കൊച്ചി/തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിക്കെതിരേ എക്സൈസ് രജിസ്റ്റർചെയ്ത മയക്കുമരുന്ന് കേസ് ഹൈക്കോടതി റദ്ദാക്കി. ഷീല നൽകിയ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. ഷീലയുടെ ബാഗിൽനിന്ന് എക്സൈസ് പിടിച്ചെടുത്തത് എൽ.എസ്.ഡി. സ്റ്റാമ്പല്ലെന്ന് ലാബ് പരിശോധനയിൽനിന്ന് വ്യക്തമായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു അവർ ഹൈക്കോടതിയെ സമീപിച്ചത്.
ഷീലയുടെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹനത്തിൽ സൂക്ഷിച്ചിരുന്ന ബാഗിൽനിന്ന് എൽ.എസ്.ഡി. സ്റ്റാമ്പ് കണ്ടെടുത്തു എന്നായിരുന്നു കേസ്. ഇതിനെത്തുടർന്ന് അറസ്റ്റിലായ ഷീല 72 ദിവസത്തോളം ജയിലിലായിരുന്നു. ഹൈക്കോടതിയാണ് കഴിഞ്ഞ മേയ് ഒൻപതിന് ജാമ്യം അനുവദിച്ചത്.
വ്യാജ കേസ് രജിസ്റ്റർ ചെയ്തതിന് എക്സൈസ് ഇൻസ്പെക്ടറെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. വ്യാജ കേസ് രജിസ്റ്റർചെയ്യാനിടയായ സാഹചര്യം എന്താണെന്ന് കണ്ടെത്താനായി അന്വേഷണം നടത്തുന്നുണ്ടെന്നും എക്സൈസ് കോടതിയെ അറിയിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം തുടരും
കേസിൽ ഷീലാ സണ്ണി കുറ്റവിമുക്തയായെങ്കിലും അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച്. എക്സൈസ് വകുപ്പിന് വലിയ ചീത്തപ്പേരുണ്ടാക്കിയ സംഭവത്തിൽ യഥാർഥത്തിൽ എന്താണ് നടന്നതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘവും സർക്കാരും. ആരാണ് ഷീലയുടെ ബാഗിൽ സ്റ്റാമ്പ് വെച്ചതെന്നും ഇതിന് പ്രേരണ എന്തായിരുന്നു എന്നുമാണ് അന്വേഷിക്കുക. ഷീലാ സണ്ണി സംശയം പ്രകടിപ്പിച്ച അകന്നബന്ധുവിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.

0 Comments