/uploads/news/news_അലർജിക്_റൈനൈറ്റിസ്_അഥവാ_തുടർച്ചയായ_തുമ്മ..._1679856825_4324.jpg
Health

അലർജിക് റൈനൈറ്റിസ് അഥവാ തുടർച്ചയായ തുമ്മൽ


മൂക്കിനുള്ളിലെ നേരിയ മ്യൂക്കസ് ആവരണത്തിൽ പൊടിപടലങ്ങൾ ചെന്നുപെട്ടാൽ അവയെ പുറത്തേക്ക് കളയുവാനുള്ള ഒരു സ്വയംപ്രതിരോധ ഉപായമാണ് തുമ്മൽ. എന്നാൽ അമിതമായ തുമ്മൽ കാരണം  ബുദ്ധിമുട്ടുന്ന കുട്ടികളടക്കം നിരവധി ആളുകളുണ്ട്.ഇത് തന്നെ മറ്റുപല രോഗങ്ങൾക്കും കാരണമായശേഷം അവ ശരിയായി പരിഹരിക്കാൻ സാധിക്കാതെ  അലർജിക് ആസ്ത്മ പോലുള്ള അനുബന്ധ രോഗവുമായി ജീവിക്കേണ്ടിവരുന്നവരും  ധാരാളമുണ്ട്.

മൂക്കിനെ മാത്രം ആശ്രയിച്ച് പൊടി അഥവാ ഡസ്റ്റ് തുടങ്ങിയ കാരണങ്ങളാൽ സംഭവിക്കുന്ന തുമ്മൽ ക്രമേണ കണ്ണ്,ചെവി, തൊണ്ട, സൈനസ്സുകൾ, ട്രക്കിയ,ശ്വാസകോശം തുടങ്ങിയ ഭാഗത്തേക്ക് വ്യാപിച്ച് രോഗത്തിൻറെ സ്വഭാവം തന്നെ മാറും. ചുരുക്കിപ്പറഞ്ഞാൽ കണ്ണ്,മൂക്ക്,ചെവി,തൊണ്ട തുടങ്ങിയവയിൽ അകത്ത് കാണുന്ന ലൈനിംഗ് മെംബ്രയിൻ തുടർച്ച ഉള്ളത് ആയതു കാരണം അലർജിക് റൈനൈറ്റിസിൽ തുടങ്ങി അലെർജിക് ആസ്ത്മയായി പരിണമിക്കാൻ വളരെ എളുപ്പമാണെന്ന് സാരം.

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് തിരിച്ചറിഞ്ഞ്  ജീവിതരീതിയിൽ, പ്രത്യേകിച്ചും ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ ചികിത്സ പൂർണമായും വിജയിക്കുകയുള്ളൂ.  എന്നാൽ ജീവിതകാലം മുഴുവൻ   ആൻറിഅലർജിക്  ഗുളികകൾ വിഴുങ്ങി തല്ക്കാലശാന്തി നേടുകയും അവയെ തുടർന്ന് അസുഖം വർദ്ധിക്കുമ്പോൾ ഗുളികയുടെ ഡോസ് വർദ്ധിപ്പിച്ചിട്ടും, അവസാനം ആസ്ത്മയായി മാറുമ്പോൾ നിരവധി ആളുകൾ അലോപ്പതി ചികിത്സ ഒഴിവാക്കി മറ്റെന്തും ചെയ്യാൻ തയ്യാറായി ആയുർവേദ ചികിത്സകരെ തേടിയെത്താറുണ്ട്. പക്ഷേ തുമ്മൽ മാറ്റുന്നത് പോലെ അത്ര എളുപ്പമല്ല ആസ്ത്മ മാറ്റി എടുക്കുവാൻ. 

കാരണങ്ങൾ
2 വിധം
1) എക്സ്ട്രൻസിക് 
ഫാക്ടേഴ്സ് (ബാഹ്യകാരണങ്ങൾ )
2) ഇൻട്രൻസിക് ഫാക്ടേഴ്സ് ( ആന്തരിക കാരണങ്ങൾ )

