/uploads/news/news_ലബോറട്ടറി_പരിശോധനകൾ_നല്ലതുതന്നെ_1677402791_5551.jpg
Health

ലബോറട്ടറി പരിശോധനകൾ നല്ലതുതന്നെ


"എന്താ ഡോക്ടറേ എക്സ്-റേ എടുക്കണ്ടേ? രക്തം നോക്കണ്ടേ?"

മുമ്പൊക്കെ ആവശ്യമായ ലബോറട്ടറി പരിശോധനകൾ നടത്തുന്നതിന് രോഗികളെ ഡോക്ടർ നിർബന്ധിക്കണമായിരുന്നു. എന്നാലിപ്പോൾ "എന്താ ഡോക്ടറേ എക്സ്-റേ എടുക്കണ്ടേ? രക്തം നോക്കണ്ടേ?" എന്ന് രോഗികൾ ചോദിച്ചു വരുന്നുണ്ടെന്ന് മാത്രമല്ല ഇവയെങ്കിലും പരിശോധിക്കാൻ പറയാത്ത ഡോക്ടർ രോഗികളുടെ കണ്ണിൽ മോശക്കാരനുമാണ്.

ഒരു രോഗം ശരിയായി നിർണ്ണയിക്കുന്നതിനും ഇടയ്ക്കിടെ ചികിത്സയുടെ പുരോഗതി വിലയിരുത്തുന്നതിനും ലബോറട്ടറി പരിശോധനകൾ അത്യാവശ്യമാണ്. എളുപ്പത്തിലുപയോഗിക്കാവുന്ന ചില പരിശോധനാ സംവിധാനങ്ങളും ഡോക്ടറുടെ പക്കൽ തന്നെ കാണുകയും ചെയ്യും. ഡോക്ടർ നിർദ്ദേശിക്കുന്നതും സ്വയം തോന്നുന്നതുമായ പരിശോധനകൾ നടത്തുന്നവരും "വാർഷിക പരിപാടി"യായി "മൊത്തത്തിലൊരു പരിശോധന" നടത്തുന്നവരുമുണ്ട്. ഇവ പലതും  രോഗചികിത്സയ്ക്ക് ഡോക്ടറെ സഹായിക്കുന്ന രീതികളാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അനവസരത്തിലും അനാവശ്യമായും പരിശോധനകൾ നടത്തുന്നവരുമുണ്ടെന്ന് പറയുന്നതാണ് ശരി. രക്തവും മൂത്രവും പരിശോധിക്കുന്ന അതേ ലാഘവത്തോടെ എക്സ് റേയും സ്കാനിംഗും നടത്തണമെന്ന് ആവശ്യപ്പെടുന്ന രോഗികളും കുറവല്ല. 

സ്കാനിംങിനേക്കാൾ ചെലവ് കുറവായതിനാൽ അധികമാൾക്കാർക്കും താല്പര്യം എക്സ് റേ യാണ്. എന്നാൽ അതുകാരണമുണ്ടാകാവുന്ന ഹാനികരമായ റേഡിയേഷൻ സംബന്ധിച്ച ദൂഷ്യവശങ്ങൾ അവർ മനസ്സിലാക്കുന്നതേയില്ല. പലപ്പോഴും ഇത്തരത്തിലുള്ള ഒരു പരിശോധന നടത്തേണ്ടത് ചികിത്സകനെ സംബന്ധിച്ച് രോഗനിർണ്ണയത്തിനും രോഗതീവ്രത മനസ്സിലാക്കുന്നതിനും ചികിത്സയുടെ പുരോഗതി വിലയിരുത്തുന്നതിനും അത്യാവശ്യമായി വന്നേക്കാം. എന്നാൽ ഒരു രോഗിയെ സംബന്ധിച്ച് പരിശോധന വഴി കാര്യങ്ങൾ ബോദ്ധ്യപ്പെടുക എന്നത് മാത്രമേ ആവശ്യമുള്ളൂ. 

അപ്പോൾപിന്നെ മേൽപ്പറഞ്ഞ കാര്യങ്ങളിൽ കൃത്യതയുള്ള ഒരു ഡോക്ടർക്ക് ഇവ വീണ്ടും പരിശോധിക്കുന്നതിനായി രോഗിയെ ലബോറട്ടറിയിലേക്കോ സ്കാനിംഗ് സെന്ററിലേക്കോ പറഞ്ഞുവിടേണ്ട കാര്യമില്ല. ഒരു ചികിത്സ എത്രകാലം തുടരേണ്ടതുണ്ട് ? നേരത്തെ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ മാറി വരുന്നുണ്ടോ? എന്നൊക്കെ വിലയിരുത്തേണ്ട ഘട്ടങ്ങളിലും ഡോക്ടർ തന്നെ രോഗിയോട് ഇത്തരം പരിശോധനകൾ നടത്തണമെന്ന് നിർദ്ദേശിക്കും.

