/uploads/news/2459-IMG_20211114_162735.jpg
Health

നിയന്ത്രണമില്ലാത്ത പ്രമേഹ രോഗികളുടെ ശ്രദ്ധയ്ക്ക് ... (ഡോ.ഷർമദ് ഖാൻ)


'ഓഹ്, അതിനി മാറാനൊന്നും പോണില്ലല്ലോ? മരുന്നും കഴിച്ചിരിക്കാം'. എന്നാണ് ചിലരെങ്കിലും പ്രമേഹത്തെക്കുറിച്ച് പറയാറുള്ളത്.... ഒരിക്കലും മാറാത്തൊരു രോഗത്തിന് വേണ്ടി എന്തിനിത്ര ശ്രദ്ധ നൽകുന്നുവെന്ന് വിചാരിച്ച് ചികിത്സയുടെ ഗൗരവം കുറച്ചു കാണുന്നവരുമുണ്ട്. മരുന്ന് കഴിച്ചാൽ വേഗം കിഡ്നി അടിച്ചു പോകുമെന്ന് പറഞ്ഞു നടക്കുന്നവരും അതുകാരണം ചികിത്സ താമസിപ്പിച്ച് രോഗത്തിന്റെ സെക്കന്ററി കോംപ്ലിക്കേഷനുകൾ നേരത്തെ തന്നെ ക്ഷണിച്ചു വരുത്തുന്നവരുമുണ്ട്.... അത്തരക്കാർ സൂക്ഷിക്കുക ... പ്രമേഹമുണ്ടെന്നറിഞ്ഞ ശേഷം പലവിധ ഇടപെടലുകളിൽ ഏതാണ് വേണ്ടതെന്ന് അവരവർക്ക് തന്നെ തീരുമാനിക്കാം. എന്നാൽ എന്തു തന്നെയായാലും രക്തത്തിലെ ഷുഗർലെവൽ കൂടി നോർമലായിരിക്കണമെന്ന കാര്യം ശ്രദ്ധിച്ചേ മതിയാകൂ. ഭക്ഷണം കഴിച്ചാലും അതിനു മുമ്പും കൃത്യമായ ഇടവേളകളിലും ഷുഗർ കൂടി പരിശോധിച്ച് മാത്രമേ പ്രമേഹം നിയന്ത്രണത്തിലാണോ എന്ന് വിലയിരുത്താനാകൂ. [ഡോക്ടർ ഒരിക്കൽ കുറിച്ച മരുന്ന് അല്പം പോലും വ്യത്യാസമില്ലാതെ കഴിക്കുന്നത് കൊണ്ടോ വളരെ കൃത്യമായി മധുരം ഒഴിവാക്കുന്നത് കൊണ്ടോ മാത്രം പലപ്പോഴും ഷുഗർ നിയന്ത്രണത്തിലാകണമെന്നില്ല. ഭക്ഷണം ഒഴിവാക്കി ഷുഗർ നിയന്ത്രിക്കാമെന്നതും വ്യാമോഹം മാത്രമാണ്].... പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തവരിൽ കൊളസ്ട്രോളും കരൾ സംബന്ധമായ വിഷമതകളും പെട്ടെന്ന് വർദ്ധിക്കുന്നതായി കാണാം. ഇവയും മറ്റ് ദഹന പ്രശ്നങ്ങളും ഇല്ലാതിരിക്കുന്നവരിൽ മരുന്നിനൊപ്പം ശരിയായ പഥ്യങ്ങൾ ഉൾപ്പെടുത്തിയും അപഥ്യങ്ങൾ ഒഴിവാക്കിയുമുള്ള ഭക്ഷണവും വ്യായാമവും ഉൾപ്പെടെയുള്ള മറ്റു ശീലങ്ങളും പ്രമേഹത്തെ കുറയ്ക്കും. പ്രമേഹത്തിന്റെ ദീർഘ സ്ഥായീഭാവം (ക്രോണിക് നേച്ചർ) കൊണ്ടും നിയന്ത്രണ വിധേയമല്ലാത്തപ്പോഴും കാഴ്ചയ്ക്ക് കുഴപ്പം, മലബന്ധം, അമിതമായ ക്ഷീണം, കൈകാൽ തളർച്ച, പെരുപ്പ്, കഴപ്പ്, ഒന്നിനും ഉത്സാഹമില്ലായ്മ, ലൈംഗിക ശേഷിക്കുറവ്, തോൾ വേദന, ഫംഗസ് ബാധ, ചൊറിച്ചിൽ, തലവേദന തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടാകും. ഇത്തരം ലക്ഷണങ്ങൾ കുറയ്ക്കുന്നതിനുള്ള ചികിത്സ പ്രയോജനപ്പെടണമെങ്കിൽ ഷുഗർ നിലയും നിയന്ത്രണ വിധേയമാക്കേണ്ടി വരും. ഷുഗർ അങ്ങനെ നിന്നോട്ടെ, എനിക്കുള്ള മറ്റു ബുദ്ധിമുട്ടുകൾ മാറ്റിത്തരൂ എന്ന് പറയുന്ന രോഗികളെ ഡോക്ടർക്ക് നിരാശപ്പെടുത്തേണ്ടി