ആലപ്പുഴ: കടൽപരപ്പിലൂടെ ഒഴുകിനടക്കുന്ന സംസ്ഥാനത്തെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് ആലപ്പുഴ ബീച്ചിൽ ഈ മാസാവസാനം പ്രവർത്തനസജ്ജമാകും. തുറമുഖ വകുപ്പിന്റെ അനുമതിയോടെ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് പദ്ധതി ആവിഷ്കരിച്ചത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഹൈ-ഡെൻസിറ്റി പോളി എത്തലിൻ (എച്ച്.ഡി.പി.ഇ) പ്ലാസ്റ്റിക് ഉപയോഗിച്ചാണ് പാലം നിർമാണം. തീരത്തുനിന്ന് രണ്ടു മീറ്റർ വീതിയിൽ 150 മീറ്റർ നീളത്തിലാണ് തിരമാലകൾക്കൊപ്പം ഉയർന്നുപൊങ്ങുന്ന പുതിയ പാലം നിർമിക്കുന്നത്. നീലനിറത്തിലെ ചതുരാകൃതിയിലുള്ള കട്ടിയുള്ള പ്ലാസ്റ്റിക് ബ്ലോക്കിന്റെ ഓരോ വശത്തെയും കൊളുത്തുകൾ സംയോജിപ്പിച്ചും അവയുടെ മുകളിൽ കൈവരികൾ സ്ഥാപിച്ചുമാണ് പാലം തീർക്കുന്നത്. നടപ്പാതയുടെ ജോലിയാണ് പുരോഗമിക്കുന്നത്. ഇതിനുപിന്നാലെ കൈവരികൾ ഘടിപ്പിച്ചാൽ പാലം പൂർത്തിയാകും. ഇതിന് ഒരാഴ്ചകൂടി വേണ്ടിവരും.'ഫ്ലോട്ടിങ് ബ്രിഡ്ജ്' നിർമാണരീതി നേരിൽ കാണാൻ നിരവധി പേരാണ് എത്തുന്നത്.പാലത്തിന്റെ അവസാന ഭാഗത്ത് കയറിനിന്ന് കൂടുതൽ കടൽകാഴ്ച ആസ്വദിക്കാൻ വലിയ പ്ലാറ്റ്ഫോം നിർമിക്കും.കടലിന് നടുവിൽ പുതിയ അനുഭൂതി സൃഷ്ടിക്കുന്ന പാലത്തിന് ഒരുസ്ക്വയർ മീറ്ററിൽ 350 കി.ഗ്രാം ഭാരം വരെ താങ്ങാൻ കഴിയുന്ന ബ്ലോക്കുകളാണുള്ളത്. ആകെ 356 സ്ക്വയർമീറ്റർ ദൂരത്തിലുള്ള പാലത്തിന് ഒരുലക്ഷത്തിന് മുകളിൽ കി.ഗ്രാം ഭാരം താങ്ങാൻ ശേഷിയും ഒരേസമയം 1000 പേർക്ക് കയറാനുള്ള കരുത്തുമുണ്ട്. എന്നാൽ, തുടക്കത്തിൽ ഒരേസമയം 100 പേർക്ക് വീതം മാത്രമായിരിക്കും പ്രവേശനം. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് പ്രവർത്തനം. ഒരാൾക്ക് 200 രൂപയാണ് നിരക്ക്. ആലപ്പുഴ പോർട്ട് അധികൃതരുമായി ആലോചിച്ചശേഷം അന്തിമനിരക്ക് പ്രഖ്യാപിക്കും.
സംസ്ഥാനത്തെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് ആലപ്പുഴ ബീച്ചിൽ സജ്ജമാകുന്നു





0 Comments