക് സ്കൂൾ അധ്യാപിക സജീന (ബിന്ദു)യുടെയും മകനാണ് അഖിൽ ഷാ. ആദിൽ അൻസാർ, അഫ്ലഖ് അൻസാർ എന്നിവർ സഹോദരങ്ങളാണ്.
സംഗീത താള-ലയമായി നവരാത്രി സംഗീതോത്സവം: അഖിൽ ഷാ അൻസാറിന്റെ കച്ചേരി ശ്രദ്ധേയമായി





0 Comments