രോഗാവസ്ഥ ഏറിയും കുറഞ്ഞും നിൽക്കുന്ന സാഹചര്യമുണ്ടാകുമ്പോഴോ നിലവിലെ ചികിത്സ മാറ്റേണ്ട സാഹചര്യമുണ്ടാകുമ്പോഴോ തുടരെത്തുടരെ പ്രഷറും ഷുഗറുമൊക്കെ പരിശോധിക്കുന്നത് കണ്ടിട്ടില്ലേ ? അത് ചിലപ്പോൾ ആവശ്യമായി വരാറുണ്ട്. അത്തരം സാഹചര്യമില്ലാത്തപ്പോഴും "ഞാൻ ദിവസവും രണ്ടു നേരം വീട്ടിൽ വച്ച് തന്നെ ഷുഗർ പരിശോധിക്കും" എന്ന് ചിലർ പറയുന്നത് എന്തിനാണെന്നറിയില്ല. അത്തരം രോഗികൾ ഡോക്ടർ നിർദ്ദേശിക്കുന്ന ഇടവേളകളിലാണ് ആ വിധമുള്ള പരിശോധനകൾ നടത്തേണ്ടതെന്ന് മനസ്സിലാക്കണം. 'എന്റെ പ്രഷർ കൂടുന്നുണ്ടോ?' എന്ന് സംശയിച്ച് ടെൻഷനടിച്ച് താൽക്കാലികമായെങ്കിലും ബി.പി കൂട്ടുന്നവർ നമുക്കിടയിൽതന്നെയുണ്ട്. 

നിസ്സാരമായ വിധത്തിലുള്ള അസ്ഥിപൊട്ടൽ ഉണ്ടായാൽപോലും ആഴ്ചയിലൊരിക്കൽ എക്സ്റേ എടുത്തു 'ഊറിപ്പിടിച്ചോ?'എന്ന് നോക്കുന്നവരുമുണ്ട്. മുട്ടിന്റെ തേയ്മാനത്തിന് ചികിത്സ ചെയ്തിട്ട് വേഗം സുഖമാകാത്തതിനാൽ എല്ലാമാസവും ഡോക്ടർമാരെ മാറിമാറിക്കാണുകയും അപ്പോഴൊക്കെയും എക്സ് റേ എടുക്കുകയും ചെയ്യുന്നവരുമുണ്ട്.

രക്ത പരിശോധനകളുടെ ഫലങ്ങൾ സ്വയം വിലയിരുത്താവുന്ന ചില ഘട്ടങ്ങളുണ്ട്. സ്ഥിരമായ ചില രോഗാവസ്ഥകളിൽ രോഗ തീവ്രത മനസ്സിലാക്കുവാൻ ഇത് ഉപകാരപ്പെട്ടേക്കും. എന്നാൽ പല ലബോറട്ടറി പരിശോധനാ ഫലങ്ങളും ഒരു രോഗിയെ നേരിട്ട് കണ്ട് പരിശോധിക്കുക കൂടി ചെയ്യുന്ന ഡോക്ടർക്ക് മാത്രമേ ശരിയായി വിലയിരുത്തുവാനാകൂ. അതിനനുസരിച്ച് മാത്രമേ ചികിത്സയും നിർണ്ണയിക്കുവാൻ സാധിക്കൂ. രോഗി വാട്സാപ്പിൽ ഡോക്ടർക്ക് അയച്ചു കൊടുക്കുന്ന ലബോറട്ടറി പരിശോധനാ ഫലം മാത്രം വിലയിരുത്തി ചികിത്സ നിർണ്ണയിക്കുന്നത് പലപ്പോഴും തെറ്റിപ്പോകാനിടയാക്കുമെന്ന് സാരം.