വരും. അങ്ങനെയല്ല യഥാർത്ഥത്തിൽ ചികിത്സിക്കേണ്ടതെന്ന് അവരെ ഓർമ്മപ്പെടുത്തേണ്ടിയും വരും. പ്രമേഹത്തിന്റെ ചികിത്സ കൂടുതൽ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള മരുന്നുകൾ തന്നെ പ്രധാനമായും നൽകേണ്ടതായും വരും. വർദ്ധിച്ച പ്രമേഹ രോഗത്തിൽ കണ്ണിലുണ്ടാകുന്ന പ്രയാസങ്ങൾക്ക് തുള്ളി മരുന്ന് ഒഴിക്കുകയോ കാലിലെ തരിപ്പിനും മരവിപ്പിനും ബലക്കുറവിനും തൈലം പുരട്ടുകയോ ഗുളിക കഴിക്കുകയോ ചെയ്യുന്നതു കൊണ്ട് ശരിയായ പ്രയോജനം ലഭിക്കണമെന്നില്ലെന്നു സാരം. ഇതു പോലെയാണ് ത്വക്ക് രോഗങ്ങൾക്കും വായ്ക്കുള്ളിലുള്ള രോഗങ്ങൾക്കും ഉൾപ്പെടെ പ്രമേഹരോഗ നിയന്ത്രണം കൂടി നിർബന്ധമായും ആവശ്യമാണ്. ഒരു സമയം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറച്ച് അതുതന്നെ പല തവണയായി കഴിച്ചാൽ ഉള്ളിലേക്കെത്തുന്ന ഷുഗറിന്റെ അളവ് അമിതമായി വർദ്ധിക്കാതെ ക്രമപ്പെടുത്താം. ധാന്യാഹാരം വളരെ കുറയ്ക്കുവാനും തവിടും ഉമിയും ഉള്ള ധാന്യാഹാരം കഴിക്കുവാനും ശ്രദ്ധിക്കണം. എണ്ണയും മസാലയുമുള്ള ആഹാരങ്ങൾ ദഹനത്തിന് കുഴപ്പമുണ്ടാക്കുമെന്നതിനാൽ അവയും നിയന്ത്രിക്കണം. ശരിയായ ഉറക്കം ലഭിക്കണം. അതിനായി ഉറക്കം ലഭിക്കുകയും പ്രമേഹത്തെ കുറയ്ക്കുകയും കണ്ണിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്ന എണ്ണ തലയിൽ തേച്ച് ചൂടാറ്റിയ വെള്ളത്തിലോ പച്ച വെള്ളത്തിലോ കുളിക്കണം. പ്രമേഹ രോഗമുണ്ടെന്ന് അറിയുന്ന ദിവസം തന്നെ മദ്യപാനം, പുകവലി എന്നിവ നിറുത്തണം. കണ്ണിൽ ആയുർവേദ തുള്ളിമരുന്ന് ഇറ്റിക്കാൻ തുടങ്ങണം. കാലുകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് തൈലം പുരട്ടുകയും ദഹന സംബന്ധമായ രോഗങ്ങൾക്ക് കൂടി മരുന്ന് ഉൾപ്പെടുത്തുകയും മലശോധന സുഗമമാക്കുന്ന വിധത്തിൽ ഭക്ഷണം ക്രമീകരിക്കുകയും വേണം. ശരിയായ വ്യായാമം കൊണ്ടു തന്നെ ഷുഗർ നില കുറയ്ക്കുവാനാകും. മാംസ പേശികൾ എത്ര മാത്രം ഉപയോഗിക്കപ്പെടുന്നുവോ അത്ര മാത്രം ഷുഗർനില ശരീരത്തിൽ കുറഞ്ഞു കിട്ടും. എന്നാലും അമിത വ്യായാമം കാരണം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതെയും ശ്രദ്ധിക്കണം. അത് വാത രോഗങ്ങളെ വർദ്ധിപ്പിക്കും. ഡയബറ്റിക് ന്യൂറോപ്പതി പോലുള്ള രോഗങ്ങൾ ഉണ്ടാകാനിടവരാതെ നോക്കണം. അത്തരം രോഗങ്ങളുടെ ചികിത്സയിലും പ്രമേഹ നിയന്ത്രണത്തിനുള്ള അതേ പ്രാധാന്യം തന്നെ നൽകേണ്ടതുണ്ട്. അല്ലാതെ പ്രമേഹമുള്ളവർക്ക് കാലുകളുടെ പ്രശ്നങ്ങൾ സ്വാഭാവികമാണെന്ന രീതിയിൽ ചികിത്സ ഒഴിവാക്കരുത്. നടക്കുന്നതും വിയർക്കുന്നതും നല്ലതാണ്. എന്നാൽ വിയർത്ത് കുഴഞ്ഞു