തിരുവനന്തപുരം: എ ഐ കാമറ പദ്ധതയിൽ നടന്നത് 132 കോടിയുടെ വൻ അഴിമതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 100 കോടിക്കടുത്ത് ചെയ്യാൻ കഴിയുന്ന ഒരു പദ്ധതിയായിരുന്നു ഇത്. എന്നാൽ ജനങ്ങളെ കൊള്ളയടിക്കാൻ വേണ്ടി മാത്രം ബിനാമി തട്ടിക്കൂട്ട് കമ്പനികൾ ഉണ്ടാക്കി വലിയ തോതിൽ പണം വെട്ടിക്കുകയായിരുന്നു ഈ പദ്ധതിയിലൂടെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വ്യക്തമായ അന്വേഷണത്തിനും നടപടികൾക്കും പകരം സർക്കാരും കെൽട്രോണും ഇപ്പോഴും ഉരുണ്ടുകളി തുടരുകയാണ്. അതിന്റെ ഭാഗമായിട്ടാണ് കെൽട്രോൺ കഴിഞ്ഞ ദിവസം ഈ പദ്ധതി സംബന്ധിച്ച ഒൻപത് രേഖകൾ പ്രസിദ്ധീകരിച്ചത്. പ്രധാനപ്പെട്ട രേഖകളെല്ലാം മൂടി വച്ച് പകരം തങ്ങൾക്ക് സുരക്ഷിതമെന്ന് കണ്ട ഡോക്കുമെന്റുകളാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ അവ പോലും ഉന്നയിക്കപ്പെട്ട അഴിമതിയാരോപണങ്ങളെ സാധൂകരിക്കുന്നവയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്നലെ കെൽട്രോൺ പുറത്ത് വിട്ട രണ്ട് രേഖകളിൽ ഒന്ന് ടെൻഡർ ഇവാലുവേഷൻ പ്രീ ക്വാളിഫിക്കേഷൻ ബിഡ് ആണ്. അതിൽ ഗുരുതരമായ ക്രമക്കേടാണുള്ളത്.റിപ്പോർട്ടിലെ സീരിയൽ നമ്പർ 4 ൽ 2. 2. എന്ന കോളത്തിൽ ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനികൾക്ക് 10 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമാണ് നിഷ്്കർഷിച്ചിരിക്കുന്നത്. ഇത് കമ്പനിക്ക് ഉണ്ടെന്ന് ടിക് മാർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ അക്ഷരാ എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്തത് 2017 ൽ ആന്നെന്ന് അവരുടെ വെബ്സൈറ്റിൽ പറയുന്നത്. അതായത് ആ കമ്പനി രൂപീകരിച്ചിട്ട് 6 വർഷവും 2 മാസവും മാത്രമേ ആകുന്നുള്ളൂ. അപ്പോൾ ഈ റിപ്പാർട്ടിന്റെ പിൻബലം എന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
സർക്കാരിന്റെ നിലവിലെ നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും അനുസരിച്ച് ഈ പദ്ധതിയുടെ ടെൻഡർനടപടി ക്രമങ്ങൾ ഉത്തരവാകുമ്പോൾ തന്നെ ഇവ ബന്ധപ്പെട്ട വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇതനുസരിച്ച് 2020 തന്നെ ഈ രേഖകൾ എല്ലാം പ്രസിദ്ധികരിക്കേണ്ടതായിരുന്നു. അത് ഉണ്ടായില്ല. സർക്കാർ ഏജൻസികൾ ടെൻഡർ വിളിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ 3.8.2018 – ലെ സർക്കാർ ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. ഇവിടെ അവ ലംഘിക്കപ്പെട്ടിരിക്കുന്നു. രേഖകൾ പലതും വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത് രണ്ട് ദിവസം മുമ്പ് മാത്രമാണ്. നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി നടത്തിയ ഈ കൊള്ളയെയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ന്യായീകരിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എ.ഐ കാമറ പദ്ധതിയില്‍ നടന്നത് 132 കോടിയുടെ അഴിമതി: രമേശ് ചെന്നിത്തല





0 Comments