പോത്തൻകോട്: അയിരൂപ്പാറയിൽ വീടൊഴിപ്പിക്കാനെത്തിയ പൊലീസിന് മുന്നിൽ മകനുമൊത്ത് ആത്മഹത്യാ ഭീഷണി മുഴക്കി വീട്ടമ്മ. അയിരൂപ്പാറ മരുതുംമൂട് അരിച്ചൽകോണത്ത് വീട്ടിൽ താമസിക്കുന്ന ഷംനയെയും മാതാപിതാക്കളെയും കുഞ്ഞിനേയും കോടതി വിധിയെ തുടർന്ന് വീട്ടിൽ നിന്നും ഇറക്കാൻ പോലീസ് എത്തിയപ്പോഴാണ് സംഭവം. ഭർതൃ മാതാവ് നൽകിയ കേസിൽ കോടതി വിധി നടപ്പാക്കാൻ ഇന്നലെ രാവിലെയാണ് പോത്തൻകോട് പോലീസ് വീട്ടിൽ എത്തിയത്. പോലീസ് എത്തുമെന്ന് അറിഞ്ഞപ്പോൾ തന്നെ ഷംന ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞ് പിന്തുണയുമായി ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. ആദ്യ വിവാഹമോചനം നേടിയ ശേഷയിരുന്നു ഷംനയുമായി ഷാഫിയുടെ രണ്ടാം വിവാഹം. ഷംനയുടെ ആഭരണങ്ങൾ വിറ്റായിരുന്നു പുതിയ ഇരുനില വീട് പണിതത്. ഷംനയുമായി ബന്ധം നിലനിൽക്കേ തന്നെ ഷാഫി മൂന്നാമതായി തൃശൂർ ചാവക്കാട് സ്വദേശിനിയെ വിവാഹം കഴിച്ചു എന്നാണ് ഷംന പറയുന്നത്. ഷാഫിയുടെ പേരിലുള്ള പുരയിടം കേസിനെത്തുടർന്ന് ഇയാളുടെ മാതാവിന്റെ പേരിലേക്ക് മാറ്റുകയുണ്ടായി. തുടർന്ന് ഷംന അനധികൃതമായി താമസിക്കുന്നുവെന്നു കാട്ടി കോടതിയിൽ നിന്ന് വിധി സമ്പാദിക്കുകയായിരുന്നു. സർവ്വ സന്നാഹങ്ങളുമായി കുടിയൊഴിപ്പിക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് പിൻമാറുകയായിരുന്നു. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ പോലീസിനോട് വിശദീകരണം ചോദിച്ചു. ഷംനയ്ക്കു വേണ്ട നിയമ സഹായവും മറ്റു കാര്യങ്ങളും സർക്കാർ ആലോചിച്ചു തീരുമാനിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അയിരൂപ്പാറയിൽ വീടൊഴിപ്പിക്കാനെത്തിയ പൊലീസിന് മുന്നിൽ മകനുമൊത്ത് ആത്മഹത്യാ ഭീഷണി മുഴക്കി വീട്ടമ്മ





0 Comments