/uploads/news/news_ഒടുവിൽ_പിഴവ്_സമ്മതിച്ച്_ചിന്താ_ജെറോം_1675160366_443.png
KERALA

ഒടുവിൽ പിഴവ് സമ്മതിച്ച് ചിന്താ ജെറോം


തിരുവനന്തപുരം: കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. സംഭവിച്ചത് മാനുഷികമായ പിഴവാണെന്ന് ചിന്താ ജെറോം വിശദീകരിച്ചു. ''പ്രബന്ധത്തിലെ ഒരു വരി പോലും കോപ്പിയടിച്ചിട്ടില്ല. എന്നാൽ വിവിധ പ്രബന്ധങ്ങളിലെ ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. ഇക്കാര്യം റഫറൻസിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്'' - ചിന്താ ജെറോം വ്യക്തമാക്കി. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുമ്പോൾ തെറ്റുകൾ തിരുത്തുമെന്നും ചിന്താ ജെറോം കൂട്ടിച്ചേർത്തു.

പ്രബന്ധത്തിലെ തെറ്റ് ചൂണ്ടിക്കാണിച്ചവരോട് നന്ദിയുണ്ടെന്നും, അത് പൂർണ മനസോടെ അംഗീകരിക്കുമെന്നും ചിന്ത ജെറോം വ്യക്തമാക്കി. ''പ്രബന്ധ വിവാദത്തിന്റെ പേരിൽ നിരവധി അധിക്ഷേപങ്ങളും, വ്യക്തിഹത്യയും നേരിടേണ്ടി വന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് പലരും പെരുമാറിയത്'' - ചിന്താ ജെറോം കൂട്ടിച്ചേർത്തു.

ചങ്ങമ്പുഴയുടെ 'വാഴക്കുല'എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്ന ചിന്താ ജെറോമിന്റെ പ്രബന്ധത്തിലെ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. പ്രബന്ധത്തിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു. ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാലയ്ക്കും പരാതി നൽകിയിരുന്നു. പിന്നാലെ സംഭവത്തിൽ കേരള സർവകലാശാല ഇടപെടുകയും, പരാതി വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കുന്നത് പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാൽ അനുവദിച്ച പിഎച്ച്ഡി ബിരുദം പിൻവലിക്കാനോ പ്രബന്ധത്തിലെ തെറ്റ് തിരുത്താനോ സർവകലാശാല നിയമത്തിൽ വ്യവസ്ഥയില്ല.

പ്രബന്ധം സംബന്ധിച്ച പരാതികൾ കേരള സർവകലാശാല വിസിയുടെ ചുമതല വഹിക്കുന്ന ഡോ. മോഹനൻ കുന്നുമ്മൽ പരിശോധിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. പ്രബന്ധത്തിൽ കടന്നുകൂടിയ ഗുരുതര തെറ്റുകളും, ഓൺലൈൻ മാധ്യമത്തിൽ നിന്ന് എടുത്തു എന്ന് പറയുന്ന ഭാഗങ്ങളെ പറ്റിയുള്ള ആരോപണവുമാണ് പ്രധാനമായും പരിശോധിക്കേണ്ടത്.

'സംഭവിച്ചത് മാനുഷികമായ പിഴവ്, തെറ്റ് ചൂണ്ടിക്കാട്ടിയവരോട് നന്ദി'; പിഎച്ച്ഡി വിവാദത്തില്‍ വിശദീകരണവുമായി ചിന്താ ജെറോം

0 Comments

Leave a comment