/uploads/news/news_മാധ്യമവിരുദ്ധ_നിലപാട്:_മലക്കം_മറിഞ്ഞ്_ഗോ..._1686740868_8665.png
KERALA

മാധ്യമവിരുദ്ധ നിലപാട്: മലക്കം മറിഞ്ഞ് ഗോവിന്ദൻ


പാലക്കാട് : സർക്കാർ വിരുദ്ധ പ്രചാരണം നടത്തുന്ന മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്ന മുൻ പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മലക്കം മറിഞ്ഞു. സർക്കാർ വിരുദ്ധ പ്രചാരണത്തിനു കേസിൽ കുടുക്കുമെന്നു പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ഇന്നലെ പട്ടാമ്പിയിൽ പറഞ്ഞു. 

സർക്കാർവിരുദ്ധ, എസ്എഫ്ഐ വിരുദ്ധ പ്രചാരണവുമായി മാധ്യമങ്ങളുടെ പേരും പറഞ്ഞു നടന്നാൽ ഇനിയും കേസിൽ ഉൾപ്പെടുത്തുമെന്നും അതിലൊരു സംശയവും വേണ്ടെന്നും ഗോവിന്ദൻ ഞായറാഴ്ച കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു. അതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ഇന്നലെ നിലപാടു മാറ്റിയത്. മാധ്യമങ്ങൾക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. സർക്കാരിനെ വിമർശിക്കാൻ പാടില്ലെന്നു താൻ പറഞ്ഞെന്നു പ്രചരിപ്പിച്ചാൽ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ? മാധ്യമങ്ങൾക്കായാലും വ്യക്തികൾക്കായാലും സർക്കാരിനെയും പാർട്ടിയെയും അതുപോലെ വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ പ്രക്രിയകളെയും വിമർശിക്കാൻ അവകാശമുണ്ട്. 

‘‘ഇന്നു മനോരമ മുഖപ്രസംഗം എഴുതി. നന്നായി. ഞങ്ങൾ അതു കൃത്യമായി മനസ്സിലാക്കി പ്രതികരിക്കാനും തയാറാണ്. ഞാൻ പറയാത്ത കാര്യം എന്റെ മേലെ കെട്ടിച്ചമച്ചിട്ട്, എം.കെ.സാനു ഉൾപ്പെടെയുള്ളവരോട് ഗവൺമെന്റിനെതിരെ വിമർശിച്ചാൽ കേസ് എടുക്കുമെന്നു പറഞ്ഞാൽ, നിഷ്കളങ്കരായ ആരെങ്കിലും ഇതിനോട് പ്രതികരിക്കാതെ ഇരിക്കുമോ? പ്രതികരണങ്ങളെ ആ അർഥത്തിലാണു കാണുന്നത്’’– അദ്ദേഹം പറഞ്ഞു. 

ക്രിമിനൽ കുറ്റം, ഗൂഢാലോചന ഉൾപ്പെടെ വരുമ്പോൾ, അത് ആരായാലും കേസ് എടുക്കുമെന്നാണു പറഞ്ഞത്. ആ ഗൂഢാലോചനയാണു പരിശോധിക്കേണ്ടത്. അതു പരിശോധിക്കുക തന്നെ ചെയ്യും. അതിപ്പോൾ മനോരമ മുഖപ്രസംഗം എഴുതിയതു കൊണ്ടോ വിമർശനാത്മകമായ രീതിയിൽ പറഞ്ഞതു കൊണ്ടോ മാറില്ല. 

‘‘എഫ്ഐആറിൽ പ്രതി ചേർക്കപ്പെട്ടവരെ എങ്ങനെയാണു കാണുന്നതെന്ന് എന്നോടു ചോദിച്ചു. ക്രിമിനൽ ഗൂഢാലോചന നിയമത്തിന്റെ മുന്നിൽ കൃത്യമായി വരേണ്ടതാണ്, അങ്ങനെ വരിക തന്നെ വേണം എന്നു ഞാൻ പറഞ്ഞു. കുറ്റവാളികൾ ആരായാലും, പത്രപ്രവർത്തകയാകാം, മാധ്യമത്തിന്റെ ഭാഗമാകാം, രാഷ്ട്രീയക്കാരാകാം, ആരായാലും സ്വാഭാവികമായും നിയമത്തിന്റെ മുന്നിൽ കൊണ്ടു വരേണ്ടതാണ് എന്നു മാത്രമാണു പറഞ്ഞത്. അതിനപ്പുറം ചേർത്തതെല്ലാം എന്റെ പേരിൽ ഉന്നയിച്ച തെറ്റായ വാദങ്ങളാണ്’’. 

മാധ്യമങ്ങളാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കടന്നാക്രമിക്കുന്ന പ്രതിപക്ഷമെന്നു പിന്നീട് ഇഎംഎസ് സ്മൃതി ദേശീയ സെമിനാറിലെ പ്രസംഗത്തിൽ ഗോവിന്ദൻ പറഞ്ഞു.

മാധ്യമങ്ങൾക്കായാലും വ്യക്തികൾക്കായാലും സർക്കാരിനെയും പാർട്ടിയെയും അതുപോലെ വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ പ്രക്രിയകളെയും വിമർശിക്കാൻ അവകാശമുണ്ട്.

0 Comments

Leave a comment