കഴക്കൂട്ടം: കാട്ടു പന്നികളുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുന്ന കർഷകർക്ക് പന്നികളെ പ്രതിരോധിക്കുന്നതിനായി കഴക്കൂട്ടം കൃഷിഭവന്റെ നേതൃത്വത്തിൽ ശാസ്തവട്ടം കുണ്ടയത്ത് ദേവീക്ഷേത്രം വക ഹാളിൽ വെച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഹാളിനു തൊട്ടടുത്തുള്ള കൃഷിയിടത്തിൽ ശാസ്ത്രീയമായ രീതി ചെയ്തു കാണിക്കുകയും ചെയ്തു. കാട്ടായിക്കോണം പ്രദേശത്തെ കർഷകർ ഇതുമൂലം രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്. കൃഷിയിൽ കർഷകന്റെ പ്രതീക്ഷയും സ്വപ്നങ്ങളുമാണ് നാമ്പിട്ടു നിൽക്കുന്നത്. അത് കാട്ടുപന്നി വന്ന് നശിപ്പിക്കുന്നത് അവരുടെ പ്രതീക്ഷകളെത്തന്നെയാണ് നഷ്ടപ്പെടുത്തുന്നത്. വന്യ ജീവി സംരക്ഷണത്തിന്റെ പരിധിയിൽ വരുന്നതിനാൽ കാട്ടുപന്നിയെ കൊല്ലാനോ ഉപദ്രവിക്കാനോ നിയമം അനുവദിക്കുന്നില്ല. പന്നികൾക്ക് കാഴ്ചയും കേൾവി ശക്തിയും അത്ര ശക്തമല്ലെങ്കിലും ആഹാര സാധനങ്ങളുടെ സാന്നിധ്യം ഘ്രാണ ശക്തിയാൽ വേഗം തിരിച്ചറിഞ്ഞാണ് കൂട്ടത്തോടെ എത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത്. കർഷകരുടെ ഭാഗത്തു നിന്നും ഈ പ്രശ്നം നിരന്തരം ഉന്നയിക്കപ്പെട്ടപ്പോഴാണ് ഇങ്ങനെ ഒരു ക്ലാസിനെക്കുറിച്ച് കഴക്കൂട്ടം കൃഷി ഭവന്റെ നേതൃത്വത്തിൽ ആലോചിച്ചതും നടപ്പിലാക്കിയതും. അതിന് വെള്ളനാട് മിത്ര നികേതൻ കെ.വി.കെ(കൃഷി വിജ്ഞാന കേന്ദ്രം)യിലെ സസ്യ സംരക്ഷണ വിഭാഗത്തിലെ ബിന്ദു ആർ.മാത്യുവാണ് ആധികാരികമായി ക്ലാസ് എടുത്തത്. ഗവൺമെന്റ് സെക്ടറിൽ മാത്രം ലഭിക്കുന്ന ഇക്കോഡോൺ എന്ന മരുന്നാണ് ഇവിടെ പ്രയോഗിക്കുന്നത്. ഇത് കാട്ടു പന്നികളെ ഒരു പരിധി വരെ അകറ്റി നിർത്താൻ കഴിയുമെന്ന് ബിന്ദു ആർ.മാത്യു പറഞ്ഞു. ഇത് ഉപയോഗിച്ചാൽ പന്നിയെ കൊല്ലാൻ കഴിയില്ല. ഈ മരുന്നിൽ നിന്നും ഉണ്ടാകുന്ന മണം പന്നിക്ക് അലർജി ഉണ്ടാക്കുന്നു. ഏത് പ്രദേശത്താണോ ഇത് പ്രയോഗിച്ചിരിക്കുന്നത് അവിടെ നിന്നും കാട്ടു പന്നികൾ വിട്ടു പോകും. ഈ മരുന്നിൽ വിഷമോ മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളോ മറ്റൊന്നും തന്നെയില്ല. ഇതൊരു ജൈവ ഉൽപന്നമാണ്. പന്നിയെ പ്രതിരോധിച്ചു നിർത്താനായി ഒരു ജൈവ പ്രതിരോധ മാർഗ്ഗമാണ് ചെയ്യുന്നത്. ആവണക്കെണ്ണ അധിഷ്ഠിത ജൈവ കീടനാശിനിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരേക്കർ സ്ഥലത്ത് 1 ലിറ്റർ എക്കോഡോൺ ആണ് ഉപയോഗിക്കുന്നത്. ആദ്യം എക്കോഡോൺ ലായനി ജലവുമായി ചേർത്ത് നേർപ്പിക്കുന്നു. എക്കോഡോണിന്റെ രണ്ടിരട്ടി വെള്ളം അതായത് ഒരു ഭാഗം എക്കോഡോണിന് 2 ഭാഗം വെള്ളം കൂടി ചേർക്കണം. ഒരേക്കർ സ്ഥലത്ത് ഒരു ലിറ്റർ എടുക്കുമ്പോൾ 2 ലിറ്റർ വെള്ളം കൂടി ചേർത്ത് മൊത്തം 3 ലിറ്റർ ലായനി ആക്കണം. ഏകദേശം 4 മുതൽ 5 കി.