ഹീമോഗ്ലോബിൻ കുറഞ്ഞ ഒരു രോഗിയിൽ  ഇ.എസ്.ആർ വർദ്ധിച്ചിട്ടുണ്ടോയെന്ന് അറിയേണ്ടിവരും. ഇ.എസ്.ആർ വളരെ കൂടിയിട്ടുണ്ടെങ്കിൽ അത് വാതരോഗം കൊണ്ടാണോ തൈറോയ്ഡ് കാരണമാണോ എന്നും തിരിച്ചറിയേണ്ടതുണ്ട്. ഗ്യാസിന്റെ ബുദ്ധിമുട്ട് കൊളസ്ട്രോൾ കൊണ്ടാണോ അതോ ഫാറ്റി ലിവർ ഉള്ളതുകൊണ്ട് താന്നെയാണോ എന്നറിയണം. അസിഡിറ്റിയുടെ കാരണം കരൾ രോഗമാണോ, പാൻക്രിയാസ് സംബന്ധമായ വിഷയമാണോ എന്നറിയണം. രക്തപരിശോധനയിൽ കണ്ട കുഴപ്പങ്ങൾ ശരിയായി നിർണ്ണയിക്കുവാൻ സ്കാനിങ് ആവശ്യമാണോ ? ആവശ്യമാണെങ്കിൽതന്നെ ഏതു തരം സ്കാൻ വേണം? എന്നൊക്കെ നിർദ്ദേശിക്കേണ്ടത് ഡോക്ടറാണ്. അല്ലാതെ കുറെയേറെ പരിശോധനകൾ നടത്തി ഏതെങ്കിലുമൊരു കുഴപ്പം കണ്ടുപിടിക്കുകയല്ല ഒരു ശരിയായ ചികിത്സകൻ ചെയ്യേണ്ടത്. 

ചില പരിശോധനകൾക്ക് ഡോക്ടറുടെ നിർദ്ദേശമില്ലാതെ വിധേയനാകുന്ന രോഗി അവരുടെ പരിമിതമായ അറിവ് വെച്ച് പരിശോധിക്കുന്ന കാര്യങ്ങൾ നോർമലാണെങ്കിൽ "ഇനി ഒരു കുഴപ്പവുമില്ല" എന്ന് കരുതി നടക്കാറുണ്ട്.  ഉദാഹരണത്തിന് ടോട്ടൽ കൊളസ്ട്രോൾ നോർമലാണെങ്കിലും ട്രൈഗ്ലിസറൈഡ് വളരെ വർദ്ധിച്ചിരിക്കുന്നവർ അവർ തന്നെ നടത്തുന്ന പരിശോധനയിൽ അതൊന്നും അറിയണമെന്നില്ല. ഗ്യാസിന് മരുന്ന് കഴിച്ച് ജീവിക്കുന്ന പലരും ശരിക്കുള്ള കാരണം അന്വേഷിക്കാറില്ല. രോഗികൾ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയോടെ കേൾക്കുന്ന ഒരു ഡോക്ടർ ഏതൊക്കെ അവസ്ഥകളിൽ ആ ബുദ്ധിമുട്ടുണ്ടാകും എന്നറിയാവുന്നതിനാൽ അതിനാവശ്യമായ പരിശോധനകളെല്ലാം നിർദ്ദേശിക്കും. എന്നാൽ ഒരു രോഗിയെ സംബന്ധിച്ച് അല്പജ്ഞാനവും കേട്ടറിവും വെച്ചു ചില കാര്യങ്ങൾ പരിശോധിച്ച് നോർമലാണെങ്കിൽ മറ്റൊരു കുഴപ്പവുമില്ലെന്ന രീതിയിൽ പോകാനാണ് താൽപര്യം കാണിക്കുന്നത്. അത് ക്രമേണ രോഗ വർദ്ധനവിന് കാരണമാകുകയാണ് ചെയ്യുന്നതെന്ന് അറിയാമല്ലോ ? ചുരുക്കിപ്പറഞ്ഞാൽ ഒരു രോഗത്തിന് ചികിത്സ നിർണ്ണയിക്കുന്നത് പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് പലവിധ പരിശോധനകൾ നടത്തുന്നതും. രോഗത്തെ സംബന്ധിച്ച ചികിത്സപോലെ പരിശോധനകളും ആവശ്യമായവതന്നെ.

രോഗിക്കുള്ള ബുദ്ധിമുട്ടുകൾ ശരിയായി മനസ്സിലാക്കുന്ന ഡോക്ടർ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും ആവശ്യമായ ലബോറട്ടറി പരിശോധനകൾ കൂടി രോഗികളോട് നിർദ്ദേശിക്കും. ഡോക്ടർ പറയുന്ന ഇടവേളകളിൽ മാത്രം പരിശോധനകൾ ആവർത്തിക്കുവാൻ രോഗികളും ശ്രദ്ധിക്കുക.

 

(ലേഖകൻ: ഡോ. ഷർമദ് ഖാൻ, സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം. ഫോൺ: 94479 63481).

"ഞാൻ ദിവസവും രണ്ടു നേരം വീട്ടിൽ വച്ച് തന്നെ ഷുഗർ പരിശോധിക്കും" എന്ന് ചിലർ പറയുന്നത് എന്തിനാണെന്നറിയില്ല. അത്തരം രോഗികൾ ഡോക്ടർ നിർദ്ദേശിക്കുന്ന ഇടവേളകളിലാണ് ആ വിധമുള്ള പരിശോധനകൾ നടത്തേണ്ടതെന്ന് മനസ്സിലാക്കണം.

0 Comments

Leave a comment