തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച അഴൂരിൽ പക്ഷികളെ കൊന്നൊടുക്കൽ ദൗത്യം പൂർത്തിയായി. കോഴി, താറാവ് എന്നിവയടക്കം 3,582 പക്ഷികളെയാണ് രണ്ട് ദിവസങ്ങളിലായി കൊന്ന് കത്തിച്ചത്. ഇതിൽ 2,326 കോഴികളും 1,012 താറാവുകളുമുണ്ട്. ഇതിന് പുറമെ 244 അലങ്കാര-അരുമപ്പക്ഷികളെയും കൊന്നൊടുക്കി. 693 കോഴിമുട്ടയും 344.75 കിലോ തീറ്റയും കത്തിച്ച് നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു. 50 കോഴികളുള്ള ഒരു ഫാമാണ് പ്രദേശത്തുണ്ടായിരുന്നത്. പുറമെ വീടിനോട് ചേർന്ന് വളർത്തിയ 1,500 കോഴികളും. ഇതെല്ലാം ഉൾപ്പെടെയാണ് 2,326 കോഴികൾ.
ക്ലോറോ ഫോം ഉപയോഗിച്ച് ശാസ്ത്രീയമായാണ് പക്ഷികളെ കൊന്നത്.
തുടർന്ന് ഇവയെല്ലാം പെരുങ്ങുഴിക്ക് സമീപം കായൽ തീരത്തെ പുറമ്പോക്ക് ഭൂമിയിലെത്തിച്ച് കുഴിയെടുത്ത് കത്തിച്ചു. കൂടാതെ മുട്ടയും കാലിത്തീറ്റ എന്നിവയടക്കം ഇവിടെയെത്തിച്ച് കത്തിച്ചശേഷം മണ്ണിട്ട് മൂടുകയും അതിന് മുകളിൽ മണ്ണ് പുറത്ത് കാണാത്തവിധം കുമ്മായം മൂടുകയും ചെയ്തു. കൂടാതെ മൂന്ന് മാസത്തേക്ക് ഇവിടെ മറ്റൊരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്തു.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ധ്രുതകർമസേനയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ നടത്തിയത്. എട്ടു യൂണിറ്റുകളാണ് ഒരേസമയം പ്രവർത്തിച്ചത്. ഒരു ഡോക്ടർ, രണ്ട് ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, ഒരു അറ്റൻഡർ, രണ്ട് തൊഴിലാളികൾ, വാർഡ് മെംബർ, ആശ പ്രവർത്തക, ഒരു പോലീസ് ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് ഓരോ സംഘത്തിലുമുണ്ടായിരുന്നത്. ഇതിന് പുറമെ അഗ്നിശമന സേനയും ഒപ്പമുണ്ടായിരുന്നു.
പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജംങ്ഷൻ വാർഡിന്റെ (വാർഡ്-15) ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളായ റെയിൽവേ സ്റ്റേഷൻ വാർഡ് (വാർഡ്-17) പൂർണമായും, പഞ്ചായത്ത് ഓഫിസ് (വാർഡ് 16), കൃഷ്ണപുരം (വാർഡ് 7), അക്കരവിള (വാർഡ് 14), നാലുമുക്ക് (വാർഡ് 12) കൊട്ടാരംതുരുത്ത് (വാർഡ് 18) എന്നിവയിൽ ഭാഗികമായും ഉൾപ്പെട്ട പ്രദേശങ്ങളിലെ മുഴുവൻ പക്ഷികളെയുമാണ് നശിപ്പിച്ചത്.
കിഴുവിലം, കടക്കാവൂർ കീഴാറ്റിങ്ങൽ ചിറയിൻകീഴ്, മംഗലപുരം, അണ്ടൂർകോണം, പോത്തൻകോട് എന്നീ പഞ്ചായത്തുകളും തിരുവനന്തപുരം കോർപറേഷനിലെ കഴക്കൂട്ടം (വാർഡ്-01), ആറ്റിപ്ര വാർഡിലെ ആറ്റിൻകുഴി പ്രദേശം എന്നിവയും ഉൾപ്പെടുന്ന സർവൈലൻസ് സോണിന്റെ പരിധിയിൽ നിന്ന് പുറത്തേക്കും അകത്തേക്കും കോഴി, താറാവ്, അരുമപ്പക്ഷികൾ എന്നിവയുടെ കൈമാറ്റം, കടത്ത്, വിൽപന എന്നിവ കളക്ടർ നിരോധിച്ചിട്ടുണ്ട്.
കോഴിക്കും താറാവിനും നഷ്ടപരിഹാരം:
തിരുവനന്തപുരം: കൊന്നൊടുക്കിയവയിൽ അരുമപ്പക്ഷികളൊഴികെയുള്ളവയ്‌ക്ക് സർക്കാർ നഷ്ടപരിഹാരം നൽകും. രണ്ട് മാസത്തിൽ താഴെ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് 100 രൂപ വീതവും രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ളവക്ക് 200 രൂപ വീതവുമാണ് നൽകുക.
മുട്ട ഒന്നിന് അഞ്ച് രൂപയും തീറ്റ കിലോഗ്രാമിന് 12 രൂപ നിരക്കിലും നഷ്ടപരിഹാരം നൽകും. ആളുകളുടെ ഉപജീവനമാർഗം എന്ന നിലയിലാണ് ഇവക്ക് നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. സമാനരീതിയിൽ പക്ഷിപ്പനി മൂലം പക്ഷികളെ കൊന്നൊടുക്കിയ ആലപ്പുഴയിലും കോട്ടയത്തുമായി നാല് കോടി രൂപ കർഷകർക്ക് വിതരണം ചെയ്തിരുന്നു.
ക്ലോറോ ഫോം ഉപയോഗിച്ച് ശാസ്ത്രീയമായാണ് പക്ഷികളെ കൊന്നത്





0 Comments