പോത്തൻകോട്: പാലുല്പാദന മികവിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തു നില്ക്കുന്ന കേരളത്തിലെ മുഴുവൻ ക്ഷീര കർഷകരെയും സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ കൊണ്ടുവരുമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. തിരുവനന്തപുരം ജില്ലാ ക്ഷീരസംഗമം തോന്നക്കൽ വേങ്ങോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
152 ബ്ലോക്കുകളിലും വെറ്റിനറി ആംബുലൻസ് സർവീസ് ലഭ്യമാക്കുമെന്നും ഇതിനു പുറമേ ഒരു കോടി രൂപ വിലവരുന്ന ആധുനിക സജ്ജീകരണങ്ങളുള്ള ആംബുലൻസുകൾ എല്ലാ ജില്ലകളിലും ലഭ്യമാക്കുമെന്നും, മൂന്ന് ജില്ലകൾക്ക് ഇതിനകം ഇത് നൽകി കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രസവത്തിലും മറ്റ് അത്യാഹിതങ്ങളിലും എഴുന്നേൽക്കാനാവാതെ കിടന്നു പോകുന്ന പശുക്കളെ എഴുന്നേറ്റ് നിർത്തുവാനുള്ള സൗകര്യങ്ങളും എക്റേ-സർജറി സൗകര്യങ്ങളുള്ള ആംബുലൻസുകളാണ് ലഭ്യമാക്കുക. രാത്രിയും പകലും ഇവയുടെ സേവനം കർഷകർക്ക് ലഭ്യമാകും.
80 ശതമാനത്തിലധികം സങ്കരയിനം പശുക്കളുള്ള സംസ്ഥാനത്ത് തീറ്റപ്പുൽ കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ക്ഷീരസംഘങ്ങൾ തന്നെ മുന്നിട്ടിറങ്ങണമെന്നും സംഘങ്ങൾ നേരിട്ട് അഞ്ചോ പത്തോ ഏക്കറുകളിൽ തീറ്റപ്പുൽ കൃഷി ചെയ്ത് ന്യായവിലയ്ക്ക് കർഷകർക്കു ലഭ്യമാക്കുവാൻ മുന്നോട്ടുവരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരേക്കറിലെ കൃഷിക്ക് 16,000 രൂപ സബ്സിഡി ലഭിക്കുന്നതിനു പുറമേ തൊഴിലുറപ്പ് പദ്ധതി ഇതിനായി പ്രയോജനപ്പെടുത്താൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വിപണിയിൽ ഇന്ന് ലഭിക്കുന്ന കാലിത്തീറ്റയിൽ നിന്ന് 200 രൂപയിലധികം കുറവാണ് മിൽമയുടെയും കേരള ഫീഡ്സിന്റെയും തീറ്റയെന്നും എന്നാൽ ഈ തീറ്റകൾ ഗുണകരമല്ലെന്ന വ്യാജ പ്രചാരണം ചില കേന്ദ്രങ്ങൾ ബോധപൂർവ്വം അഴിച്ചു വിടാറുണ്ടെന്നും കേരളത്തിൽ തന്നെ സർക്കാർ നിയന്ത്രണത്തിൽ ഉത്പാദിപ്പിക്കുന്ന ഈ തീറ്റ സ്വകാര്യ കമ്പനികളുടെ തീറ്റയേക്കാൾ ഗുണനിലവാരമുള്ളതാണെന്നു കർഷകർ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.
കന്നുകാലികളുടെ ചികിത്സയ്ക്ക് ആവശ്യമായി വരുന്ന മുഴുവൻ മരുന്നും മൃഗാശുപത്രികൾ വഴി ലഭ്യമാക്കുവാൻ നടപടി സ്വീകരിച്ചു കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം മിച്ചമുള്ള ഏഴരക്കോടി രൂപയുടെ മരുന്ന് മെഡിക്കൽ കോർപ്പറേഷൻ വഴി സർക്കാർ നേരിട്ടു വാങ്ങുവാനും വരുന്ന വർഷം 20 കോടി രൂപയുടെ മരുന്നു കൂടി വാങ്ങുവാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ കർഷകരിൽ നിന്നും നേരിട്ട് പാൽ സംഭരിക്കുന്ന മിൽമ അമ്പതിൽപ്പരം ഉൽപ്പന്നങ്ങൾ നിർമ്മിച്ചു വിപണനം നടത്തുക വഴി തിരുവനന്തപുരം മേഖലാ യൂണിയൻ മാത്രം ഒരു മാസം ഒരു കോടി രൂപ ലാഭം ഉണ്ടാകാറുണ്ട്. ഇതിൽ 75-80 ശതമാനവും സംഘങ്ങൾ വഴി കർഷകർക്ക് സബ്സിഡി നൽകാനാണ് വിനിയോഗിക്കുന്നത്. പാൽ വില വർധിപ്പിക്കാതെ തന്നെ ക്ഷീര കർഷകർക്ക് ഉത്പാദന ചെലവിന് ആനുപാതികമായി സബ്സിഡി വർധിപ്പിച്ചു നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്.
ത്രിതല പഞ്ചായത്തുകൾ ക്ഷീരകർഷകർക്ക് നൽകുന്ന ആനുകൂല്യങ്ങൾക്കു പുറമെ സർക്കാരും മിൽമയും ഉൽപ്പാദന അളവിനനുസരിച്ച് സബ്സിഡി വർദ്ധിപ്പിച്ചു നൽകാൻ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനായിരുന്നു.
മിൽമ ഉത്പാദിപ്പിക്കുന്ന നെയ്യും മിൽമയുടെ പായസ കൂട്ടുകളുമുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ മിൽമയിൽ നിന്നും സപ്ലൈകോ സംഭരിച്ച് വിപണനം ചെയ്യുക വഴി കർഷകരെ സഹായിക്കുന്നുണ്ടെന്നും ക്ഷീരവികസന മേഖലയിൽ കേരളം കർഷകർക്കൊപ്പം നിന്നു നേട്ടങ്ങൾ കൈവരിക്കുകയാണെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു.
ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വേണുഗോപാലൻ നായർ, എം.ജലീൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷീര സഹകരണ സംഘം പ്രസിഡണ്ടുമാർ, ജീവനക്കാർ,
വിവിധ മേഖലകളിൽ മികവ് തെളിയിച്ച ക്ഷീര കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വേങ്ങോട് ക്ഷീര സംഘം പ്രസിഡണ്ടും സ്വാഗത സംഘം ചെയർമാനുമായ ആർ. ജയൻ സ്വാഗതവും ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ജയൻ നന്ദിയും പറഞ്ഞു.
മുഴുവൻ ക്ഷീര കർഷകരെയും സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ കൊണ്ടുവരും- മന്ത്രി ചിഞ്ചു റാണി





0 Comments