കൊല്ലം: വഴിയാത്രക്കാർക്കും നാട്ടുകാർക്കും കൗതുക കാഴ്ചയായി കൊല്ലത്ത് റോഡിലൂടെ വിമാനം. ഞായറാഴ്ച പുലർച്ചെ കൊല്ലം ബൈപ്പാസിലെ കുരീപ്പുഴയിലാണ് വിമാനമെത്തിയത്. തിരുവനന്തപുരത്തുനിന്ന് ആന്ധ്രയിലേക്ക് വിമാനത്തിന്റെ പ്രധാനഭാഗവുമായി എത്തിയ കൂറ്റൻ ട്രെയിലറാണ് കുരീപ്പുഴ ടോൾ പ്ളാസയ്ക്കു സമീപം നിർത്തിയിട്ടത്.അതിനിടയിൽടോൾ പ്ളാസയ്ക്കു സമീപം വിമാനമിറങ്ങിയെന്ന് വാർത്ത പരന്നതോടെ അത് കാണാനായി പലയിടത്തുനിന്നും ജനം ഒഴുകിയെത്തി.
ബൈപ്പാസ് വഴി വാഹനങ്ങളിൽ വന്നവരും വിമാനം കാണാനായി വാഹനങ്ങൾ നിർത്തിയത് ഗതാഗതകുരുക്കുണ്ടാക്കി. പിന്നീട് പോലീസെത്തി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതിനാൽ കുരുക്ക് ഒഴിവായി.ദൃശ്യങ്ങൾ മൊബൈലിൽ പകർത്താനും സെൽഫിയെടുക്കാനും തിരക്കായതോടെ പോലീസും വലഞ്ഞു. ട്രെയിലർ ഡ്രൈവർമാരെ 'വിമാനത്തിന്റെ ഡ്രൈവർമാരാ'ക്കിയും ചിലർ സെൽഫിയിൽ ഉൾപ്പെടുത്തി.
മുപ്പത് വർഷം ആകാശത്ത് പറന്ന എയർബസ് എ-320 കാലാവധി കഴിഞ്ഞതിനാൽ 2018-ൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങർ യൂണിറ്റിന് സമീപത്തായി ഒതുക്കിയിട്ടിരിക്കുകയായിരുന്നു. നാല് വർഷത്തോളം എൻജിനീയറിങ് വിദ്യാർഥികളുടെ പഠനത്തിനായി ഇത് ഉപയോഗിച്ച് വരികയായിരുന്നു. ഇനിയും ഉപയോഗിക്കാനാകില്ലെന്ന് കണ്ടതോടെ ആക്രിയായി വിൽക്കാൻ തീരുമാനിച്ചതിനെ തുടർന്ന് നടന്ന ലേലത്തിൽ പങ്കെടുത്ത ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദർ സിങ്, 75 ലക്ഷം രൂപക്ക് വിമാനം സ്വന്തമാക്കുകയായിരുന്നു.
വിമാനത്തിന്റെ ചിറകുഭാഗം വേർപെടുത്തിയശേഷം കൂറ്റൻ ട്രെയിലറിൽ കയറ്റി ഹൈദരാബാദിലേക്ക് റോഡുമാർഗം കൊണ്ടുപോകവേയാണ് ഞായറാഴ്ച പുലർച്ചെ കുരീപ്പുഴയിൽ എത്തിയത്. രാത്രി മാത്രമേ വിമാനവുമായി സഞ്ചരിക്കാൻ അനുമതിയുള്ളൂ.30 കിലോമീറ്റർ വേഗത്തിലാണ് യാത്ര. പകൽ വിശ്രമമാണ്. ആന്ധ്രയിലെത്തിക്കുന്ന വിമാനഭാഗങ്ങൾ കൂട്ടിച്ചേർത്ത് ഹോട്ടൽ തുടങ്ങുമെന്നാണ് വിവരം.
ട്രെയിലറിൽ കൊണ്ടുപോകുകയായിരുന്ന ഈ വിമാനത്തിന്റെ ചിറക് കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ബാലരാമപുരം ജംങ്ഷന് സമീപം വച്ച് കെ.എസ്.ആർ.ടി.സി. ബസിൽ ഇടിച്ച് ഡ്രൈവറടക്കം നിരവധിപേർക്ക് പരിക്ക് പറ്റിയിരുന്നു. പൊളിച്ച വിമാനം നാല് ട്രെയിലറുകളിലായി ആണ് ഹൈദരാബാദിലേക്ക് കൊണ്ടു പോകുന്നത്.
ഈ വിമാനത്തിന്റെ ചിറക് കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ബാലരാമപുരം ജംങ്ഷന് സമീപം വച്ച് കെ.എസ്.ആർ.ടി.സി. ബസിൽ ഇടിച്ച് ഡ്രൈവറടക്കം നിരവധിപേർക്ക് പരിക്ക് പറ്റിയിരുന്നു.





0 Comments