കൊച്ചി: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശി സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങള്‍ കൊച്ചിയില്‍ എത്തിച്ചു. മുഖ്യമന്ത്രിയുടെ ഹെലികോപ്ടറില്‍ ആണ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സെല്‍വിന്‍ ശേഖറിന്റെ ഹൃദയം അടക്കമുള്ള അവയവങ്ങള്‍ എത്തിച്ചത്. ഇവിടെ നിന്ന് ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിച്ചത്. ഇവിടെ ചികിത്സയിലുള്ള 16 കാരനായ ഹരിനാരായണന് വേണ്ടി സെല്‍വിന്റെ ഹൃദയം ഇനി തുടിക്കും.
സെല്‍വിന്റെ വൃക്കകളും പാന്ക്രിയാലും കണ്ണുകളും ദാനം ചെയ്യുന്നുണ്ട്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്കാണ് ദാനം നല്‍കുന്നത്. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കും നല്‍കും. ഇന്ന് രാവിലെ 10.20 ഓട് കൂടിയാണ് തിരുവനന്തപുരത്ത് നിന്നും സെല്‍വന്റെ അവയവങ്ങളുമായി ഹെലികോപ്ടര്‍ പറന്നുയര്‍ന്നത്.
11.12 ന് കൊച്ചിയില്‍ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തു. ഇവിടെ നിന്ന് അവയവങ്ങളടങ്ങിയ ബോക്സുകള്‍ കൈപ്പറ്റിയ ജീവനക്കാര്‍ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളിലേക്ക് പോയി. റോഡ് മാര്‍ഗമാണ് അവയവങ്ങള്‍ ആശുപത്രിയിലെത്തിച്ചത്. ഇതിനായി ലിസി ആശുപത്രി വരെയുള്ള ഗതാഗതം പൂര്‍ണമായി നിയന്ത്രിച്ചിരുന്നു. 2.30 മിനിറ്റ് കൊണ്ട് ഹൃദയം ലിസി ആശുപത്രിയിലും പത്ത് മിനിറ്റ് കൊണ്ട് മറ്റ് അവയവങ്ങള്‍ ആസ്റ്റര്‍ മെഡിസിറ്റിയിലുമെത്തിച്ചു.
കായംകുളം സ്വദേശിയാണ് ഹൃദയം സ്വീകരിക്കുന്ന ഹരിനാരായണന്. ഹരിനാരായണന്റെ ശസ്ത്രക്രിയക്ക് വേണ്ട ഒരുക്കങ്ങള്‍ ലിസി ആശുപത്രിയില്‍ നേരത്തെ തന്നെ ആരംഭിച്ചു. ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസത്രക്രിയ നടത്തുന്നത്. ലിസി ആശുപത്രിയില്‍ ഇത് 28-ാമത്തെ ഹൃദയ ശസ്ത്രക്രിയയാണ് നടക്കുന്നത്. മുന്‍പ് ആറ് തവണ ഹെലികോപ്ടറില്‍ അവയവം എത്തിച്ചുള്ള ശസ്ത്രക്രിയയും വിജയകരമായിരുന്നു.
കന്യാകുമാരി വിളവിന്‍കോട് സ്വദേശിയായ സെല്‍വിന്‍ ശേഖര്‍ സ്റ്റാഫ് നഴ്സായിരുന്നു. 36 വയസായിരുന്നു. സെല്‍വിന്റെ ഭാര്യ ഗീത തമിഴ്നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. സെല്‍വിന്‍ കടുത്ത തലവേദന വന്നതോടെ അവിടത്തെ ആശുപത്രിയിലും നവംബര്‍ 21-ന് കിംസിലും ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ ആണ് തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയത്.
ഇതിനുള്ള ചികിത്സകള്‍ തുടരവേ നവംബര്‍ 24-ന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ഗീത അവയവദാനത്തിന് സന്നദ്ധതയറിയിച്ചതോടെ രാത്രി തന്നെ എല്ലാ ക്രമീകരണങ്ങളും നടത്തുകയായിരുന്നു. ഹൃദയം എത്തിക്കാന്‍ സര്‍ക്കാര്‍ ഹെലികോപ്ടര്‍ വിട്ടുനല്‍കുകയും ചെയ്തു. ഹരിനാരയണന്റെ സഹോദരന് സൂര്യനാരായണന് 2021 ല്‍ ലിസി ആശുപത്രിയില്‍ വെച്ച് ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അന്നും സര്‍ക്കാരിന്റെ ഹെലികോപ്റ്ററില്‍ ആണ് തിരുവനന്തപുരത്തു നിന്നും ഹൃദയം എത്തിച്ചത്.
സ്റ്റാഫ് നേഴ്സായ സെൽവിൻ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനം നടത്തുന്നത്





0 Comments