/uploads/news/news_ഹെർണിയ_എത്രവിധം_ലക്ഷണങ്ങളും_ചികിത്സയും_1681293134_7814.jpg
Health

ഹെർണിയ എത്രവിധം? ലക്ഷണങ്ങളും ചികിത്സയും


ശരീരത്തിനുള്ളിലുള്ള ഏതെങ്കിലും ഒരു അവയവത്തിൻ്റെ ഭാഗം ബലക്കുറവുള്ള പേശി, ടിഷ്യു എന്നിവയുടെ ഏതെങ്കിലുമൊരു ഭാഗത്ത്കൂടി പുറത്തേക്ക് തള്ളുന്നതിനെയാണ് ഹെർണിയ എന്നു പറയുന്നത്. ഹെർണിയ രോഗത്തിൻ്റെ  നിർണ്ണയത്തിനായി നിങ്ങളുടെ ഡോക്ടർ പറയാൻ  സാധ്യതയുള്ള പരിശോധന  അബ്ഡോമെൻ അൾട്രാസൗണ്ട്, സി.റ്റി സ്കാൻ അല്ലെങ്കിൽ എം.ആർ.ഐ ആണ്. ഇത്തരമൊരു പരിശോധനയിലൂടെ രോഗം ഉറപ്പിച്ച ശേഷം ചികിത്സിക്കുന്നത് ശരിയായ പ്രയോജനം ലഭിക്കുവാൻ നല്ലതാണ്.

ഹെർണിയ ജീവഹാനി ഉണ്ടാക്കുന്ന ഒരു രോഗമൊന്നുമല്ല. എന്നാൽ  ഒരിക്കൽ ഉണ്ടായ ഹെർണിയ ചികിത്സ കൂടാതെ സ്വയം ശമിക്കുവാൻ ഇടയില്ല. മാത്രമല്ല അപകടകരമായ ചില സങ്കീർണതകൾ തടയുവാൻ ഓപ്പറേഷൻ ഉൾപ്പെടെ വേണ്ടിവരികയും ചെയ്യാം.

തുടയിടുക്കിൽ രൂപം കൊള്ളുന്ന വീക്കം, നിൽക്കുമ്പോഴും കുനിയുമ്പോഴും ചുമയ്ക്കുമ്പോഴും  ആദ്യം ഒരു തടിപ്പ് ആയി പ്രത്യക്ഷപ്പെടാം. കിടക്കുമ്പോൾ അത് അപ്രത്യക്ഷമാകുകയും ചെയ്യാം. ഈ തടിപ്പിന് ചുറ്റുമുള്ള ഭാഗത്ത്  അസ്വസ്ഥതയും  വേദനയും വരാം. ദീർഘനേരം ഇരിക്കുമ്പോൾ കാലിലേക്കുള്ള അസ്വസ്ഥത വർദ്ധിക്കുകയും ചെയ്യാം. ഈ സ്വഭാവമുള്ള ഹെർണിയയെ ഇൻഗ്വയിനൽ ഹെർണിയ എന്ന് പറയും. ഇത് പുരുഷന്മാരിലാണ് കൂടുതൽ കാണുന്നത്.

ഭക്ഷണം വിഴുങ്ങുന്നതിന് തടസ്സവും നെഞ്ചുവേദനയും നെഞ്ചെരിച്ചിലും അനുഭവപ്പെടുന്ന തരത്തിലുളളത് ഹയാറ്റസ് ഹെർണിയ ആണ്. ഉരസ്സിനേയും ഉദരത്തേയും തമ്മിൽ വേർതിരിക്കുന്ന ഡയഫ്രം എന്ന പേശിയിലേക്കാണ് ഇത്തരം ഹെർണിയ തള്ളിക്കയറുവാൻ ശ്രമിക്കുന്നത്. 50 വയസ്സിനുമേൽ പ്രായമുള്ളവരിലും ജനന വൈകല്യമുള്ള കുട്ടികളിലും ഇത് കൂടുതലായി കാണുന്നു.എല്ലാ പ്രായക്കാരിലും സംഭവിക്കാം എന്നതിനാൽ മേല്പറഞ്ഞ ലക്ഷണങ്ങളുള്ളവർ അത് ഹയാറ്റസ് ഹെർണിയ അല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ശസ്ത്രക്രിയകൾ ചെയ്തിട്ടുള്ള ഭാഗത്ത് പിന്നീടുണ്ടാകുന്ന ഹെർണിയയെ ഇൻസിഷണൽ ഹെർണിയ എന്നാണ് വിളിക്കുന്നത്. പ്രസവം നിർത്തുന്നതിന് സർജറി ചെയ്തവരും സിസേറിയൻ നടത്തിയവരും അപ്പൻ്റിസൈറ്റിസിന് സർജറി ചെയ്തവരും ഇക്കാര്യം ഓർമ്മിക്കേണ്ടതാണ്.

