കഴക്കൂട്ടം: അഥിതി സംസ്ഥാന സൗഹൃദ പഞ്ചായത്തായ മംഗലപുരം ഗ്രാമ പഞ്ചായത്ത്, തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ ഭക്ഷ്യധാന്യമെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ താമസയിടങ്ങൾ സന്ദർശിക്കുകയും അവർ താമസിക്കുന്ന ഇടങ്ങളിൽ ഭക്ഷ്യ ധാന്യം എത്തിച്ചാൽ മതിയെന്ന തൊഴിലാളികളുടെ നിർദ്ദേശം സ്വീകരിക്കുകയുമായിരുന്നു. തൊഴിൽ മേഖലയിലെ കോൺട്രാക്റ്റർമാരും ഗ്രാമ പഞ്ചായത്തും ചേർന്ന് അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കും. ഗ്രാമ പഞ്ചായത്തിൽ നിലവിൽ 11 ഇടങ്ങളിലായി മുന്നൂറ്റി ഇരുപത്തിയഞ്ചു അതിഥി സംസ്ഥാന തൊഴിലാളികളാണുള്ളത്. ടെക്നോ സിറ്റിയുമായി ബന്ധപ്പെട്ടുള്ള തൊഴിലാളികളാണ് അധികവും. ഇതര സംസ്ഥാന തൊഴിലാളി സൗഹൃദ പഞ്ചായത്ത് എന്ന പ്രോജക്റ്റ് 4 വർഷമായി നടപ്പിലാക്കുന്ന കേരളത്തിലെ ഏക പഞ്ചായത്താണ് മംഗലപുരം. പദ്ധതിയിൽ ഉൾപ്പെടുത്തി വർഷാവർഷം കലോൽസവങ്ങളും, മത്സരങ്ങളും, മെഡിക്കൽ ക്യാമ്പുകളും, അതോടനുബന്ധിച്ച് ഉച്ചഭക്ഷണം അടക്കം നടത്തുന്നുണ്ട്. കൂടാതെ അവർക്ക് അവകാശപ്പെട്ട സേവനങ്ങളെക്കുറിച്ച് അവരുടേതായ ഭാഷയിൽ തന്നെ എഴുതിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. തൊഴിലിടങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെടാൻ പഞ്ചായത്തിൽ അവർക്കായി പരാതിപ്പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർ എം.ഷാനവാസ് എന്നിവർ ചേർന്നാണ് തൊഴിലാളികളുടെ താമസയിടങ്ങളിൽ സന്ദർശനം നടത്തിയത്.
അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസയിടങ്ങളിൽ ഭക്ഷ്യധാന്യം എത്തിക്കാൻ മംഗലപുരം





0 Comments