തിരുവനന്തപുരം: പാറശാലയിൽ കാമുകനായ ഷാരോണിനെ കഷായത്തിൽ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മയെ പുകഴ്ത്തി റൂറൽ എസ്പി ഡി ശിൽപ. ചോദ്യം ചെയ്യൽ സമയത്തെ പെരുമാറ്റത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു പുകഴ്ത്തൽ. അവൾ സ്മാർട്ട് പെൺകുട്ടിയാണെന്നായിരുന്നു റൂറൽ എസ്പിയുടെ വാദം.
ചോദ്യം ചെയ്യലിനോട് സഹകരിച്ചോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇതിന്, അവൾ ഉശാറാണ്. സ്മാർട്ട് പെൺകുട്ടിയാണ് അവൾ. അവളൊരു റാങ്ക് ഹോൾഡറാണ്- എന്നായിരുന്നു ഡി ശിൽപയുടെ മറുപടി. സ്റ്റേഷനിൽ ആത്മഹത്യാ ശ്രമത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു റൂറൽ എസ്പിയുടെ വിചിത്ര പ്രതികരണം.
അതേസമയം, ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ അണുനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവം പൊലീസിന്റെ വീഴ്ചയാണെന്നും റൂറൽ എസ്പി പറഞ്ഞു. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിയെടുക്കും. ഗ്രീഷ്മയുടെ സുരക്ഷ ചുമതല നാല് പൊലീസുകാർക്കാണ് നൽകിയിരുന്നത്. ഇന്നലെ ഡ്യൂട്ടിയി രണ്ട് പേർ ഉണ്ടായിരുന്നു. ഇന്ന് രാവിലെ രണ്ട് പേർ ഡ്യൂട്ടിയിലുണ്ടായിരുന്നു.
സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്ക് വേണ്ടി പ്രത്യേകം ശുചിമറിയുണ്ടായിരുന്നു. എന്നാൽ രാവിലെ ശുചിമുറിയിൽ പോവണമെന്ന് ഗ്രീഷ്മ ആവശ്യപ്പെട്ടപ്പോൾ എന്നാൽ സ്റ്റേഷനു പുറത്തെ ശുചിമുറിയിലാണ് എത്തിച്ചത്. ഇത് ഗുരുതര വീഴ്ചയാണ്. അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും റൂറൽ എസ്പി വ്യക്തമാക്കി. എന്നാൽ അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഡി ശിൽപ തയാറായില്ല.
രാവിലെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ വച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. ഇതേതുടർന്ന് ഗ്രീഷ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിദഗ്ധ പരിപരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന ലൈസോൾ ആണ് ഗ്രീഷ്മ കുടിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രീഷ്മയുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
ജീവന് അപകടം സംഭവിക്കുന്ന അവസ്ഥയിലല്ല നിലവിൽ ഗ്രീഷ്മയെന്നാണ് പ്രാഥമിക വിവരം. ഗ്രീഷ്മയെ മെഡിക്കൽ ഐസിയുവിലേക്ക് മാറ്റി. ലെെസോൾ കുടിച്ചതുമൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിദഗ്ദർ പറയുന്നത്. കുടിച്ച ലെെസോളിന്റെ അളവ്, നേർപ്പിച്ചാണോ കുടിച്ചത്, എന്നിവയെ ആശ്രയിച്ചിരിക്കും ആരോഗ്യ നിലയെന്നും വിദഗ്ദർ പറയുന്നു. ഷാരോൺ വധക്കേസിൽ ഇന്ന് അറസ്റ്റ് ചെയ്യാനിരിക്കെയാണ് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം.
അതേസമയം, പ്രതിയുടെ മൊഴിപ്രകാരം കൂടുതൽ തെളിവുകൾ വീണ്ടെടുക്കാൻ ശ്രമം തുടരുകയാണ് പൊലീസ്. വിഷം നൽകിയ കുപ്പി ഉപേക്ഷിച്ച സ്ഥലത്ത് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയുടെ മാതാപിതാക്കളും അമ്മാവനുമടക്കം നാലു പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
പാറശാലയിലെ ബി.എസ്.സി വിദ്യാർഥി ഷാരോൺ രാജിന്റെ ദുരൂഹമരണം കൊലപാതകമാണെന്ന് ഇന്നലെ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ പ്രണയിനിയായിരുന്ന ഗ്രീഷ്മ സമ്മതിച്ചിരുന്നു. കഷായത്തിൽ കീടനാശിനി കലർത്തിയാണ് ഷാരോണിനെ കൊന്നതെന്നാണ് ഗ്രീഷ്മയുടെ കുറ്റസമ്മതം. വീട്ടിലുണ്ടായിരുന്ന തുരിശാണ് കഷായത്തിൽ കലർത്തി നൽകിയത്.
ഫോണിലെ ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററിയിൽ കോപ്പർ സൾഫേറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ തിരഞ്ഞത് പൊലീസ് കണ്ടെടുത്തിരുന്നു. ഇത് മുൻനിർത്തിയുള്ള ശാസ്ത്രീയ ചോദ്യംചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. മറ്റൊരാളുമായി ഫെബ്രുവരിയിൽ വിവാഹം നിശ്ചയിച്ചതിനാൽ ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്നാണ് വിവരം. ആദ്യ ഭർത്താവ് മരിക്കുമെന്ന് ജോത്സ്യൻ പറഞ്ഞതും ഗ്രീഷ്മ വിശ്വസിച്ചെന്ന് പൊലീസ് പറയുന്നു.
ഒരു വർഷമായി ഇരുവരും തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നു. ഫെബ്രുവരിയിൽ മറ്റൊരു യുവാവുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. എന്നാൽ ഷാരോൺ നിരന്തരം വിളിച്ച് വീണ്ടും ബന്ധം തുടരണമെന്ന് നിർബന്ധിച്ചു. ഇതോടെയാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചതെന്ന് എഡിജിപി പറഞ്ഞിരുന്നു.
വിവാഹം കഴിക്കുന്നതിനു പിന്നാലെ ആദ്യ ഭർത്താവ് മരണപ്പെടുമെന്ന ജ്യോത്സന്റെ പ്രവചനം വിശ്വസിച്ചിരുന്ന ഗ്രീഷ്മ മറ്റൊരു വിവാഹാലോചന വന്നതോടെ ഇതിനു സമ്മതം മൂളുകയും ഷാരോണിനെ ഒഴിവാക്കാനായി വധ ശ്രമങ്ങൾ തുടരുകയുമായിരുന്നു. ഇതിനു മുന്നോടിയായി ഷാരോണിനെ കൊണ്ട് ഗ്രീഷ്മ തന്റെ കഴുത്തിൽ താലി ചാർത്തി വിവാഹം ചെയ്യിച്ചു. തുടർന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലർത്തിയ കഷായം കുടിക്കാൻ നൽകുകയായിരുന്നു.
'അവള്‍ സ്മാര്‍ട്ട് പെണ്‍കുട്ടി';ആത്മഹത്യാശ്രമത്തിൽ പൊലീസുകാർക്കെതിരെ നടപടി





0 Comments