കഴക്കൂട്ടം: കാരുണ്യത്തിൻ്റെ കൂട്ടായ്മയായി 4,700 നൗഷാദുമാർ. കോഴിക്കോട്ട് ജോലിക്കിടയിൽ മാൻഹോളിൽ കുടുങ്ങിപ്പോയ 3 ബംഗാളികളെ രക്ഷിക്കാനായി സ്വയം മരണത്തിനു കീഴടങ്ങിയ നൗഷാദ് എന്ന കാരുണ്യത്തിൻ്റേയും ത്യാഗത്തിൻ്റെയും പ്രചോദനത്തിൽ നിന്നുണ്ടായ കൂട്ടായ്മ. അതാണ് നൗഷാദ് കൂട്ടായ്മ. കൊറോണ വൈറസ് ഭീതിയിൽ നിശ്ചലമായ നാടിനു കൈത്താങ്ങായി, തണലായി സഹായ ഹസ്തവുമായി കേരളത്തിൻ്റെ 14 ജില്ലകളിലും സേവനത്തിലാണ് നൗഷാദുമാർ. സംസ്ഥാനം ഇന്നേ വരെ നേരിട്ട ഏറ്റവും വലിയ ദുരന്തമായ പ്രളയത്തിൽ തൻ്റെ തുണിക്കടയിലെ വസ്ത്രങ്ങൾ പൂർണ്ണമായും ദുരിതമനുഭവിക്കുന്നവർക്കായി ദാനം നൽകി ഹീറോ ആയ നന്മ നിറഞ്ഞ ബ്രോഡ് വേ നൗഷാദ് സംസ്ഥാന രക്ഷാധികാരി ആയ കൂട്ടായ്മ. കൊറോണ ഭീതിയിൽ നാട്ടിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായവർക്ക് വസ്ത്രങ്ങളും ഭക്ഷണ കിറ്റുകളും, ആഹാര സാധനങ്ങളും വീടുകളിൽ എത്തിച്ചു കൊണ്ടിരിക്കുകയാണ് നൗഷാദ് കുട്ടായ്മയിലെ അംഗങ്ങൾ. കൂടാതെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാപകലില്ലാതെ ജോലി ചെയ്യുന്ന പോയിൻറ് ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്മാർക്കും ആരോഗ്യ പ്രവർത്തകർക്കും മറ്റു ജീവകാരുണ്യ പ്രവർത്തകർക്കു० മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവയും ഭക്ഷണവും വെള്ളവും, അടക്കം എത്തിച്ചു കൊടുക്കുന്ന തിരക്കിലുമാണ്. കൂടാതെ നിർദ്ധനരായ ആളുകൾക്ക് ആഹാരവും ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായം ചെയ്യുന്നുണ്ട്. ആയിരം മാസ്ക്കുകളും സാനിട്ടൈസറുമാണ് കഴിഞ്ഞ ദിവസം കൊല്ലം ജില്ലാ കളക്ടർക്ക് നൽകിയത്. കൂടാതെ ഇരവിപുരത്തു പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചണിൽ ഭക്ഷ്യ സാധനങ്ങൾ എത്തിച്ചിരുന്നു. ഇരവിപുരം എം.എൽ.എയും സംഘടനയുടെ കൊല്ലം ജില്ലയുടെ രക്ഷാധികാരിയുമായ നൗഷാദ് ആണ് അത് അംഗങ്ങളിൽ നിന്നും സാധനങ്ങൾ ഏറ്റു വാങ്ങി നൽകിയത്. 2018 മാർച്ച് 11നാണ് നൗഷാദ് അസോസിയേഷൻ രൂപീകരിച്ചത്. അധ്യാപകനും സംവിധായകനും, നിരവധി ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുള്ള പാലക്കാട്ടുകാരൻ നൗഷാദ് അലവി ആണ് നൗഷാദ് അസോസിയേഷൻ എന്ന ആശയം ആദ്യം അവതരിപ്പിച്ചതും രൂപീകരിച്ചതു०. കുത്തുബ് റാത്തീബ് എന്ന ഷോർട്ട് ഫിലിമിൻ്റെ പ്രിവ്യു ഷോ എറണാകുളത്തു വെച്ച് നടക്കുമ്പോൾ സംവിധായകൻ നൗഷാദ് ബാബുവും സഹസംവിധായകനായ കൊല്ലം നൗഷാദും എറണാകുളത്ത് എത്തി. പാലക്കാട്ടുകാരൻ നൗഷാദ് അലവിയും അവിടെ എത്തി. അവിടെ വെച്ച് 3 നൗഷാദുമാരും