കോഴിക്കോട്: പൗരത്വനിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്നുപറഞ്ഞാൽ നടപ്പാക്കില്ലെന്നുതന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ നടപ്പാക്കുന്ന നിയമം ഒരു സംസ്ഥാനത്തുമാത്രം നടപ്പാക്കാതിരിക്കാനാകുമോയെന്ന സംശയം ചിലർക്കുണ്ടായിരുന്നുവെന്നും മുൻ മന്ത്രി പി.എം. അബൂബക്കർ അനുസ്മരണ സമ്മേളനം ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്തെ പൗരത്വം മതാടിസ്ഥാനത്തിൽ നൽകാനുള്ള നീക്കം നടന്നപ്പോൾ വേറിട്ട ശബ്ദമുയർത്താൻ കേരളത്തിന് കഴിഞ്ഞു. പല എതിർശബ്ദങ്ങളെയും ഇല്ലാതാക്കാനും മതനിരപേക്ഷത തകർക്കാനുമുള്ള ശ്രമം നടക്കുന്നുണ്ട്. പി.എം. അബൂബക്കർ മതനിരപേക്ഷതക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത സമീപനമെടുത്തിരുന്നു. മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്നതിനൊപ്പം വർഗീയശക്തികളെ അകറ്റിനിർത്തണമെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്തു. ഒരു വിഭാഗം ആളുകൾ വീരശൂരപരാക്രമി എന്നു വിശേഷിപ്പിച്ച സവർക്കർ മാപ്പ് എഴുതിനൽകിയത് ജയിലിൽ കിടക്കാൻ പ്രയാസമുള്ളതിനാലാണ്. എന്നാൽ, പി.എം. അബൂബക്കർ അടിയന്തരാവസ്ഥക്കാലത്ത് ചാഞ്ചല്യമില്ലാതെ ജയിൽവാസം അനുഷ്ഠിച്ചെന്നു മുഖ്യമന്ത്രി അനുസ്മരിച്ചു.പി.എം. അബൂബക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച യോഗത്തിൽ തുറമുഖമന്ത്രി അഹമ്മദ് ദേവർ കോവിൽ അനുസ്മരണ പ്രഭാഷണം നടത്തി. പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ കോഴിക്കോടിന്റെ മുഖച്ഛായ മാറ്റാൻ പി.എം. അബൂബക്കർ ശ്രമിച്ചിരുന്നതായി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
പൗരത്വനിയമം നടപ്പാക്കില്ലെന്നുപറഞ്ഞാൽ നടപ്പാക്കില്ലെന്നുതന്നെയാണ്-മുഖ്യമന്ത്രി.





0 Comments