/uploads/news/news_രാജ്യത്തെ_ആദ്യ_വനിതാ_പൊലീസ്_സ്റ്റേഷൻ_അമ്..._1684316829_5184.jpg
KERALA

രാജ്യത്തെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ അമ്പതിന്റെ നിറവിൽ


കോഴിക്കോട്: രാജ്യത്തെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ അമ്പതിന്റെ നിറവിൽ. പാവമണി റോഡിലെ കോഴിക്കോട് വനിതാ സ്റ്റേഷനാണ് സുവർണ ജൂബിലി നിറവിലുള്ളത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് വനിതകളുടെ സംരക്ഷണമടക്കം മുൻനിർത്തി വനിതാ പൊലീസ് സ്റ്റേഷൻ എന്ന ആശയം രാജ്യത്ത് നടപ്പാക്കിയത്.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് 1973 ഒക്ടോബർ 27ന് രാജ്യത്തെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചത്.

അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോൻ, ആഭ്യന്തരമന്ത്രി കെ. കരുണാകരൻ എന്നിവരുടെ സാന്നിധ്യത്തിൽ കോഴിക്കോട് സിറ്റി പൊലീസ് മേധാവി ഓഫിസിനോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു വനിതാ സ്റ്റേഷന്റെ തുടക്കം. 1997 ഏപ്രിൽ അഞ്ചിനാണ് ഇന്നുള്ള സ്വന്തം കെട്ടിടത്തിലേക്ക് സ്റ്റേഷൻ മാറിയത്. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ്.

 തിരുവനന്തപുരത്തുകാരി പത്മിനിയായിരുന്നു വനിതാ സ്റ്റേഷനിലെ ആദ്യ എസ്. ഐ. 1973 മുതല്‍ 1979 വരെ കോഴിക്കോട് താമസിച്ച് സേവനമനുഷ്ഠിച്ച പത്മിനി എസ്പി ആയാണ് വിരമിച്ചത്. പിന്നീട് കുട്ടിയമ്മ എസ്.ഐയായി ചുമതലയേറ്റു. അമ്പത് വർഷത്തിനിടെ 43 എസ്.ഐ മാരാണ് ഇവിടെ സേവനമനുഷ്ഠിച്ചത്.

എസ്.ഐ, രണ്ട് എ.എസ്.ഐ, ആറ് എസ്.സി.പി. ഒ, സി.പി.ഒ തുടങ്ങി 24 പേരാണ് നിലവിൽ സ്റ്റേഷനിലുള്ളത്. സിറ്റി പൊലീസിന്റെ പരിധിയാണ് വനിതാ സ്റ്റേഷന്റെ ഭൂപരിധിയായി നിശ്ചയിച്ചതെന്നതിനാൽ നഗരത്തിൽ എവിടെയുള്ളയാൾക്കും ഇവിടെ പരാതി നൽകാം.

 ആദ്യകാലത്ത് പരാതിക്കാരും എതിർ കക്ഷികളുമെല്ലാം വനിതകളായിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നെങ്കിലും ഇന്നതെല്ലാം മാറി. കോഴിക്കോട് വനിതാ ജയിലിലെ തടവുകാരെ വിചാരണവേളയിലും മറ്റും കോടതിയിൽ ഹാജരാക്കുന്നതിന് സുരക്ഷ ഒരുക്കലടക്കം വനിതാ സ്റ്റേഷന്റെ പ്രധാന ചുമതലയാണ്.

മാത്രമല്ല, നഗരത്തിലെ സ്ത്രീസുരക്ഷയിലും സ്റ്റേഷൻ ജാഗ്രത പുലർത്തുന്നു. നേരത്തെ നഗരത്തിലെ ബസ് സ്റ്റാൻഡുകളിലടക്കമുണ്ടായിരുന്ന പൂവാലശല്യത്തിന് ശമനമുണ്ടാക്കിയത് ഇവിടത്തെ പൊലീസുകാരായിരുന്നു. മഫ്തിയിൽ പോയി പൂവാലന്മാരെ പിടിച്ചു സ്റ്റേഷനിലെത്തിയ്ക്കുന്നതിന്‌ പ്രത്യേക സ്ക്വാഡ് വരെ ഉണ്ടായിരുന്നു. 

ഇന്ന് നഗരത്തിൽ വനിതാസെല്ലും മറ്റു ജില്ലകളിലെല്ലാം വനിതാ സ്റ്റേഷനും പ്രവർത്തിക്കുന്നുണ്ട്. സ്റ്റേഷന്റെ അമ്പതാം വാർഷികം ഒക്ടോബറിൽ വിപുലമായി സംഘടിപ്പിക്കുമെന്നും ബന്ധപ്പെട്ടവരുടെ അനുമതികൾ ലഭ്യമാക്കി ഒരുക്കങ്ങൾ തുടങ്ങുമെന്നും എസ്.ഐ വി. സീത പറഞ്ഞു.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് 1973 ഒക്ടോബർ 27ന് രാജ്യത്തെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചത്. അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോൻ, ആഭ്യന്തരമന്ത്രി കെ. കരുണാകരൻ എന്നിവരുടെ സാന്നിധ്യത്തിൽ കോഴിക്കോട് സിറ്റി പൊലീസ് മേധാവി ഓഫിസിനോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു വനിതാ സ്റ്റേഷന്റെ തുടക്കം.

0 Comments

Leave a comment