കൊച്ചി: വിദ്വേഷപരാമര്‍ശ കേസില്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചാനൽ ചർച്ചയുടെ പരാമർശത്തിന്റെ പേരിൽ ഈരാറ്റുപേട്ട പൊലീസാണ് പി സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പി സി ജോര്‍ജ് നിരന്തരം ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാകില്ല എന്നാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ച നിലപാട്.
സമാനമായ കേസില്‍ മുമ്പ് ജാമ്യം അനുവദിച്ചപ്പോള്‍, പ്രസ്താവനകളില്‍ ജാഗ്രത വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍, അതടക്കം ഉത്തരവുകള്‍ നിരന്തരം ലംഘിക്കുകയാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ വാക്കാല്‍ പറഞ്ഞു. പ്രകോപനം ഉണ്ടായപ്പോഴാണ് അധിക്ഷേപ പ്രയോഗങ്ങള്‍ നടത്തിയത് എന്ന വാദം ഹൈക്കോടതിയും മജിസ്ട്രേറ്റ് കോടതികളും നല്‍കിയ ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിന് ന്യായീകരണമല്ലെന്നും കോടതി പറഞ്ഞു.
ഇന്ത്യയിലെ മുസ്ലിങ്ങൾ മുഴുവൻ വർഗീയ വാദികളാണെന്നും അവർ പാകിസ്താനിലേക്ക് പോകണമെന്നുമാണ് ജനുവരി ആറിനു നടന്ന ചാനൽ ചർച്ചയിൽ പി.സി. ജോർജ് പറഞ്ഞത്. ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും ജോർജ് ചർച്ചയിൽ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുൾപ്പെടെ വിവിധ സംഘടനകൾ പരാതി നൽകിയിരുന്നു. തുടർന്ന് പി.സി. ജോർജിനെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു. എന്നാൽ, അറസ്റ്റ് വൈകുന്നതിൽ വ്യാപക പ്രതിഷേധമുയരുകയും ചെയ്തു. ഇതിനിടെയാണ് പി.സി. ജോർജ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാൽ കോട്ടയം ജില്ലാ സെഷൻസ് കോടതി തള്ളുകയായിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
സമാനമായ കേസില്‍ മുമ്പ് ജാമ്യം അനുവദിച്ചപ്പോള്‍, പ്രസ്താവനകളില്‍ ജാഗ്രത വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍, അതടക്കം ഉത്തരവുകള്‍ നിരന്തരം ലംഘിക്കുകയാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ വാക്കാല്‍ പറഞ്ഞു.





0 Comments