പൊക്കിളിൽ സമ്മർദ്ദം ഉണ്ടാക്കുന്ന ഹെർണിയയെ അംബിലിക്കൽ ഹെർണിയ എന്നുവിളിക്കാം. ജന്മനാ തന്നെ ഈ ബുദ്ധിമുട്ട് ചില കുട്ടികളിൽ കാണാറുണ്ട്. ഹെർണിയ ഉള്ള ഒരാൾക്ക് ഓക്കാനം, ഛർദ്ദി, പനി, പെട്ടെന്നുള്ള വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടിയന്തര ചികിത്സ വേണ്ടിവന്നേക്കാം.

ഹെർണിയയുടെ ആരംഭത്തിൽ ചെയ്യുന്ന ചില മരുന്നുകളും ഭക്ഷണ ശൈലിയിലെ മാറ്റവും ശമനം നൽകുന്നതാണ്. ചിലപ്പോൾ സർജറി ആവശ്യമായി വരും. ഒരിക്കൽ സർജറി ചെയ്തവരിൽ തന്നെ വീണ്ടും സർജറി ആവശ്യമായി വരികയും ചെയ്യാം .
ഹെർണിയയുടെ സ്വഭാവം, രോഗിക്കുള്ള ബുദ്ധിമുട്ടുകൾ, രോഗിയുടെ പൊതുവായ ആരോഗ്യം, പ്രായം എന്നിവ പരിഗണിച്ച് മാത്രമേ സർജറി ചെയ്യാറുള്ളൂ.

വാർദ്ധക്യം, പരിക്ക്,  ശസ്ത്രക്രിയകൾ, തുടർച്ചയായ ചുമ, ശ്വാസംമുട്ട്, കഠിനമായ വ്യായാമം, മലബന്ധവും മലശോധനയ്ക്ക് വേണ്ടിയുള്ള കഠിനശ്രമവും, അമിതവണ്ണം, പാരമ്പര്യം, ഗർഭകാലം, പുകവലി തുടങ്ങിയവ ഹെർണിയയ്ക്ക് കാരണമാകാം.
മലബന്ധം ഒഴിവാക്കുന്നതിനും ഗ്യാസ് കുറയ്ക്കുന്നതിനുമുള്ള മരുന്നുകൾ, ഭക്ഷണത്തിലെ മാറ്റങ്ങൾ, മിതമായ ഭക്ഷണം എന്നിവ ചികിത്സയുടെ ഭാഗമായി ആവശ്യമാണ്.
ഭക്ഷണം കഴിച്ചാലുടനെയുള്ള വ്യായാമം, മസാലയും വറുത്തവയുമായ ഭക്ഷണം, പുകവലി എന്നിവ ഒഴിവാക്കണം.

രോഗത്തിന്റെ ആരംഭത്തിലും ഓപ്പറേഷൻ ചെയ്യാൻ സാധിക്കാത്ത ആളുകളിലും ആയുർവേദ മരുന്നുകൾ ഉപയോഗിക്കണം.  മറ്റുള്ളവരിൽ ശസ്ത്രക്രിയ  കൂടുതൽ വേഗത്തിൽ ശമനം ഉണ്ടാക്കുന്നതാണ്.
ചില പഞ്ചകർമ്മ ചികിത്സകളും  ഫലപ്രദമാണ്.

ഡോ.ഫൈസൽ ഖാൻ
BAMS

ഒരിക്കൽ സർജറി ചെയ്തവരിൽ തന്നെ വീണ്ടും സർജറി ആവശ്യമായി വരികയും ചെയ്യാം. ഹെർണിയയുടെ സ്വഭാവം, രോഗിക്കുള്ള ബുദ്ധിമുട്ടുകൾ, രോഗിയുടെ പൊതുവായ ആരോഗ്യം, പ്രായം എന്നിവ പരിഗണിച്ച് മാത്രമേ സർജറി ചെയ്യാറുള്ളൂ.

0 Comments

Leave a comment