<p>തിരുവനന്തപുരം: കേരളത്തിൽ അത്ര സുപരിചിതമല്ലാത്ത സിക്കാ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. നമുക്ക് ഏറെ പരിചിതരായ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ തന്നെയാണ് ഇവിടെയും രോഗവാഹകരായി അവതരിച്ചിട്ടുള്ളത്. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് വിഭാഗത്തിലെ പകൽ സമയം കടിക്കുന്ന പെൺ കൊതുകുകളാണവ. ടൈഗർ മോസ്ക്വിറ്റോ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈഡിസ് കൊതുകുകൾ നമുക്കിടയിൽ ചിക്കുൻ ഗുനിയയും ഡെങ്കിപ്പനിയും പടർത്തി പണ്ടേ തന്നെ വില്ലന്മാരായി വിലസുന്നവരാണല്ലോ ?... പല വിദേശ രാജ്യങ്ങളിലും ചില അന്യസംസ്ഥാനങ്ങളിലും സിക്കാ രോഗം കാണുന്നുണ്ട്. സഞ്ചാരികൾ അഥവാ ഇൻറർനാഷണൽ യാത്രക്കാർ വഴി അത് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് വ്യാപിക്കുകയും ചെയ്യാം. സിക്കാ വൈറസ് ആക്റ്റീവ് ആയിരിക്കുന്ന പ്രദേശങ്ങളിലെത്തുന്നവരെ കടിക്കുന്ന കൊതുകുകളിൽ നിന്നുമാണ് മനുഷ്യ ശരീരത്തിലേക്ക് വൈറസ് പ്രവേശിക്കുവാൻ സാദ്ധ്യതയുള്ളത്. കൊതുക് കടിക്കാതെയും മനുഷ്യരിലേക്ക് രോഗം പകരാം. എങ്കിലും പ്രധാനമായും രോഗം പകരുന്നത് കൊതുകു കടിക്കുന്നതിലൂടെ തന്നെയാണ്. സിക്കാ വൈറസ് ബാധിതരായ കൊതുകിന്റെ കടിയേറ്റ എല്ലാവർക്കും രോഗം ഉണ്ടാകണമെന്നുമില്ല. രോഗബാധയേറ്റവരിൽ 3 മുതൽ 7 ദിവസം വരെയാണ് ലക്ഷണങ്ങൾ കാണാവുന്നത്. പനി, ത്വക്കിലുണ്ടാകുന്ന തിണർപ്പുകൾ, സന്ധികൾക്കും പേശികൾക്കും വേദന, കണ്ണ് ചുവപ്പ്, തലവേദന, ക്ഷീണം എന്നിവയാണ് സാധാരണ കാണുന്ന ലക്ഷണങ്ങൾ. എന്ത് ലക്ഷണമാണോ ഉള്ളത് അതിനനുസരിച്ചുള്ള ചികിത്സയാണ് വേണ്ടത്. ഇവയൊന്നും ഗുരുതരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നവയുമല്ല. സിക്കാ രോഗത്തിന് ലക്ഷണാധിഷ്ഠിതമായ ചികിത്സകളല്ലാതെ പ്രത്യേക ചികിത്സകൾ ഒന്നും തന്നെ ആവശ്യവുമില്ല. രോഗപ്പകർച്ചയുടെ സ്വഭാവം പരിശോധിക്കുമ്പോൾ സിക്കാ വൈറസ് വാഹകരായ കൊതുക് കടിക്കുന്നത് കൊണ്ടും മാതാവിൽ നിന്ന് ഗർഭസ്ഥ ശിശുവിലേക്കും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയും രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നു. ഗർഭിണികളെ ബാധിക്കുന്ന സിക്കാ രോഗം കാരണം ശിശുക്കളെ ബാധിക്കുന്ന മൈക്രോസെഫാലി എന്ന തലച്ചോറിനേയും തലയുടെ വലിപ്പത്തേയും ബാധിക്കുന്ന അവസ്ഥയുണ്ടാകാമെന്നതാണ് പ്രധാനം. സിക്കാ രോഗം കാരണമുണ്ടാകുന്ന മാരകാവസ്ഥ ഇത്തരം കുട്ടികളിലാണ് കാണുന്നതെന്നതു കൊണ്ട് ഗർഭിണികളിൽ സിക്കാ രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകളാണ് പ്രധാനമായും സ്വീകരിക്കേണ്ടത്. മസ്തിഷ്കത്തിന്റേയും നാഡീ വ്യൂഹത്തിന്റേയും പുറമേയുള്ള ഞരമ്പുകളിൽ രോഗ പ്രതിരോധ ശേഷിയുടെ തെറ്റായ ധാരണ കാരണമുണ്ടാകുന്ന