പോകാതെ ശ്രദ്ധിക്കണം. പ്രമേഹ രോഗം നിയന്ത്രണത്തിലാകണമെങ്കിൽ ആവശ്യത്തിനുള്ള വിശ്രമം മാത്രമേ പാടുള്ളൂ. വിശ്രമം അധികമായാലും ദോഷം തന്നെ. തണുത്ത വെള്ളത്തിൽ തന്നെ കുളിക്കുന്നതാണ് കണ്ണുകൾക്കും മുടി കൊഴിച്ചിൽ ഒഴിവാക്കുന്നതിനും ത്വക്കിന്റെ രൂക്ഷത കുറയ്ക്കുന്നതിനും നല്ലത്. കാലുകൾക്കും മറ്റും വേദന വർദ്ധിക്കുമെങ്കിൽ മാത്രം ചൂടാറ്റിയ വെള്ളം ഉപയോഗിക്കാം. ദഹന സംബന്ധമായ ബുദ്ധിമുട്ടുകളും ഗ്യാസും മലബന്ധവുമില്ലെങ്കിൽ തന്നെ മെറ്റബോളിസം ഏകദേശം ശരിയായി മുന്നോട്ടു പോകുന്നുവെന്ന് മനസ്സിലാക്കാം. ഷുഗർനില കുറയുക എന്ന ലക്ഷ്യത്തോടെ മാത്രം പ്രമേഹ രോഗികൾ മരുന്ന് കഴിക്കരുത്. എത്രമാത്രം മരുന്ന് വർദ്ധിപ്പിക്കാം എന്നല്ല നോക്കേണ്ടത്. പരമാവധി മരുന്ന് കുറച്ച് പ്രമേഹത്തെ നിയന്ത്രണത്തിൽ നിർത്തുവാൻ എന്തൊക്കെ ചെയ്യാമെന്നാണ് പരിശ്രമിക്കേണ്ടത്. മരുന്ന് പോലെ തന്നെ ഉപയോഗപ്പെടുത്താവുന്നതാണ് പ്രമേഹത്തെ നിയന്ത്രിക്കുന്ന മറ്റ് ഇടപാടുകളും. അവയെല്ലാം ഭംഗിയായി ചെയ്താൽ ഷുഗർ നില മാത്രമല്ല പ്രമേഹ ഉപദ്രവ രോഗങ്ങളെല്ലാം നിയന്ത്രണത്തിലാകും. രക്തത്തിൽ ഷുഗർ നില നോക്കുന്നതു പോലെ മൂത്രത്തിൽ മൈക്രോ ആൽബുമിൻ, രക്തത്തിൽ ക്രിയാറ്റിനിൻ എന്നിവയും ഇടയ്ക്ക് പരിശോധിക്കേണ്ടതാണ്. ജീവിതശൈലീ രോഗങ്ങളിൽ ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ടെങ്കിലും അത് മാത്രമാണ് ചികിത്സ എന്ന് കരുതരുത്. ഏതൊക്കെ ജീവിതശൈലീ രോഗങ്ങളുണ്ടോ അവയെല്ലാം നിയന്ത്രണത്തിലാക്കി വെയ്ക്കണം. അമിത വണ്ണമുള്ളവരും രക്ത സമ്മർദ്ദം കൂടിയവരും കൊളസ്ട്രോൾ വർദ്ധിച്ചവരും അതു കൂടി നിയന്ത്രണത്തിലാക്കിയാൽ പക്ഷാഘാതവും ഹൃദ്രോഗവും തടയുവാനാകും. ഇടയ്ക്കിടെ ഷുഗർ ലെവൽ വല്ലാതെ കൂടുകയും അതു പോലെ കുറയുകയും ചെയ്യുന്നത് കൂടുതൽ അപകടകരമാണ്. വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ ഷുഗർ ലെവൽ നിയന്ത്രിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹ നിയന്ത്രണത്തിന് മരുന്നിന്റെ അളവ് വർദ്ധിപ്പിച്ച് ഉപയോഗിക്കുന്നവർ ഷുഗർ ലെവൽ പെട്ടെന്ന് വളരെ കുറഞ്ഞു പോകാതിരിക്കുവാൻ കൂടുതൽ ശ്രദ്ധ നൽകണം. ഷുഗർ വർദ്ധിക്കുന്നതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ട് ഷുഗർ കുറഞ്ഞു പോയത് കാരണം സംഭവിക്കാവുന്നതാണ്.... (ലേഖകൻ: ഡോ. ഷർമദ് ഖാൻ, സീനിയർ മെഡിക്കൽ ഓഫീസർ, ഗവൺമെൻ്റ് ആയുർവ്വേദ ഡിസ്പെൻസറി, നേമം, ഫോൺ: 94479 63481)

നിയന്ത്രണമില്ലാത്ത പ്രമേഹ രോഗികളുടെ ശ്രദ്ധയ്ക്ക് ... (ഡോ.ഷർമദ് ഖാൻ)

0 Comments

Leave a comment