പൊടി, പുക, അക്കേഷ്യ, നെൽച്ചെടി തുടങ്ങിയവക ളുടെ പൂമ്പൊടി,തലയിലെ താരൻ (ഡാൻഡ്രഫ്)കാരണമുള്ള പൊടി, സൂര്യപ്രകാശം, ചിലന്തി വല,പഴയ  പുസ്തകങ്ങളിൽ നിന്നുള്ള പൊടി,വളർത്തു മൃഗങ്ങളിൽ നിന്നുമുള്ള രോമങ്ങൾ, സോഫാ സെറ്റിയിലെ പൊടി, പൗഡർ,സ്പ്രേ തുടങ്ങിയ പെർഫ്യൂമുകളുടെ മണം, പെയിന്റ്, ഷെൽഫിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന വസ്ത്രങ്ങളിൽ നിന്നുമുള്ള സ്പോറുകൾ, കമ്പിളി, മഫ്ളർ എന്നിവകളിലെ ഫൈബറുകൾ, വറുക്കുന്ന ആഹാരവസ്തുക്കളുടെ മണം തുടങ്ങിയ ബാഹ്യ കാരണങ്ങളും തണുപ്പിച്ചവ,എണ്ണയിൽ വറുത്തത്, ബേക്കറി സാധനങ്ങൾ, അയല, ചൂര, ചിപ്പി,കണവ, കൊഞ്ച്, ഞണ്ട്,കശുവണ്ടി, മുട്ട, ബ്രഡ്, ബിസ്ക്കറ്റ്,അച്ചാർ, പാൽ, തൈര്, മുന്തിരി, ഓറഞ്ച്, മുസംബി തുടങ്ങിയ പുളിയുള്ള പഴങ്ങൾ, മുരിങ്ങയ്ക്ക, തുടങ്ങിയ ആന്തരിക കാരണങ്ങളും അലർജിക് റൈനൈറ്റിസിനെ ഉണ്ടാക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഒരാളിൽ ഇപ്പറഞ്ഞ എല്ലാ കാരണങ്ങളും അലർജി ഉണ്ടാക്കണമെന്നില്ല.എന്നാൽ ഇവയിൽ പലതും അലർജിക്ക് കാരണമാകാറുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്.ഇവയിൽ പല കാരണങ്ങൾ ഒരുമിച്ച് ശീലിക്കുമ്പോൾ നിശ്ചയമായും രോഗവർദ്ധനവുണ്ടാകുന്നു.

തുമ്മൽ സാരമായി തോന്നുമ്പോൾ തന്നെ മേൽപ്പറഞ്ഞ എല്ലാ കാരണങ്ങളും  നാല് മാസത്തേക്കെങ്കിലും ഒഴിവാക്കി നോക്കുകയാണ് വേണ്ടത്. അതിനുശേഷം ഇവയിലേതെങ്കിലും കാരണം കൊണ്ടാണോ തുമ്മൽ വീണ്ടും പ്രത്യക്ഷപ്പെടുന്നതെന്ന കാര്യം മേൽപ്പറഞ്ഞ വസ്തുക്കൾ വീണ്ടും ഉപയോഗിക്കുമ്പോൾ തിരിച്ചറിയാൻ എളുപ്പമാകും. അങ്ങനെയുള്ളവ മാത്രം പിന്നീട് ഒഴിവാക്കി രോഗത്തെ  നിയന്ത്രിക്കാനാകും. എന്നാൽ  രക്തത്തിൽ വർദ്ധിച്ച തോതിലുള്ള അബ്സൊല്യൂട്ട് ഇസ്നോഫിൽ കൗണ്ട് (AEC), ഇമ്മ്യൂണോ ഗ്ലോബുലിൻ  E (IgE) എന്നിവകൂടി ചികിത്സയിലൂടെ ഭേദമാക്കിയിരിക്കണം.
AEC normal value  440 ആണ്.
IgE  normal  value 150 മുതൽ 300 വരെയാണ്

വർഷം മുഴുവൻ നീണ്ടു നിൽക്കുന്നതും സീസണൽ ആയതുമെന്ന് 2 വിഭാഗമായി അലർജിക് റൈനൈറ്റിസിനെ തിരിക്കാം. മാനസിക പിരിമുറുക്കം പോലും തുമ്മലിന് കാരണമായി മാറാം.

അലർജിക് റൈനൈറ്റിസ് വർദ്ധിക്കുന്ന എല്ലാ കാരണങ്ങളും വാസോമോട്ടോർ റൈനൈറ്റിസിനേയും വർദ്ധിപ്പിക്കും. വർഷം മുഴുവൻ തുടർന്നു കാണുകയും ചെയ്യും. എന്നാൽ നേസൽ അലർജി ടെസ്റ്റുകളെല്ലാം ഇതിൽ നെഗറ്റീവ് ആയിരിക്കും. നേസൽ മ്യൂക്കോസ ഹൈപ്പർ ആക്ടീവ് ആകുന്നത് കാരണം ചൂട്, ഈർപ്പം, കാറ്റ്, ചെറുതായി പൊടിയോ പുകയോ ഏല്ക്കുക എന്നീ സന്ദർഭങ്ങളിലെല്ലാം വാസോമോട്ടോർ റൈനൈറ്റിസ് വർദ്ധിക്കും. വികാര വിക്ഷോഭങ്ങൾ ഇത്തരമാൾക്കാരിൽ സഹിക്കാനാകാത്ത തുമ്മലുണ്ടാക്കും.

