സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യം അർപ്പിച്ച് രാഷ്ട്രീയ കേരളം. തങ്ങളുടെ പ്രിയനേതാവിനെ അവസാനമായി ഒരു നോക്ക് കണ്ട് അഭിവാദ്യമർപ്പിക്കാൻ ആയിരങ്ങളാണ് കോടിയേരി മൂളിയിൽനടയിലെ വീട്ടിലേക്ക് എത്തിയത്. പിന്നാലെ വിലാപയാത്രയായി മൃതദേഹം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. രണ്ട് മണിവരെ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‍മാരകത്തിൽ പൊതുദർശനത്തിന് വച്ചു. അവിടെ നിന്ന് കാൽനടയായി പയ്യാമ്പലം കടപ്പുറത്തേക്ക് ഭൗതിക ശരീരം കൊണ്ടു പോയി.
![]()
പയ്യാമ്പലം കടപ്പുറത്ത് ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങൾക്കു നടുവിലാണ് കോടിയേരിക്ക് അന്ത്യനിദ്ര ഒരുക്കിയിരിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ഗൺ സല്യൂട്ട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‍ക്കാരം നടക്കും. സംസ്‍ക്കാരത്തിന് ശേഷം അനുശോചന യോഗം ചേരും.

മൂളിയിൽനടയിലെ വീട്ടിൽ നിന്ന് മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് കോടിയേരി ജില്ലാ കമ്മിറ്റി ഓഫീസിലേക്കുള്ള തന്റെ അവസാന യാത്ര നടത്തിയത്. മീത്തലെ പീടിക, മുഴപ്പിലങ്ങാട്, എടക്കാട്, ചാല,താഴെ ചൊവ്വ, മേലേ ചൊവ്വ എന്നിവിടങ്ങളിൽ ജനങ്ങൾ കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ കാത്തിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഒരു ലക്ഷത്തിലധികം പേർ ജില്ലയുടെ പലഭാഗങ്ങളിൽ നിന്ന് കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയതായാണ് റിപ്പോർട്ട്.
![]()
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് അടക്കം പിബി അംഗങ്ങളും ജില്ലാ കമ്മിറ്റി ഓഫീസിലെത്തി കോടിയേരിക്ക് ആദരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം നേതാക്കളും കോടിയേരിയുടെ അന്ത്യയാത്രയെ അനുഗമിക്കുന്നുണ്ട്.
ഞായറാഴ്ച രാവിലെ എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഏറ്റുവാങ്ങി. കോടിയേരി ബാലകൃഷ്ണന്റെ വിവാഹം നടന്ന കണ്ണൂർ ടൗൺ ഹാളിലെത്തിച്ച മൃതദേഹം ഒരുനോക്ക് കാണാൻ ജനസാഗരമാണ് ഒഴുകിയെത്തിയത്. രാത്രി പത്തുമണി കഴിഞ്ഞും ഈ തിരക്ക് തുടർന്നു. പൊതുദർശനം അവസാനിക്കും വരെ മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ഹാളിലുണ്ടായിരുന്നു.
![]()
രാത്രി വെെകി വസതിയിലെത്തിച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും എസ്.രാമചന്ദ്രൻപിള്ളയും എം.എ.ബേബിയും ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്ന് രക്ത പതാക പുതപ്പിച്ചു. സഹോദരതുല്യനായ പ്രിയസഖാവിന് പുഷ്പചക്രം സമർപ്പിച്ച മുഖ്യമന്ത്രി, മുഷ്ടിചുരുട്ടി അഭിവാദ്യമർപ്പിച്ചു.
പാൻക്രിയാസ് അർബുദബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഒക്ടോബർ 1, ശനിയാഴ്ച രാത്രി എട്ടുമണിയോടെ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്.
പയ്യാമ്പലം കടപ്പുറത്ത് ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങൾക്കു നടുവിലാണ് കോടിയേരിക്ക് അന്ത്യനിദ്ര ഒരുക്കിയിരിക്കുന്നത്.





0 Comments