കഴക്കൂട്ടം: കഴക്കൂട്ടം കൃഷി ഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ക്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി കഴക്കൂട്ടം, ചന്തവിള, സൈനിക എൽ.പി.സ്ക്കൂളിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ അഡ്വ. വി.കെ.പ്രശാന്ത് ഉത്ഘാടനം ചെയ്തു. കൗൺസിലർ ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കഴക്കൂട്ടം കൃഷി ഓഫീസർ റീജ എസ്.ധരൻ പദ്ധതി വിശദീകരണം നിർവ്വഹിച്ചു. സൈനിക എൽ.പി സ്ക്കൂളിന്റെ 10 സെന്റോളം വരുന്ന സ്ഥലത്ത് 6 ലെയറുകളിലായി വീട് മൾച്ചിംങ്ങും കണിക ജലസേചന (ട്രിപ്പ് ഇറിഗേഷൻ) സംവിധാനവും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇവിടെ പച്ചക്കറി കൃഷി ചെയ്യുന്നത്. സ്ക്കൂൾ തല പച്ചക്കറി തോട്ടം പദ്ധതികളിൽ ഇത്തരം ആധുനിക സംവിധാനം ഉപയോഗിച്ച് പച്ചക്കറി കൃഷി ചെയ്യുന്നതും ആദ്യമാണ്. ഇതിൽ നിന്നും 3 മാസത്തിനു ശേഷം 100 കി.ഗ്രാം ഉൽപാദനമാണ് പ്രതീക്ഷിക്കുന്നത്. ചന്തവിള സ്വദേശിയും കൃഷിക്കാരനുമായ സജുവിന്റെ നേതൃത്വത്തിലാണ് ആധുനിക രീതിയിലുള്ള സ്ഥലമൊരുക്കലും വിളപരിപാലനവും നടക്കുന്നത്. പൂർണ്ണമായും ജൈവ കൃഷി മുറകൾ അനുവർത്തിച്ചിട്ടുള്ള കൃഷി രീതിയായിരിക്കും പിന്തുടരുകയെന്ന് കൃഷി ഓഫീസർ റീജ.എസ്.ധരൻ പറഞ്ഞു. തക്കാളി പച്ചമുളക് വഴതന വെണ്ട പയർ, എന്നിവ കൂടാതെ ശീതകാല പച്ചക്കറി വിളകളും കൃഷി ചെയ്യാൻ തയ്യാറെടുക്കുകയാണ് സ്ക്കൂളിൽ. സ്ക്കൂളിലെ മൂന്നൂറോളം വരുന്ന വിദ്യാർത്ഥികൾക്ക് പച്ചക്കറി കൃഷിയെക്കുറിച്ച് അവബോധം വളർത്തുന്നതിനു പുറമേ കൃഷിയുടെ വിളവ് കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിയിൽ ഉപയോഗപ്പെടുത്താവുന്നതുമാണ്. ജെ.സി.ഐ (ജൂനിയർ ചേംബർ ഇൻറർ നാഷണൽ) കഴക്കൂട്ടം ചാപ്റ്റർ ആണ് പദ്ധതിക്ക് ഫണ്ട് നൽകിയത്. കൃഷി വകുപ്പിന്റെ 5,000 രൂപ സബ്സിഡിയ്ക്ക് പുറമേ ബാക്കി വന്ന 15,000 രൂപ ജെ.സി.ഐയും സ്ക്കൂൾ പി.ടി.എയുമാണ് ചെലവഴിച്ചത്. സൈനിക എൽ.പി.സ്ക്കൂൾ എച്ച്.എം ജയകുമാർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് ഷിജു.എസ്, എസ്.എം.സി ചെയർമാൻ നാസറുദ്ദീൻ, അസി. കൃഷി ഓഫീസർ പ്രകാശ്, ഒരുമ സെക്രട്ടറി വിനോദ്, ജെ.സി.ഐ സോൺ ഡയറക്ടർ വിനോദ് നാരായണൻ, സ്റ്റാഫ് സെക്രട്ടറി മായ എന്നിവർ ആശംസകൾ അർപ്പിച്ചു.
ചന്തവിള സൈനിക എൽ.പി.സ്ക്കൂളിൽ സ്ക്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി മേയർ വി.കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു





0 Comments