ശരിയായി ചികിത്സിച്ചില്ലെങ്കിൽ ഇടയ്ക്കിടെയുണ്ടാകുന്ന സൈനസൈറ്റിസ്,നാസാർശസ്, സീറസ് ഓട്ടൈറ്റിസ് മീഡിയ, ഓർത്തോഡോൺഡിക് പ്രശ്നങ്ങൾ, ബ്രോങ്കിയൽ ആസ്ത്മ തുടങ്ങിയവ കൂടി ഉണ്ടാകും. അലർജി കാരണം ത്വക് രോഗവും വർദ്ധിക്കും

 

ലക്ഷണങ്ങൾ

അസുഖം വർദ്ധിക്കുന്നതിനനുസരിച്ച് രോഗവ്യാപ്തി ചെവി, തൊണ്ട,കണ്ണ്,ത്വക്ക്, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിൽ എത്തുമ്പോഴാണ് ലക്ഷണങ്ങളുടെ എണ്ണവും തീവ്രതയും വർദ്ധിക്കുന്നത്.

മൂക്ക്
വീങ്ങിയിരിക്കുന്ന മ്യൂക്കോസ, മൂക്കിനുള്ളിലെ ദശ വളർച്ച,ടർബിനേറ്റുകൾക്ക് വീക്കം,മൂക്കിൽ നിന്നും നേർത്തതോ കൊഴുത്തതോ ആയ സ്രാവം, മൂക്കുകൊണ്ട് സംസാരിക്കുക (റൈനോലേലിയാ ക്ളോസാ), മൂക്കടപ്പ്, വായിൽകൂടി ശ്വാസം വിടുക, മണമറിയായ്ക, ഭക്ഷണത്തിന് രുചി അറിയായ്ക, മൂക്കിലൂടെ ശക്തിയായി ശ്വാസം എടുക്കുന്നതിനാൽ തല വേദന എന്നിവ ഉണ്ടാകുന്നു. 

കണ്ണ്
കൺപോള വീർക്കുക, കൺപോളയുടെ ഉൾവശം ചൊറിയുകയും ചുവക്കുകയും തടിക്കുകയും ചെയ്യുക,കോബിൾ സ്റ്റോൺ അപ്പിയറൻസ്,അലെർജിക് ഷൈനേഴ്സ്

ചെവി
ചൊറിച്ചിൽ,ഇടയ്ക്കിടെ ചെവിവേദന,കേൾവിക്ക് ചെറിയ കുഴപ്പങ്ങൾ,റിട്രാക്റ്റഡ് ടിംപാനിക് മെംബ്രയിൻ, സീറസ് ഓട്ടൈറ്റിസ് മീഡിയ

തൊണ്ട
തൊണ്ട ചൊറിച്ചിൽ,പനിയോട് കൂടിയ തൊണ്ടവേദന,ഇടയ്ക്കിടെ ജലദോഷം, പോസ്റ്റ് നേസൽ ഡ്രിപ്പിംഗ് കാരണം തൊണ്ടയിൽ തടഞ്ഞിരിക്കുന്നത് മാറ്റാൻ ശ്രമിക്കുന്ന പോലെ ശബ്ദമുണ്ടാക്കുക, വായനാറ്റം, മോണവീക്കം, ഫാരിഞ്ചൈറ്റിസ്
ശബ്ദ വ്യത്യാസം, വോക്കൽ കോർഡിലെ എഡിമ

ചികിത്സ  
1)കാരണങ്ങളെ ഒഴിവാക്കുക 

രോഗനിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാർഗം ഇതാണ്. ഒരുപക്ഷേ കാരണങ്ങളെ ഒഴിവാക്കാതെയുള്ള ഒരു ചികിത്സയും ഈ രോഗത്തിൽ ഫലപ്രദമല്ലെന്ന് തന്നെ പറയാം. എന്നാൽ രോഗം കാരണമുണ്ടായ ശാരീരിക വ്യതിയാനങ്ങൾ ഇതുകൊണ്ടുമാത്രം മാറണമെന്നില്ല. 

2)ഔഷധ ചികിത്സ

രോഗിക്ക് കുറെയൊക്കെ ആശ്വാസം നൽകുവാൻ ഇതുകൊണ്ട് സാധിക്കും. എന്നാൽ ഇത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോൾ ക്രമേണ അവ കൂടുതൽ അളവിൽ ഉപയോഗിക്കേണ്ട അവസ്ഥയിലെത്തുകയും,എന്നാലും ആശ്വാസം ലഭിക്കാതെ ആസ്ത്മാ രോഗമായി മാറുകയും ചെയ്യും.ക്ഷീണവും ഉറക്കവും അഡിക്ഷനും ഉണ്ടാക്കുന്ന സ്വഭാവവും ഈ മരുന്നുകൾക്കുണ്ട്. 

