/uploads/news/news_മുതിര്‍ന്ന_മാധ്യമപ്രവര്‍ത്തകൻ_ബി.സി_ജോജോ..._1711434855_2612.jpg
HOMAGE

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ബി.സി ജോജോ അന്തരിച്ചു


തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ ബി സി ജോജോ (65) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. കേരള കൗമുദി ദിനപ്പത്രത്തിൽ മുൻ എക്സിക്യുട്ടീവ് എഡിറ്ററായിരുന്നു. ഇന്ത്യയിലെ ആദ്യ വെബ് ടിവികളിൽ ഒന്നായ ഇന്ത്യ പോസ്റ്റ് ലൈവിന്റെ എഡിറ്ററൂം എംഡിയുമായിരുന്നു. കേരളത്തെ പിടിച്ചുകുലുക്കിയ അന്വേഷണാത്മക വാര്‍ത്തകളിലൂടെയാണ് ജോജോ ശ്രദ്ധേയനായത്. പാമോലിൻ അഴിമതി രേഖകളടക്കം പുറത്തുകൊണ്ടുവന്നതും മതികെട്ടാൻ ചോലയിലെ കൈയ്യേറ്റങ്ങൾ പുറത്തെത്തിച്ചതും മുല്ലപ്പെരിയാർ കരാറിലെ വീഴ്ചകൾ പുറത്തെത്തിച്ചതുമടക്കം നിരവധി വാർത്തകളാണ് ജോജോ ജനമധ്യത്തിലേക്ക് എത്തിച്ചത്.

രാഷ്ട്രീയ വാര്‍ത്തകൾ കൈകാര്യം ചെയ്തിരുന്ന ജോജോ ഉന്നത രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിലെ പടലപ്പിണക്കങ്ങൾ സംബന്ധിച്ചും വാര്‍ത്തകൾ പുറത്തെത്തിച്ചിരുന്നു. മുല്ലപ്പെരിയാർ കരാറിന് നിമയസാധുത ഇല്ലെന്ന് ആദ്യമായി റിപ്പോർട്ടു ചെയ്തതും അദ്ദേഹമായിരുന്നു. ഈ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് നിയമസഭ ഒരു അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചു. റിപ്പോർട്ട് ശരിവയ്ക്കുന്നതായിരുന്നു സമിതിയുടെ കണ്ടെത്തലും. 'മുല്ലപ്പെരിയാറിലേക്ക് വീണ്ടും' എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ ശ്രദ്ധേയമായിരുന്നു.

1958ൽ കൊല്ലം ജില്ലയിലെ മയ്യനാട്ട് ആയിരുന്നു ജനനം. ഡി ബാലചന്ദ്രനും പി ലീലാവതിയുമായിരുന്നു മാതാപിതാക്കൾ. മയ്യനാട് ഹൈസ്കൂൾ, കൊല്ലം ശ്രീനാരായണ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്യൂണിക്കേഷൻ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മെയിൻ സ്ട്രീം, കാരവൻ എന്നിവിടങ്ങളിൽ പ്രവർത്തിച്ചശേഷം 1985 ൽ കേരളകൗമുദിയിൽ ചേർന്നു. 2003 മുതൽ 2012 വരെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ഭാര്യ: ഡോ.ടി കെ സുഷമ, മക്കൾ: ദീപു, സുമി.

 

പാമോലിൻ അഴിമതി രേഖകളടക്കം പുറത്തുകൊണ്ടുവന്നതും മതികെട്ടാൻ ചോലയിലെ കൈയ്യേറ്റങ്ങൾ പുറത്തെത്തിച്ചതും മുല്ലപ്പെരിയാർ കരാറിലെ വീഴ്ചകൾ പുറത്തെത്തിച്ചതുമടക്കം നിരവധി വാർത്തകളാണ് ജോജോ ജനമധ്യത്തിലേക്ക് എത്തിച്ചത്.

0 Comments

Leave a comment