ഒത്തുകൂടിയപ്പോൾ നൗഷാദ് അലവിയുടെ ആശയം മറ്റുള്ളവരുമായി പങ്കു വെക്കുകയായിരുന്നു. ഇങ്ങ'നെ ഒരു കൂട്ടായ്മയെക്കുറിച്ച് ചർച്ച ചെയ്തു. തുടർന്ന് സംവിധാനവും ആക്ടിംഗും പഠിക്കുന്നതിനെക്കുറിച്ചുള്ള ഒരു പഠന ക്യാമ്പ് പാലക്കാടു വെച്ച് നടക്കുമ്പോൾ അവിടെയും ഇവർ 3 പേരും ഉണ്ടായിരുന്നു. അവിടെ വച്ചു വീണ്ടും ചർച്ച ചെയ്തു. ഉടൻ തന്നെ മൂന്നു നൗഷാദുമാരുടെയും കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന നൗഷാദുമാരുമായി ബന്ധപ്പെടുകയും നൗഷാദ് കൂട്ടായ്മ രൂപീകരിക്കുകയുമായിരുന്നു. രൂപപ്പെടുകയുമായിരുന്നു. പിന്നെ നൗഷാദുമാരെ കണ്ടെത്തുന്നതിനുള്ള യാത്രയിലായിരുന്നു മൂവരും. അങ്ങനെ തുടങ്ങിയ കൂട്ടായ്മയാണ് ഇപ്പോൾ 4,700 അംഗങ്ങളുള്ള കൂട്ടായ്മയിൽ എത്തിച്ചേർന്നത്. ആടു പുലിയാട്ടം പോലെയുള്ള ബിഗ് ബജറ്റ് സിനിമകൾ ചെയ്തിട്ടുള്ള, സിനിമാ സംവിധായകനും, പ്രൊഡ്യൂസറും കാരുണ്യ പ്രവർത്തകനുമായ നൗഷാദ് ആലത്തൂർ എന്ന നന്മ മരം. ഐ.ബി.എം ന്യൂസ് ഏർപ്പെടുത്തിയ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് 2019 നേടിയ ആളാണ് ആലത്തൂർ. വാവ സുരേഷ്, ബ്രോഡ് വേ നൗഷാദ് അടക്കം 2 നൗഷാദുമാരാണ് ആദ്യ 5 പേരുടെ പട്ടികയിൽ ഇടം പിടിച്ച മത്സരത്തിൽ ഉണ്ടായിരുന്നത്. ജീവിക്കാൻ വഴിയില്ലാതെ പാവപ്പെട്ട ഒരാൾ തനിക്കു ജോലി ചെയ്തു ജീവിക്കാൻ സഹായിക്കണമെന്നും അതിനായി ഒരു ഒരു ഓട്ടോ വാങ്ങി നൽകണമെന്നും അഭ്യർത്ഥിച്ചപ്പോൾ സംഗതി സത്യമാണെന്നു മനസിലാക്കിയ ആലത്തൂർ ഓട്ടോയ്ക്കു പകരം ഒരു നാഷണൽ പെർമിറ്റ് ലോറി വാങ്ങിക്കൊടുത്താണ് തൻ്റെ കാരുണ്യം പ്രകടിപ്പിച്ചത്. വികലാംഗരായവർക്ക് വീൽ ചെയറും മറ്റും വാങ്ങി നൽകി തൻ്റെ കുഞ്ഞുങ്ങളെ പോലെ പരിരക്ഷിക്കുന്ന നൗഷാദ് അരിപ്പയെപ്പോലെയുള്ള നിരവധി നന്മ മരങ്ങൾ നൗഷാദ് കൂട്ടായ്മയിലുണ്ട്. മലപ്പുറം കോഴിക്കോട് ഭാഗങ്ങളിൽ മുഹമ്മദ് കൂട്ടായ്മ, ബഷീർ കൂട്ടായ്മ എന്നിങ്ങനെ കൂട്ടായ്മകൾ ഉണ്ടെങ്കിലും മുഴുവൻ ജില്ലകളും അടങ്ങുന്ന ഇത്തരമൊരു വ്യത്യസ്തമായ കൂട്ടായ്മ ആദ്യത്തേതാണ്. കേരളത്തിൽ 14 ജില്ലകളിലും, ഗൾഫിലുമടക്കം നൗഷാദ് അസോസിയേഷൻ്റെ കൂട്ടായ്മയുണ്ട്. 9 അംഗ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിലുണ്ട്. എല്ലാ ജില്ലകളിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. നൗഷാദുമാരിൽ നിന്നു മാത്രം ശേഖരിക്കുന്ന തുകയാണ് ചാരിറ്റിയ്ക്കായി ഉപയോഗിക്കുന്നത്. എന്താവശ്യത്തിനും നൗഷാദുമാരെ ബന്ധപ്പെടാം. കൂടാതെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക് ഡൗൺ നിലനിൽക്കുന്നതു കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്ന, നൗഷാദ് കൂട്ടായ്മയിലെ അംഗങ്ങൾക്കും സഹായം എത്തിക്കുന്നുണ്ട്. അംഗങ്ങളുടെ നിലവിലെ അവസ്ഥ മനസ്സിലാക്കി സർക്കാർ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അവരുടെ വാട്സ്ആപ് ഗ്രൂപ്പിലും മറ്റും ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങളുടെ ആവശ്യങ്ങൾക്ക് സാമ്പത്തികമായി സഹായിക്കും. ഇതിനോടകം തന്നെ സംഘടന നിരവധി അംഗങ്ങളെ സഹായിച്ചിട്ടുണ്ട്. സംഘടനയ്ക്ക് പരിമിതികൾ ഉണ്ടെന്നും ഇത്തരം കാര്യങ്ങളിൽ ഭാവിയിൽ ഇൻഷുറൻസ് പരിരക്ഷ അടക്കം നിരവധി ആനുകൂല്യങ്ങൾ അംഗങ്ങൾക്ക് നടപ്പാക്കാൻ ഉദ്ദേശിക്കുകയാണെന്നും സംസ്ഥാന സമിതി അംഗവും കൊല്ലം ജില്ലാ സെക്രട്ടറിയുമായ കൊല്ലം നൗഷാദ് പറഞ്ഞു. എല്ലാ ജില്ലകളിലും പ്രത്യേകം വാട്ട്സാപ്പ് ഗ്രൂപ്പുകളും സംസ്ഥാന ഗ്രൂപ്പും ഉപയോഗിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. കൊറോണ വ്യാപനത്തിന് എതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ നൗഷാദ് അസോസിയേഷൻ പ്രസിഡന്റ് നൗഷാദ് തോട്ടുംകര, സെക്രട്ടറി നൗഷാദ് വർക്കല, ജോയിന്റ് സെക്രട്ടറി നൗഷാദ് കല്ലമ്പലം, ഉപദേശക സമിതി അംഗം നൗഷാദ് ചിറയിൻകീഴ് എന്നിവരുടെ സാന്നിധ്യത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പിയ്ക്ക് മാസ്ക്കുകളും സാനിട്ടൈസറുകളും മറ്റ് ശുചീകരണ വസ്തുക്കളും നൽകിയിരുന്നു. കൂടാതെ ലോക്ക് ടൗണിന്റെ ഭാഗമായി വീടുകളിൽ തന്നെ കഴിയുന്ന പാവപ്പെട്ടവർക്ക് ഭക്ഷ്യ ധാന്യങ്ങൾ അടങ്ങുന്ന കിറ്റുകളും വിതരണം ചെയ്തിരുന്നു. അതു പോലെ തിരുവനന്തപുരം ആർസിസിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആഹാര സാധനങ്ങളും ഫ്രൂട്സ്, മാസ്ക് മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. നൗഷാദ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായി ചേർന്ന് കൊല്ലം കളക്ടറേറ്റ് മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ പോയിൻറ് ഡ്യൂട്ടിക്ക് നിൽക്കുന്ന പോലീസുകാർക്കും ജീവകാരുണ്യ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും മാസ്ക്കും, സാനിട്ടൈസറും, ഭക്ഷ്യവസ്തുക്കളും എത്തിക്കുവാനുള്ള ശ്രമത്തിലാണ്. നൗഷാദ് കൊല്ലം, നൗഷാദ് എ.എ०.എൻ, നൗഷാദ് കരിക്കോട്, നൗഷാദ് തോട്ടു०കര, നൗഷാദ് വർക്കല, നൗഷാദ് ആലവി, നൗഷാദ് പാതാരി, നൗഷാദ് ബീമാപ്പള്ളി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. (ലേഖകൻ: സബീർ അബ്ദുൽ റഷീദ്).
കാരുണ്യത്തിൻ്റെ കൂട്ടായ്മയായി 4,700 നൗഷാദുമാർ





0 Comments