ഗ്രാം ചണച്ചരടും ആവശ്യമാണ്. എക്കോഡോൺ ലായനി ഉണ്ടാക്കിയ ശേഷം ചണച്ചരട് ഈ ലായനിയിൽ മുക്കിയിടുകയാണ് ചെയ്യുന്നത്. കുഴിയുള്ള ബക്കറ്റിലേക്ക് ചണച്ചരടും ലായനിയും ഒരുമിച്ച് ഓരോ ലെയറായി ഒഴിച്ച് ഒരു ഭാരമുള്ള ഒരു കല്ല് അതിന്റെ മുകളിൽ വെച്ച് മണം പുറത്തു പോകാത്ത വിധത്തിൽ ഭദ്രമായി മൂടിക്കെട്ടി വയ്ക്കണം. 12 മണിക്കൂറാണ് ഇതു പോലെ മൂടിക്കെട്ടി വയ്ക്കേണ്ടത്. വച്ച് 6 മണിക്കൂർ ഇടവേളയിൽ തുറന്നു നോക്കുക. ലായനി അതിന്റെ അടിയിൽ മട്ടം ലെവലിൽ കിടക്കുകയാണെങ്കിൽ മറ്റൊരു പാത്രത്തിലേക്കു മാറ്റി വീണ്ടും ലായനി ചണച്ചരടിലേയ്ക്ക് ഒഴിച്ച ശേഷം ഭദ്രമായി മൂടിക്കെട്ടണം. തുടർന്ന് 6 മണിക്കൂറിനു ശേഷം (മൊത്തം 12 മണിക്കൂർ) രാവിലെ ചണച്ചരട് കൃഷി നിൽക്കുന്ന സ്ഥലത്തിന് ചുറ്റും വേലിയായി കെട്ടുക. കൃഷിയുള്ള സ്ഥലത്തിനു ചുറ്റും കുറ്റിയടിച്ച് തറയിൽ നിന്നും ഒരടി പൊക്കത്തിൽ ഒന്നാമത്തെ വരി കെട്ടുക. തറയിൽ നിന്നും 2 അടി പൊക്കത്തിൽ രണ്ടാമത്തെ വരിയും കെട്ടുക. വേലി എവിടെയാണോ കെട്ടിത്തുടങ്ങുന്നത് അവിടെ വന്ന് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. വേലിയിൽ ഒരു വിടവും വരാൻ പാടില്ല. ചണം നന്നായി വലിച്ചു കെട്ടുക. ഇടയ്ക്ക് തൂങ്ങി ആടുന്ന രീതിയിൽ ചണം കെട്ടാൻ പാടില്ല. ഈ രീതിയിൽ വേലി കെട്ടിയാൽ 3 മുതൽ 4 മാസം വരെ പന്നിയെ പ്രതിരോധിക്കാൻ കഴിയും. ഈ വേലിയ്ക്കു സമീപം എത്തുന്ന പന്നികൾക്ക് ഈ ഗന്ധം അസഹ്യമായി അനുഭവപ്പെടുന്നതിനാൽ അവ പറമ്പുകളിൽ കയറാതെ ഒഴിഞ്ഞു പോവുകയാണ് ചെയ്യുന്നത്. ഇതിനിടയിൽ മഴ ഉണ്ടാവുകയാണെങ്കിൽ ചരടിലെ മിശ്രിതം അലിഞ്ഞു നഷ്ടപ്പെടും. നിശ്ചിത അനുപാതത്തിൽ തയ്യാറാക്കിയ മിശ്രിതം ചണത്തിൽ കൈപമ്പ് ഉപയോഗിച്ച് തളിച്ചു കൊടുത്താൽ പ്രശ്നത്തിന് പരിഹാരമാവും. കഠിനമായ ഉണക്കിൽ ശുദ്ധജലം തളിച്ചു കൊടുത്ത് ഗന്ധം നിലനിർത്താനും കഴിയും. നാല് മാസം കഴിയുമ്പോൾ ചണം ദ്രവിക്കാൻ തുടങ്ങും. അതിനാൽ മിശ്രിതം മുക്കിയ പുതിയ ചണം കെട്ടേണ്ടതാണ്. കഴക്കൂട്ടം കൃഷിഭവന് പുറമെ പരിശീലന വിവരമറിഞ്ഞു കാട്ടുപന്നി ശല്യം നേരിടുന്ന സമീപ പ്രദേശങ്ങളായ പോത്തൻകോട്, വെമ്പായം, ശ്രീകാര്യം എന്നീ കൃഷിഭവനുകളിലേതടക്കം നൂറ്റമ്പതോളം കർഷകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. കഴക്കൂട്ടം കൃഷി ഓഫീസർ റീജ.എസ്.ധരൻ, കഴക്കൂട്ടം അസി.കൃഷി ഓഫീസർമാരായ പ്രകാശ്, ജോഷി എന്നിവർ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നൽകി.
കാട്ടുപന്നികളെ പ്രതിരോധിക്കാൻ കർഷകർക്ക് ആശ്വാസവുമായി കഴക്കൂട്ടം കൃഷിഭവന്റെ നേതൃത്വത്തിൽ പരിശീലന പരിപാടി





0 Comments