/uploads/news/news_ശിരോവസ്ത്രം_ധരിച്ചില്ല,_ഹിന്ദു_സ്ത്രീയെ_..._1698486161_370.png
KERALA

ശിരോവസ്ത്രം ധരിച്ചില്ല, ഹിന്ദു സ്ത്രീയെ മുസ്ലീം വിദ്യാര്‍ഥിനികള്‍ ഇറക്കിവിട്ടെന്ന് വ്യാജ പ്രചരണം


കാസർഗോഡ്: സോഷ്യൽ മീഡിയയിലൂടെ കേരളത്തിനെതിരെ വീണ്ടും വിദ്വേഷ പ്രചരണം. വടക്കൻ കേരളത്തിൽ ബുർഖ ധരിക്കാതെ യാത്ര ചെയ്ത ഹിന്ദു സ്ത്രീകളെ ഇറക്കിവിട്ടുവെന്നാണ് പ്രചരണം. കാസർഗോഡ് കുമ്പളയിൽ ഒരു കോളജിന് മുൻപിൽ ബസ് നിർത്താത്തതിനെ ചൊല്ലി വിദ്യാർത്ഥികൾ ബസുകാരുമായി തർക്കിക്കുന്നതിന്റെ വീഡിയോ ആണ് ഇത്തരത്തിൽ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്. ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി അടക്കം വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ബസ് തടയുന്നതാണ് വീഡിയോയിൽ ഉള്ളത്. ബസ് തടഞ്ഞതിനെതിരെ ബസിലെ യാത്രക്കാരിയായ സ്ത്രീ വിദ്യാർത്ഥികൾക്കെതിരെ രംഗത്തെത്തുകയും ഇവരോട് വിദ്യാർത്ഥികൾ പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ ആണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. മുസ്‌ലിം വിരുദ്ധ പോസ്റ്റുകൾ തുടർച്ചയായി സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഒരു എക്സ് അക്കൗണ്ടാണ് പ്രചരണം തുടങ്ങിയത്. ഇതേ പ്രചരണം ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണിയും ഏറ്റുപിടിച്ചിട്ടുണ്ട്. ഇതാണ് ഇന്ത്യ സഖ്യം ഭരിക്കുന്ന കേരളത്തിലെ മതേതരത്വം എന്ന വരികളോടെയാണ് അനിൽ ട്വിറ്ററിൽ വീഡിയോ പങ്കിട്ടത്.


അതേസമയം വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ഓൾട്ട് ന്യൂസ് രംഗത്തെത്തി. 

അനിൽ ആന്റണിക്ക് മറുപടിയുമായി കോൺഗ്രസ് സൈബർ മീഡിയ കൺവീനർ പി സരിനും ഫേസ്ബുക്കിൽ കുറിപ്പ് പങ്കിട്ടിട്ടുണ്ട്. വായിക്കാം

'ഇന്നലെയാണ് ഒരു സുഹൃത്ത് ഈ വീഡിയോ അയച്ചു തന്നത്. ബുർഖയിടാത്ത ഹിന്ദു സ്ത്രീകളെ കേരളത്തിലെ ബസ്സിൽ നിന്നും ചീത്ത വിളിച്ചു കൊണ്ട് ഇറക്കി വിട്ടുവെന്നും, പൊതുഗതാഗത സംവിധാനം ഉപയോഗിക്കണമെങ്കിൽ കൂടി കേരളത്തിലെ ഹിന്ദു സ്ത്രീകൾക്ക്‌ ബുർഖ ഇടേണ്ട ഗതികേടാണ് എന്നും ആണ് ആനന്ദി നായർ( ആനന്ദി സനാതനി) X ഇൽ എഴുതിയത്. 'ഗോഡ്സ് ഓൺ കൺട്രി ഇപ്പോൾ അള്ളാഹ് ഓൺ കൺട്രിയാണ്' എന്ന തള്ളലും ഉണ്ട്. ഫേക്ക് ആയിരിക്കും എന്ന ഉറപ്പോടെയാണ് കണ്ടത്. പരസ്പരം ചീത്ത വിളിക്കുന്നുണ്ട് എന്നല്ലാതെ ബുർഖയെപ്പറ്റി ഒരക്ഷരം പോലും ഈ വീഡിയോയിൽ പറയുന്നുണ്ടായിരുന്നില്ല.

ഇപ്പോൾ ഏഷ്യാനെറ്റ് പറയുന്നത് കുമ്പള-മുള്ളേരിയ കെഎസ്‌ടിപി റോഡിൽ ഭാസ്ക്കര നഗറിൽ കോളേജിന് മുന്നിൽ ബസ് നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് വിദ്യാർഥിനികൾ ബസ് തടഞ്ഞത് എന്നാണ്. ബസ് തടഞ്ഞ സംഭവത്തിന് യാതൊരു വർഗീയ ചുവയുമില്ലെന്ന് കുമ്പള എസ്എച്ച്ഒ അനൂപ് കുമാർ ഇ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞുവെന്നും അവർ റിപ്പോർട്ട് ചെയുന്നുണ്ട്.

പക്ഷെ ഇതിനകം ഈ വീഡിയോ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മനുഷ്യരിൽ എത്തിക്കഴിഞ്ഞു. ഈ ഫേക്ക് ന്യൂസ് നിർമ്മിച്ചവരുടെ ലക്ഷ്യം സഫലമായി. ബുർഖ ഇടാതെ ഹിന്ദു സ്ത്രീകൾക്ക്‌ പോലും സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റാത്ത ഇടമായി കേരളത്തെ അടയാളപ്പെടുത്തിക്കഴിഞ്ഞു. ഒരു മലയാളി നായർ ആണല്ലോ വീഡിയോ ഷെയർ ചെയ്തത്! കേരളത്തിലെ ടൂറിസത്തെപ്പോലും ബാധിക്കാവുന്ന വിഷയമാണിത്.

ഇങ്ങനെ പച്ച നുണ പറഞ്ഞുകൊണ്ട് സാമുദായികസ്പർദ്ധ ഉണ്ടാക്കുന്ന സാമൂഹ്യദ്രോഹികൾക്കെതിരെ ഒന്നും ചെയ്യാൻ പറ്റില്ലേ? ഓർക്കുക, ഇത്തരം പെരും നുണകളിൽ നിന്നാണ് പലപ്പോഴും വർഗീയകലാപങ്ങൾ ഉണ്ടാകുന്നത്. അപ്പോഴും ജീവനും സ്വത്തും നഷ്ടപ്പെടുന്നത്‌ ഇതൊന്നും അറിയാത്ത ജീവിക്കാൻ പാട് പെടുന്ന ദരിദ്രരായ മനുഷ്യർക്കാണ്. മനുഷ്യവിരുദ്ധരായ ഈ ട്വിറ്റർ ജീവികൾ അപ്പോഴും അവരുടെ പ്രിവിലേജ്ഡ് ലോകത്ത് സുരക്ഷിതരായിരിക്കും.

അനിലിനോടാണ് - നിനക്കുള്ള പണി പുറകേ വരുന്നുണ്ട് !'

ബസ് തടയുന്നതാണ് വീഡിയോയിൽ ഉള്ളത്. ബസ് തടഞ്ഞതിനെതിരെ ബസിലെ യാത്രക്കാരിയായ സ്ത്രീ വിദ്യാർത്ഥികൾക്കെതിരെ രംഗത്തെത്തുകയും ഇവരോട് വിദ്യാർത്ഥികൾ പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ ആണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്.

0 Comments

Leave a comment