തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടൽ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ കടകൾ പൂട്ടുമെന്നാണു സർക്കാരിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാർസലുകൾ നിരോധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നേരത്തേ ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരി ഒന്നുമുതൽ ഇതും നിർബന്ധമാണ്
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഭക്ഷണസാധനങ്ങൾ തയ്യാറാക്കുന്നവർക്കും വിതരണം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്.
പുതിയ തീരുമാനത്തിന്റെ ഭാഗമായി ഫെബ്രുവരി ഒന്നു മുതൽ ഉദ്യോഗസ്ഥർ വ്യാപകമായി കടകൾ പരിശോധിക്കും. കാർഡ് എടുത്തെന്ന് ഉറപ്പാക്കിയശേഷമേ ഹോട്ടലുകൾ ഉൾപ്പെടെ തുറക്കാൻ അനുമതി നൽകുകയുള്ളൂ. ഇതിന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതി ആവശ്യമാണ്.
സംസ്ഥാനത്തിന്റെ പലഭാഗത്തും ഭക്ഷ്യവിഷബാധ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്ത് ആറു ലക്ഷത്തോളം ഭക്ഷ്യോൽപന്ന വിതരണ, വിൽപന കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഹോട്ടൽ, ബേക്കറി വിഭാഗത്തിൽ ഒന്നര ലക്ഷത്തിലേറെ സ്ഥാപനങ്ങളാണുള്ളത്. ഇവിടെ അഞ്ച് ലക്ഷത്തോളം ജീവനക്കാർ
ഉണ്ടെന്നാണു ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ കണക്ക്.
മൂന്നര ലക്ഷത്തോളം പേർക്കു നിലവിൽ ഹെൽത്ത് കാർഡുണ്ട്. ശേഷിക്കുന്ന ഒന്നര ലക്ഷത്തിൽ ഭൂരിഭാഗവും ഇതിനകം കാർഡ് നേടിയെന്നാണു നിഗമനം. കാർഡിന് ഒരു വർഷമാണ് കാലാവധി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കും. വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നവർക്കെതിരെയും കൈവശം വെക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കും.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാർസലുകൾ നിരോധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നേരത്തേ ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരി ഒന്നുമുതൽ ഇതും നിർബന്ധമാണ്





0 Comments