/uploads/news/news_വിപ്ലവസൂര്യൻ_100_ന്റെ_നിറവിൽ_1697775666_9671.jpg
KERALA

വിപ്ലവസൂര്യൻ 100 ന്റെ നിറവിൽ


തിരുവനന്തപുരം: രാഷ്ട്രീയത്തെ ജനകീയോത്സവമാക്കി, സാധാരണക്കാരന്റെയും തൊഴിലാളി വർഗത്തിന്റെയും മനസിൽ ജ്വലിക്കുന്ന സൂര്യനായ വി.എസ്. അച്യുതാനന്ദന് ഇന്ന് നൂറ് തികയും. കേരള രാഷ്ട്രീയത്തിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെയും ഐതിഹാസികമായ ഒരു നൂറ്റാണ്ടിന്റെ ആൾരൂപമായ വി. എസ് ഇപ്പോൾ വിശ്രമത്തിലാണ്.

തിരുവനന്തപുരത്ത് ബാർട്ടൺഹിൽ ലോ കോളേജിന് സമീപമുള്ള മകന്റെ വസതിയിലാണ് അദ്ദേഹം. പിറന്നാളിന് ആഘോഷമില്ല. ഭാര്യ വസുമതിയും മക്കളായ വി.എ.അരുൺകുമാറും ഡോ.വി.വി ആശയും മരുമക്കളും പേരക്കുട്ടികളും വി.എസിനൊപ്പം വീട്ടിലുണ്ടാവും. 2019-ലെ പിറന്നാളിന് പിന്നാലെ പക്ഷാഘാതം ബാധിച്ചതോടെയാണ് ഡോക്ടർമാർ പൂർണ വിശ്രമം നിർദ്ദേശിച്ചത്. നാലു വർഷമായി പൊതുവേദികളിൽ അദ്ദേഹം ഇല്ല.​ എന്നിട്ടും വി.എസ് എന്ന രണ്ടക്ഷരം മായാത്ത സ്വാധീനവും തിരുത്തൽ ശക്തിയുമായി കാലത്തിനൊപ്പമുണ്ട്.അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വെന്തലത്തറ വീട്ടിൽ (പിന്നീട് വി.എസ് താമസിച്ച വീടാണ് വേലിക്കകത്ത്) ശങ്കരന്റെയും അക്കമ്മയുടെയും അഞ്ചു മക്കളിൽ രണ്ടാമത്തെ മകനായി 1923 ഒക്ടോബർ 20നാണ് ജനനം. ​ തുലാമാസത്തിലെ അനിഴം നക്ഷത്രത്തിൽ. നാലു വയസുള്ളപ്പോൾ അമ്മ വസൂരി ബാധിച്ച് മരിച്ചു. പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചു. പിന്നെ ജ്യേഷ്ഠന്റെയും പിതൃസഹോദരിയുടെയും സംരക്ഷണയിലാണ് വളർന്നത്. ഏഴാം ക്ലാസിൽ വിദ്യാഭ്യാസം നിലച്ചു. ജൗളിക്കടയും തയ്യൽ പഠിപ്പിക്കലും നടത്തിയിരുന്ന ജ്യേഷ്ഠൻ വി.എസ്. ഗംഗാധരനൊപ്പം കുറെക്കാലം തയ്യൽ ജോലി ചെയ്തു. പിന്നീട് കയർ ഫാക്ടറിയിലും പണിയെടുത്തു.

നിവർത്തന പ്രക്ഷോഭം ആളിക്കത്തിയപ്പോൾ അതിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് വി.എസ് സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി. ട്രേഡ് യൂണിയൻ രംഗത്തും സജീവമായി. വി.എസിന്റെ കമ്മ്യൂണിസ്റ്റ് മനസ് ആദ്യം കണ്ടറിഞ്ഞത് സഖാവ് പി.കൃഷ്ണപിള്ളയാണ്. അദ്ദേഹത്തിന്റെ ആശീർവാദത്തോടെ 1940ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. സഖാവിന്റെ നിർദ്ദേശപ്രകാരം കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിക്കാൻ നിയോഗിക്കപ്പെട്ടു. പുന്നപ്ര-വയലാർ സമരത്തെ തുടർന്ന് ഒളിവിൽ പോയ വി.എസിനെ പൂഞ്ഞാറിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ലോക്കപ്പിൽ കൊടിയ മർദ്ദനം. നാല് വർഷത്തോളം പൂജപ്പുര സെൻട്രൽ ജയിലിൽ. ലോക്കപ്പിൽ വച്ച് പൊലീസുകാർ ബയണറ്റ് കുത്തിയിറക്കിയ മുറിപ്പാട് ഇപ്പോഴും വി.എസിന്റെ കാലിലുണ്ട്. ത്യാഗത്തിന്റെയും ധീരതയുടെയും അടയാളമായി.തന്റെ ശൈലിയിലേക്കും കാഴ്ചപ്പാടുകളിലേക്കും സാധാരണക്കാരെ കൂട്ടിക്കൊണ്ടുവന്നതാണ് വി.എസിന്റെ മഹത്വം. അഴിമതിക്കെതിരെ വിട്ടുവീഴ്ച ഇല്ലാതെ പോരാടിയ വി.എസാണ് പരിസ്ഥിതി സംരക്ഷണം രാഷ്ട്രീയ അജണ്ടയാക്കിയതും.

തിരുവനന്തപുരത്ത് ബാർട്ടൺഹിൽ ലോ കോളേജിന് സമീപമുള്ള മകന്റെ വസതിയിലാണ് അദ്ദേഹം. പിറന്നാളിന് ആഘോഷമില്ല. ഭാര്യ വസുമതിയും മക്കളായ വി.എ.അരുൺകുമാറും ഡോ.വി.വി ആശയും മരുമക്കളും പേരക്കുട്ടികളും വി.എസിനൊപ്പം വീട്ടിലുണ്ടാവും.

0 Comments

Leave a comment