കഴക്കൂട്ടം: കണിയാപുരത്ത് കെ.എസ്.ആർ.ടി.സി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കാറോടിച്ചിരുന്ന നാവായിക്കുളം സ്വദേശിയായ ബാബു(36)വിനാണ് പരിക്കേറ്റത്. പാപ്പനംകോട് ഗ്രാമീൺ ബാങ്ക് ഗോൾഡ് ലോൺ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനാണ്. രാവിലെ ജോലിക്കായി ബാങ്കിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ബാബുവിന്റെ കാലൊടിയുകയും നടുവിനു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മുഖത്തും മുറിവുണ്ട്. രാവിലെ 10.30 മണിയോടു കൂടിയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്കു പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി മാവേലിക്കര സ്റ്റാന്റിലെ കെ.എൽ -15/എ 2059 എന്ന നമ്പരിലുള്ള ഫാസ്റ്റ് പാസഞ്ചർ ബസും നാവായിക്കുളത്തു നിന്നും പാപ്പനംകോട് പോവുകയായിരുന്ന കെ.എൽ - 01-ബി.റ്റി -2661 നമ്പരിലുള്ള ടാറ്റാ ഇൻഡിഗോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ശക്തമായ ഇടിയിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു ഗുരുതരമായി പരിക്കേറ്റ നിലയിൽ ഡ്രൈവർ കാറിനുള്ളിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നാട്ടുകാരും സഹായത്തിനുണ്ടായിരുന്നു. ഇതിനിടയിൽ സംഭവ സ്ഥലത്തെത്തിയ പ്രദേശവാസിയായ ഡോക്ടർ കണിയാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും മരുന്നെടുത്ത് ട്രിപ്പു കൊടുത്തു. ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തു കയറി വരുമ്പോഴാണ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ ബാബുവിനെ 108 ആംബുലൻസിൽ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണിയാപുരത്ത് കെ.എസ്.ആർ.ടി.സി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.





0 Comments