ഗല്ലൻ ബാരി സിൻഡ്രോം എന്ന രോഗം ഉണ്ടാകുന്നതിനും സാദ്ധ്യതയുണ്ട്. ഇത്തരം അവസ്ഥകൾക്ക് കാരണമാകാമെങ്കിലും വളരെ വിരളമായി മാത്രമേ സിക്കാ രോഗം കാരണമുള്ള മരണം ഉണ്ടാകുകയുള്ളൂ. ഈ രോഗത്തിന് പ്രത്യേക ചികിത്സയോ വാക്സിനേഷനുകളോ നിലവിലില്ലെന്ന കാര്യവും ശ്രദ്ധിക്കുക. സിക്കാവൈറസ് ആക്റ്റീവ് ആയിരിക്കുന്ന സ്ഥലത്തു നിന്നും കൊതുക് കടിയേറ്റ് ഇൻഫെക്റ്റഡ് ആയ ഒരാളിനെ ആദ്യത്തെ ഒരാഴ്ചയ്ക്കുള്ളിൽ ഈഡിസ് കൊതുക് കടിച്ചാൽ ആ കൊതുകിലേക്ക് വൈറസ് പകരുന്നതിനുള്ള സാദ്ധ്യതയുണ്ട്. കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുകയും കൊതുകു കടി ഏൽക്കാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയുമാണ് രോഗപ്പകർച്ച തടയുവാനായി വേണ്ടത്. വെളിച്ചം കുറവുള്ള പ്രഭാതത്തിലും വൈകുന്നേരത്തുമാണ് ഈഡിസ് കൊതുകുകൾ കടിക്കാറുള്ളത്. രാത്രി ഈഡിസ് കൊതുകുകളെ പേടിക്കേണ്ടതില്ല. കൊതുകു കടി ഏൽക്കാത്ത വിധമുള്ള വസ്ത്രധാരണം പ്രത്യേകം ശ്രദ്ധിക്കാവുന്നതാണ്. കൊതുക് വല, കൊതുക് കയറാത്ത വിധമുള്ള ജനാലകളും വാതിലുകളും, കൊതുക് ബാറ്റ് തുടങ്ങിയവയും ഉപകാരപ്പെടും. മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്തവർക്ക് കൊതുകു തിരിയോ ലേപങ്ങളോ പ്രയോജനപ്പെടുത്താം. കൊതുകിനെ അകറ്റുവാനുള്ള വിവിധ മാർഗ്ഗങ്ങൾ ആയുർവേദത്തിലുണ്ട്.അപരാജിത ധൂമചൂർണ്ണം ഉപയോഗിച്ചുള്ള പുകയ്ക്കൽ നല്ലതാണ്. കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനു പകരം പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച് കൊതുകിനെ അകറ്റുന്നതാണ് ഏറ്റവും നല്ലത്. സിക്കാ രോഗത്തിന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയിട്ടുള്ള സ്ഥലങ്ങളിൽ പോകുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതും അവിടെ നിന്നും തിരികെ പോകുന്നവർ രണ്ടാഴ്ചക്കാലം സ്വയം നിരീക്ഷണത്തിൽ കഴിയുന്നതും നല്ലതായിരിക്കും. കൊതുകു കടി ഏറ്റയാളിൽ സിക്കാ വൈറസ് ഉണ്ടെങ്കിൽ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് രണ്ടാഴ്ച വരെ സമയമെടുക്കും. നിലവിൽ ഗർഭിണികളായവർ പ്രത്യേകിച്ചും നാലു മാസം വരെയുള്ള ഗർഭാവസ്ഥയുള്ളവരും ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവരുമാണ് സിക്കാ വൈറസിൽ നിന്നുമുള്ള സംരക്ഷണം കൂടുതൽ ഉറപ്പു വരുത്തേണ്ടത്. 3 ദിവസം മുതൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന രോഗലക്ഷണങ്ങൾ കാണുന്ന ഗർഭിണികൾ ശരിയായ രോഗനിർണ്ണയം നടത്തേണ്ടതാണ്. (ലേഖകൻ: ഡോ.ഷർമദ്ഖാൻ,സീനിയർ മെഡിക്കൽ ഓഫീസർ,ഗവ.ആയുർവേദ ഡിസ്പെൻസറി,നേമം,തിരുവനന്തപുരം.. മൊബൈൽ-94479 63481)</p>
കോവിഡിനൊപ്പം ജനങ്ങളെ ഭീതിയിലാക്കാൻ സിക്കാ വൈറസു കൂടി...സിക്കാ വൈറസിനെ പറ്റി അറിയേണ്ടതെല്ലാം....





0 Comments