കഴക്കൂട്ടം: മനുഷ്യജീവിതവുമായി ഏറ്റവും കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന കാര്‍ഷിക വൃത്തി ഭിന്നശേഷിക്കുട്ടികളുടെ മാനസികവും ആരോഗ്യപരവും സാമൂഹികവുമായ പുരോഗതിക്ക് ഉപയോഗിക്കുന്നത് ഭിന്നശേഷി മേഖലയ്ക്ക് പുതിയൊരുണര്‍വ് പകരുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. കൃഷി പരിപാലനത്തിലൂടെ ഭിന്നശേഷിക്കുട്ടികളില്‍ മാനസിക സാമൂഹിക തലങ്ങളില്‍ മാറ്റം വരുത്തുന്നതിനായി കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററില്‍ മാജിക് അക്കാദമിയും നബാര്‍ഡും കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി ആരംഭിക്കുന്ന ബ്ലോസം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹത്തായ കാര്‍ഷിക സംസ്‌കാരമാണ് കേരളത്തിനുള്ളതെന്നും മാനസികമായ ഉല്ലാസത്തിനും മനുഷ്യന്റെ നന്മയ്ക്കും കൃഷി വഹിച്ച പങ്ക് ചെറുതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാര്‍ഷിക വൃത്തിക്ക് പ്രാധാന്യമുണ്ടായിരുന്ന കാലത്ത് അക്രമങ്ങള്‍ കുറവായിരുന്നു. അത്രയേറെ മനുഷ്യന്‍ ആസ്വദിച്ചു ചെയ്തിരുന്ന ഈ പ്രവൃത്തി ഇന്ന് ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനത്തിന് കൂടി ഉപയോഗിക്കുവാന്‍ കഴിയുന്നുവെന്നതില്‍ കൃഷി വകുപ്പും അഭിമാനിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നബാര്‍ഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഷാജി.കെ.വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഗ്രികള്‍ച്ചര്‍ കോളേജ് പ്രൊഫസര്‍ ഡോ.ബേല.ജി.കെ പദ്ധതി വിശദീകരണം നടത്തി. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ആര്‍.ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. ചീഫ് ജനറല്‍ മാനേജര്‍ പി.ബാലചന്ദ്രന്‍ ബ്ലോസം ലോഗോ റിലീസ് ചെയ്തു. കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി ഡീന്‍ ഡോ.അനില്‍കുമാര്‍.എ മുഖ്യാതിഥിയായി. മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതവും മാജിക് പ്ലാനറ്റ് മാനേജര്‍ ജിന്‍ ജോസഫ് നന്ദിയും പറഞ്ഞു.
ഡിഫറന്റ് ആര്‍ട് സെന്ററിന് സമീപത്തായി ഒരുക്കുന്ന കൃഷിയിടത്തില്‍ ഭിന്നശേഷിക്കുട്ടികളുടെ നേതൃത്വത്തില്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഔഷധ സസ്യങ്ങള്‍, അലങ്കാരച്ചെടികള്‍ എന്നിവ വച്ചുപിടിപ്പിക്കും. കൃഷിയുടെ പരിപാലനത്തിനായി കുട്ടികളുടെ ശാരീരിക മാനസിക നിലകളില്‍ മാറ്റം വരുത്തുവാന്‍ പാകത്തിലുള്ള പരിശീലനവും നല്‍കും. കൃഷിയില്‍ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങള്‍ക്ക് പുറം വിപണി കണ്ടെത്തുകയും വരുമാനം പൂര്‍ണമായും ഭിന്നശേഷിക്കുട്ടികള്‍ക്കായി നല്‍കുകയും ചെയ്യും. ഇതാദ്യമായാണ് ഭിന്നശേഷിക്കുട്ടികള്‍ക്കായി ഹോര്‍ട്ടി കള്‍ച്ചര്‍ തെറാപ്പിക്ക് തുടക്കം കുറിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ബ്ലോസം പദ്ധതി വ്യാപിപ്പിക്കുവാനും കൂടുതല്‍ കുട്ടികളെ ഹോര്‍ട്ടി കള്‍ച്ചര്‍ തെറാപ്പിയിലേയ്ക്ക് കൊണ്ടുവരുവാനുള്ള ശ്രമങ്ങളും നടത്തുമെന്ന് മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.
ഭിന്നശേഷിക്കുട്ടികൾക്കുള്ള ഹോർട്ടി കൾച്ചർ തെറാപ്പി - ബ്ലോസം പദ്ധതിയ്ക്ക് ഡിഫറന്റ് ആര്‍ട് സെന്ററില്‍ തുടക്കമായി





0 Comments