/uploads/news/news_നടൻ_ടി.പി._മാധവൻ_അന്തരിച്ചു._1728453452_6669.jpg
HOMAGE

നടൻ ടി.പി. മാധവൻ അന്തരിച്ചു.


കൊല്ലം: നടൻ ടി.പി. മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വർഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. 'അമ്മ'യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി. പി. മാധവൻ അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ്, മാധവനെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു. 

1975-ൽ രാഗം എന്ന സിനിമയിലൂടെ നാൽപ്പതാം വയസിൽ സിനിമയിലെത്തി. നടന്‍ മധു സംവിധാനം ചെയ്‌ത 'പ്രിയ' എന്ന സിനിമയിലും അഭിനയിച്ചു. 1983 ൽ ചന്ദ്രകുമാർ സംവിധാനം ചെയ്‌ത 'ആന' എന്ന ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു. വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം, ആറാംതമ്പുരാന്‍, നാട്ടുരാജാവ് തുടങ്ങി എണ്ണമറ്റ ചിത്രങ്ങളിൽ തലയെടുപ്പോടെ നിന്നു. അറുന്നൂറോളും സിനിമകളിലും മുപ്പതിലധികം ടി.വി സീരിയലുകളിലുമാണ് വേഷമിട്ടത്.

ഗ്രന്ഥകാരനും വിദേശ സർവകലാശാലകളിലെ ഡീനുമായിരുന്ന ഡോ. എൻ. പരമേശ്വരൻ പിള്ളയുടെയും മീനാക്ഷിക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1935 നവംബർ 7 ന് തിരുവനന്തപുരം വഴുതക്കാടാണ് ജനനം. സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം നേടിയ ടി.പി മാധവൻ ബിസിനസ് മാനേജ്‌മെൻറിൽ ഡിപ്ലോമ നേടി. 1960 ൽ കൊൽക്കത്ത പബ്ലിസിറ്റി സൊ‌സൈറ്റി ഓഫ് ഇന്ത്യയിൽ ബ്യൂറോ ചീഫായി. ബിറ്റ്‌സ്, ഫ്രീ പ്രസ് ജേണൽ എന്നിവയിലും ഇന്ത്യൻ എക്സ്പ്രസിലും കേരള കൗമുദിയിലും ജോലി ചെയ്‌തു. ബെംഗളുരുവിൽ സ്വന്തമായി പരസ്യകമ്പനി തുടങ്ങി. 1994 ൽ താരസംഘടനയായ 'അമ്മ' രൂപീകരിച്ചപ്പോൾ അതിൻ്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി. 2000 മുതൽ 2006 വരെ ജോയിന്റ് സെക്രട്ടറിയായി. ഗാന്ധിഭവനിലെത്തിയശേഷം ഓർമകൾ വീണ്ടെടുക്കാൻ ഒരു സ്വയം ചികിൽസയെന്നപോലെ സിനിമാക്കഥകൾ പങ്കുവച്ചായിരുന്നു ജീവിതം.

ഏകദേശം മുപ്പത് വർഷത്തോളമായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു അദ്ദേഹം. ഇത്രയും സംഭവവികാസങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടും അവരാരും അദ്ദേഹത്തെ തിരഞ്ഞു വന്നില്ല. ഒരു മകനും മകളുമാണ് മാധവന്. ടി.പി.മാധവന്റെ മകൻ ഇപ്പോൾ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. അക്ഷയ് കുമാർ നായകനായി എത്തിയ എയർ ലിഫ്റ്റ് എന്ന ചിത്രത്തിന്റെ സംവിധായകൻ രാജകൃഷ്ണ മേനോൻ. സിനിമയിലേക്ക് മടങ്ങി വരണമെന്ന് മാധവന്  അതിയായ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അതു നടന്നില്ല. ഒടുവിൽ ഓർമകളോട് പിണങ്ങി മടക്കം.

വർഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. 'അമ്മ'യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി. പി. മാധവൻ അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

0 Comments

Leave a comment