കഴക്കൂട്ടം: കഴക്കൂട്ടത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ചുള്ള ഞാറ്റുവേല ചന്തയും കർഷക സഭയും മേയർ വി.കെ.പ്രശാന്ത് ഉത്ഘാടനം ചെയ്തു. ജൂൺ 22 മുതൽ ജൂലൈ 6 വരെയാണ് തിരുവാതിര ഞാറ്റുവേല. കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് തിരുവാതിര ഞാറ്റുവേല. പ്രസ്തുത ഞാറ്റുവേല ചന്തയോടനുബന്ധിച്ച് പച്ചക്കറി തൈകളായ തക്കാളി, വെണ്ട, വഴുതന, പയർ, പച്ചമുളക്, പടവലം എന്നിവ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുകയും ഫലവൃക്ഷത്തൈകളായ പേര, മാതളം, പ്ലാവ്, സപ്പോട്ട, മാവ് തുടങ്ങിയവ വിൽപ്പന നടത്തുകയും ചെയ്തു. കൃഷി വകുപ്പിന്റെ നടപ്പു സാമ്പത്തിക വർഷത്തെ വിവിധ പദ്ധതികളെക്കുറിച്ച് കർഷകർക്ക് അവബോധം ഉണ്ടാക്കുന്നതിനു വേണ്ടി അതാതു വാർഡുകളിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് കർഷക സഭ. കഴിഞ്ഞ വർഷം മുതൽ കൃഷി വകുപ്പ് ആരംഭിച്ച ഒരു പരിപാടിയാണ് ഇത്. കഴക്കൂട്ടം വാർഡിലെ ഞാറ്റുവേല ചന്തയും കർഷക സഭയും കഴക്കൂട്ടം വാർഡ് കൗൺസിലർ കൂടിയായ മേയർ അഡ്വ.വി.കെ.പ്രശാന്തിന്റെ വാർഡു കമ്മിറ്റി ഓഫീസിൽ വെച്ചാണ് സംഘടിപ്പിച്ചത്. ചന്തവിള വാർഡിന്റെയും കാട്ടായിക്കോണം വാർഡിന്റെയും കർഷക സഭ ജൂൺ മാസം അവസാനം നടത്തിയിരുന്നു. കാർഷിക വികസന സമിതി അംഗം ഇബ്രാഹിം കുഞ്ഞ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ റീജ എസ്. ധരൻ സ്വാഗതം പറഞ്ഞു. സ്വാഗത പ്രസംഗത്തിൽ തിരുവാതിര ഞാറ്റുവേലയെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും കൃഷി ഓഫീസർ വിശദീകരിച്ചു. കൃഷി വകുപ്പ് തിരുവനന്തപുരം ആത്മ പ്രോജക്റ്റ് ഡയറക്ടർ താജുന്നിസ സംസാരിച്ചു. കഴക്കൂട്ടം അസി. കൃഷി ഓഫീസർമാരായ എം.എൻ പ്രകാശ്, ജോഷി, കഴക്കൂട്ടം കൃഷി ഓഫീസ് സ്റ്റാഫുകൾ, കാർഷിക വികസന സമിതി അംഗം നവാസ് കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.
കഴക്കൂട്ടത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു





0 Comments