കഴക്കൂട്ടം: അണ്ടൂർക്കോണം വെള്ളൂർ ആനതാഴ്ച്ചിറയിൽ കുളിക്കാനിറങ്ങി മുങ്ങിത്താണ വിദ്യാർത്ഥിയ്ക്ക് നാട്ടുകാരുടെ ഇടപെടൽ മൂലം ജീവൻ തിരിച്ചു കിട്ടി. ഇന്നലെ വൈകിട്ട് നാലിന് അണ്ടൂർക്കോണം വെള്ളൂർ ആനതാഴ്ച്ചിറയിൽ നാട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ സമീപത്തുള്ള ആറു സ്കൂൾ വിദ്യാർഥികൾ കുളിക്കാനിറങ്ങുകയായിരുന്നു. നീന്തുന്നതിനിടയിൽ ഒരു വിദ്യാർഥി വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. വിദ്യാർഥികളുടെ നിലവിളി കേട്ട് സമീപത്തുള്ള ചിറതലയ്ക്കൽ വീട്ടിൽ ആഷിക് എന്ന പതിനെട്ടുകാരൻ ചിറയിലേക്ക് എടുത്തു ചാടി വിദ്യാർഥിയെ രക്ഷപ്പെടുത്തുകയായിരുന്നു. വിദ്യാർഥി മുങ്ങിത്താണപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തുകൾ ഓടിക്കളഞ്ഞതായി നാട്ടുകാർ പറഞ്ഞു. വെള്ളൂർ വാർഡംഗം വി.ജയചന്ദ്രന്റെ നേതൃത്വത്തിൽ രക്ഷിതാക്കളെ വിളിച്ചു വരുത്തി വിദ്യാർഥികളെ അവർക്കൊപ്പം വിട്ടു. പല സാഹചര്യങ്ങളിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ ഇവിടെ മുങ്ങി മരിച്ചിട്ടുണ്ട്. കുളിക്കാനായി സ്കൂൾ വിദ്യാർഥികൾ എത്താറുണ്ടെന്നും അധികൃതരുടെ ശ്രദ്ധ വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നാലു ദിവസം മുമ്പാണ് ചേങ്കോട്ടുകോണത്ത് പാറമടയിൽ യുവാവ് മുങ്ങി മരിച്ചത്. ഇതിന്റെ ആഘാതം നാട്ടുകാർക്ക് ഇനിയും മാറിയിട്ടില്ല.
ആനതാഴ്ച്ചിറയിൽ കുളിക്കാനിറങ്ങി മുങ്ങിത്താണ വിദ്യാർത്ഥിയ്ക്ക് നാട്ടുകാരുടെ ഇടപെടൽ മൂലം ജീവൻ തിരിച്ചു കിട്ടി





0 Comments