https://kazhakuttom.net/images/news/news.jpg
Health

ചികിത്സാ പിഴവെന്നത് വാസ്തവ വിരുദ്ധം: രോഗിയുടെ കാഴ്ച നഷ്ടമായെന്നതിൽ വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട്


തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇ.എന്‍.ടി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രോഗിയ്ക്ക് തുടര്‍ചികിത്സാ സൗകര്യമൊരുക്കിയില്ലെന്നുള്ള ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വര്‍ഷങ്ങളായി ചെവിയില്‍ അണുബാധയുണ്ടായിരുന്നതിന്‍റെ ഭാഗമായി തലയോട്ടിയ്ക്കുണ്ടായ കേടുപാടിനെ തുടര്‍ന്ന് ഒരു കണ്ണിന്‍റെ കണ്‍പോള അടഞ്ഞു പോയിരുന്നു.


 ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന രോഗി ആശുപത്രി അധികൃതരെ അറിയിക്കാതെ സ്വയം ചികിത്സ മതിയാക്കി ഇറങ്ങിപ്പോയിരുന്നു. അതിനു ശേഷം ഏതാനും ദിവസങ്ങള്‍ക്കു ശേഷം തുടര്‍ചികിത്സ ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിനെ സമീപിക്കുകയും ഏറ്റവും അടുത്ത ദിവസമായ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആശുപത്രിയിലെത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നതാണ്.


അതിനിടയിലാണ് പരാതി പരിഗണിച്ചില്ലെന്ന ആരോപണവുമായി വന്നിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീന്‍റെ വിശദീകരണം ഇങ്ങനെ:

വെമ്പായം സ്വദേശിയായ രാജേന്ദ്രന്‍ (43) മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ആദ്യമായി വരുന്നത് കഴിഞ്ഞ മേയ് 10 നാണ്. ചെവിയില്‍ നിന്നും പഴുപ്പു വരുന്നതതിന് ചികിത്സയ്ക്കാണ് ആശുപത്രിയില്‍ വന്നത്. വര്‍ഷങ്ങളായി ഈ അസുഖമുള്ളയാളാണ്. മുമ്പ് ശസ്ത്രക്രിയ നടത്തിയിട്ടുമുണ്ട്. മേയ് 10 നു വന്ന ശേഷം തുടര്‍ചികിത്സയ്ക്കായി മേയ് 26ന് വീണ്ടും വന്നു. തുടര്‍ന്ന് 31-ാം തീയതി വന്നപ്പോള്‍ ചെവി പരിശോധന നടത്തുകയും ചെവിയില്‍ മരുന്നു പായ്ക്ക് വയ്ക്കുകയും ചെയ്തു. 


24 മണിക്കൂര്‍ കഴിഞ്ഞ് അടുത്ത ദിവസം മരുന്നു എടുത്തു മാറ്റണമെന്നും നിര്‍ദേശിച്ചു. എന്‍ഡോസ്കോപ്പി മുറിയില്‍ വച്ചാണ് ചികിത്സ നല്‍കിയത്. എന്നാല്‍ അടുത്ത ദിവസം രോഗി എത്തിയില്ല. അതിനു ശേഷം ജൂണ്‍ ഏഴിനാണ് വീണ്ടും വരുന്നത്. അന്ന് പായ്ക്ക് എടുത്തു. പിന്നീട് ആ സമയത്തൊന്നും വന്നില്ല. തുടര്‍ന്ന് ഒരു കണ്‍പോള അടഞ്ഞു പോയ നിലയില്‍ കണ്ണാശുപത്രിയില്‍ ചികിത്സ തേടി. അവിടെ നിന്നും മെഡിക്കല്‍ ഒ.പിയിലേയ്ക്കു വിട്ടു. ജൂണ്‍ 30ന് മെഡിക്കല്‍ ഒ.പിയിലെത്തി. തുടര്‍ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തു.


അവിടെ നിന്നും ന്യൂറോളജി കണ്‍സള്‍ട്ടേഷനു വേണ്ടി എം.ആര്‍.ഐ സ്കാന്‍ ചെയ്യുന്നതിന് എഴുതിക്കൊടുത്തു. എന്നാല്‍ രോഗി ചികിത്സ പൂര്‍ത്തിയാക്കാതെ ആശുപത്രി അധികൃതരോടും പറയാതെ അവിടെ നിന്നും ഇറങ്ങിപ്പോയി. ഇതിനിടയില്‍ ജൂലൈ നാലിന് കണ്ണാശുപത്രിയില്‍ നിന്നും എഴുതിക്കൊടുത്ത ചീട്ടുമായി എച്ച്.എല്‍.എല്ലില്‍ പോയി എം.ആര്‍.ഐ സ്കാന്‍ എടുത്തു. സ്കാന്‍ റിപ്പോര്‍ട്ട് പ്രകാരം തലയോട്ടിയുടെ ഒരു ഭാഗം ദ്രവിച്ചു പോയിരുന്നു. 


ഓസ്റ്റിയോമൈലൈറ്റിസ് എന്ന ഈ അസുഖം ഒരാഴ്ച കൊണ്ടൊന്നും ഉണ്ടാകുന്നതല്ല. ചെവിയിലെ പഴുപ്പ് വര്‍ഷങ്ങായി ഉണ്ടായിരുന്നതിന്‍റെ ഭാഗമായാണ് ഈ അസുഖമുണ്ടായത്. തലയോട്ടി ദ്രവിച്ചതിന്‍റെ ഭാഗമായാണ് കണ്‍പോള അടഞ്ഞു പോയത്. തലച്ചോറില്‍ നിന്നുള്ള 12 ഞരമ്പുകളില്‍ നാലെണ്ണത്തിന് കേടുപാടുണ്ടെന്ന് കണ്ണാശുപത്രിയില്‍ തന്നെ കണ്ടെത്തിയിരുന്നു. അതിനാലാണ് ന്യൂറോളജി കണ്‍സള്‍ട്ടേഷന് വിട്ടത്. 


തുടര്‍ന്ന് ബാക്കി ചികിത്സ തുടരണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രി സൂപ്രണ്ടിനെ സമീപിച്ചതനുസരിച്ച് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ രോഗിയുടെ സൗകര്യാര്‍ത്ഥം ആശുപത്രിയില്‍ വരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ചികിത്സയ്ക്ക് വരാനിരിക്കെയാണ് രോഗി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.


ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന രോഗി ആശുപത്രി അധികൃതരെ അറിയിക്കാതെ സ്വയം ചികിത്സ മതിയാക്കി ഇറങ്ങിപ്പോയിരുന്നു.

0 Comments

Leave a comment