3) രോഗ പ്രതിരോധ ചികിത്സ 

ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുവാൻ ഉതകുന്ന അലോപ്പതി ചികിത്സ ചിലർക്കൊക്കെ പ്രയോജനപ്പെട്ടേക്കാം. എന്നാൽ പലരിലും വെറുതെ കുറെനാൾ മരുന്ന് ഉപയോഗിക്കാമെന്നല്ലാതെ മറ്റു ഗുണങ്ങൾ കാണാറില്ല.രണ്ടോ മൂന്നോ വർഷം ഇമ്മ്യൂണോതെറാപ്പിയുടെ ഭാഗമായുള്ള മരുന്നുകൾ ഉപയോഗിച്ചിട്ടും ഗുണം ലഭിക്കാത്തവർ ഒരു വർഷം കൂടി അവ തുടരണമെന്നും എന്നിട്ടും പ്രയോജനമൊന്നും ലഭിച്ചില്ലെങ്കിൽ അവ പിന്നെ നോക്കേണ്ടതില്ലെന്നുമാണ് രോഗികൾക്ക് നൽകുന്ന നിർദ്ദേശം.

4) സർജറി

തുടർച്ചയായ രോഗംകൊണ്ട് മൂക്കിനുള്ളിൽ ദശ വളർച്ച(നേസൽ പോളിപ്പ്), മൂക്കിൻറെ പാലം വളയുക( ഡീവിയേഷൻ ഓഫ് നേസൽ സെപ്റ്റം)  തുടങ്ങിയ അവസ്ഥകളുണ്ടാകും.മൂക്കിൽ കൂടിയുള്ള ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടുണ്ടാകുകയാണെങ്കിൽ സർജറി താൽക്കാലികമായി പ്രയോജനം ചെയ്യാം. എന്നാൽ കാരണങ്ങൾ ഒഴിവാക്കപ്പെടുന്നില്ല എന്നതിനാൽ ഇതേ അവസ്ഥ പിന്നെയും ഉണ്ടാകുകയും സർജറി ആവർത്തിക്കേണ്ടി വരികയും ചെയ്യാം.

രോഗത്തിന്റെ കാരണങ്ങളെന്തൊക്കെയാണെന്നും,എന്തുകൊണ്ട് അവ രോഗകാരണമാകുന്നുവെന്നും, എല്ലാ കാരണങ്ങളും എല്ലാ ആൾക്കാരിലും എന്തുകൊണ്ട് രോഗത്തെ ഉണ്ടാക്കുന്നില്ലെന്നും വ്യക്തമാക്കി കൊടുക്കുവാൻ ഒരു ആയുർവേദ ചികിത്സകന് നിഷ്പ്രയാസം സാധിക്കും.

രോഗിയുടെ ശാരീരിക വ്യതിയാനങ്ങൾക്കനുസരിച്ച് പലവിധ ആയുർവേദ മരുന്നുകളും അവയിൽ തന്നെ തലയിൽ തേയ്ക്കുവാൻ എണ്ണ വേണമോ?എങ്കിൽ ഏത് വേണം? തുടർച്ചയായി കഴിക്കുവാൻ ഏത് മരുന്ന്? ഇടയ്ക്കിടെ രോഗം വർദ്ധിക്കുമ്പോൾ അധികമായി ഉൾപ്പെടുത്തേണ്ടവ ഏത്? പഞ്ചകർമ്മ ചികിത്സകളിൽ നസ്യം തുടങ്ങിയവയ്ക്ക് ഏത് മരുന്നുപയോഗിച്ച് പ്രയോജനപ്പെടുത്താം? തുടങ്ങിയ കാര്യങ്ങൾ ഓരോ രോഗിയിലും വ്യത്യസ്തങ്ങളാണ്.

രോഗത്തിന്റേയും അവ കാരണമുണ്ടായ ശാരീരിക വ്യതിയാനങ്ങളുടേയും അവസ്ഥ മനസ്സിലാക്കി മാത്രമേ ഒരു ചികിത്സ നിശ്ചയിക്കാൻ ആയുർവേദത്തിലൂടെ സാധിക്കുകയുള്ളൂ. ഈ രോഗത്തിന്റെ ഏത് അവസ്ഥയിലും ആയുർവേദ ചികിത്സ വളരെ ഫലപ്രദമാണ്. 

ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
BAMS, MD
9447963481

വർഷം മുഴുവൻ നീണ്ടു നിൽക്കുന്നതും സീസണൽ ആയതുമെന്ന് 2 വിഭാഗമായി അലർജിക് റൈനൈറ്റിസിനെ തിരിക്കാം. മാനസിക പിരിമുറുക്കം പോലും തുമ്മലിന് കാരണമായി മാറാം.

0 Comments

Leave a comment