/uploads/news/news_റിപ്പബ്ലിക്_ദിന_സന്ദേശം_അറിയിച്ച്_നിയമസഭ..._1737811237_8925.jpg
Interesting news

റിപ്പബ്ലിക് ദിന സന്ദേശം അറിയിച്ച് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ


തിരുവനന്തപുരം: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കേരളാ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നൽകുന്ന റിപ്പബ്ലിക്ക് ദിന സന്ദേശം.....

എല്ലാവർക്കും റിപ്പബ്ലിക്‌ ദിനാശംസകള്‍.....

സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായിരിക്കുന്ന ഇന്ത്യയുടെ നട്ടെല്ല്‌ എന്നത്‌ നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയാണെന്ന്‌ നമുക്കറിയാം. 

ഇന്ത്യയിലെ ജനങ്ങള്‍ ജനങ്ങള്‍ക്കായി സമര്‍പ്പിച്ച ആ ഭരണഘടന , ഇന്ത്യയെ ഒരു രാഷ്ട്രീയശക്തിയായി കാക്കുന്നു എന്നു മാത്രമല്ല , ഇന്ത്യയുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തെ സഹായിക്കുകയും ചെയ്യുന്നുണ്ട്‌. 

ഒരു മതേതര ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിര്‍ ത്തുന്നതും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ജനങ്ങള്‍ക്കിടയില്‍ ഉറപ്പാക്കുന്നതും ഇന്ത്യന്‍ ഭരണഘടനയാണ്‌. 

മതേതരത്വവും സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്‌. 

മതേതരത്വത്തെയും സോഷ്യലിസത്തെയും പ്രീയാമ്പിളില്‍ നിന്ന്‌ നീക്കം ചെയ്ത്‌, മൗലികമായ മനുഷ്യാവകാശങ്ങളും മാനവികമുല്യങ്ങളും ഉറപ്പാക്കുന്ന നമ്മുടെ ഭരണഘടനയുടെ കെട്ടുറപ്പ്‌ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്ന ഇക്കാലത്ത്‌, റിപ്പബ്ലിക്‌ ദിനം ആഘോഷിക്കുക എന്നതിന്‌ ഭരണഘടനയെ സംരക്ഷിക്കുകയും നാളേയ്ക്കായി കാത്തുവയ്ക്കുകയും ചെയ്യുക എന്ന അര്‍ത്ഥം കൂടിയുണ്ട്‌.

ഭരണഘടന നിര്‍മ്മാണ സമിതി എത്രയോ നാളത്തെ അശ്രാന്ത പരിശ്രമം കൊണ്ട്‌ ഉണ്ടാക്കിയെടുത്തതാണ്‌ നമ്മുടെ ഭരണഘടന എന്ന്‌ നമ്മളോര്‍ക്കേണ്ടതുണ്ട്‌ . 

അംബേദ്കറടക്കമുള്ള ദേശീയ നേതാക്കള്‍, ദാക്ഷായണി വേലായുധനടക്കമുള്ള മലയാളികളായ അംഗങ്ങള്‍ ഇവരോടെല്ലാമുള്ള ആദരവ്‌ പ്രകടിപ്പിക്കുക കൂടിയാണ്‌ ഈ ദിനാഘോഷത്തിന്റെ ഉദ്ദേശം. 

അതുകൊണ്ടാണ്‌ കേരള നിയമസഭ ഭരണഘടനാ നിര്‍മ്മാണ സഭയുടെ ഡിബേറ്റ്‌സ്‌ മുഴുവന്‍ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്ത്‌ , അത്‌ പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കാന്‍ തീരുമാനിച്ചത്‌. ആ പ്രവൃത്തികള്‍ അതിന്റെ അന്തിമഘട്ടത്തിലാണ്‌ എന്ന സന്തോഷം കൂടിയുണ്ട്‌ ഈ റിപ്പബ്ലിക്‌ ദിനാഘോഷ വേളയില്‍.

ഇന്ത്യയുടെ സമത്വസാഹോദര്യങ്ങളെയും സ്വാതന്ത്ര്യത്തെയും ഇന്ത്യയുടെ വൈവിദ്ധ്യപൂര്‍ണമായ പാരമ്പര്യത്തെയും നിലനിരത്തുന്ന ഭരണഘടനയെ സംരക്ഷിക്കുക എന്നത്‌ ഓരോ പൗന്റെയും ഉത്തരവാദിത്തമാണെന്നോര്‍മ്മിപ്പിച്ചു കൊണ്ട്‌ എല്ലാവര്‍ക്കും റിപ്പബ്ലിക്‌ ദിനാശംസകള്‍ നേരുന്നു.

അംബേദ്കറടക്കമുള്ള ദേശീയ നേതാക്കള്‍, ദാക്ഷായണി വേലായുധനടക്കമുള്ള മലയാളികളായ അംഗങ്ങള്‍ ഇവരോടെല്ലാമുള്ള ആദരവ്‌ പ്രകടിപ്പിക്കുക കൂടിയാണ്‌ ഈ ദിനാഘോഷത്തിന്റെ ഉദ്ദേശം

0 Comments

Leave a comment