കഴക്കൂട്ടം: ടെക്ക്നോപാർക്കിലെയും പരിസര പ്രദേശങ്ങളിലെയും ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭയുടെ ആരോഗ്യ വകുപ്പ് വിഭാഗം റെയ്ഡ് നടത്തി. ടെക്നോപാർക്കിനുള്ളിലെ നിള, കാർണിവൽ, തേജസ്വിനി, ഭവാനി എന്നിങ്ങനെ നാല് കെട്ടിടങ്ങളിലായി 17 ഹോട്ടലുകളിലും ബേക്കറികളിലുമാണ് റെയ്ഡ് നടന്നത്. കഴിഞ്ഞയാഴ്ച ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ നൂറോളം ജീവനക്കാർക്ക് ഭക്ഷ്യ വിഷബാധ ഏറ്റതിനെ തുടർന്നായിരുന്നു റെയ്ഡ്. നഗരസഭാ മേയർ വികെ പ്രശാന്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ വൃത്തിഹീനമായ അടുക്കളയും പാത്രങ്ങളും, പഴകിയ ഭക്ഷണ പദാർത്ഥങ്ങളുമടക്കം പിടിച്ചെടുത്തു. ഭക്ഷണത്തിൽ ഉപയോഗിച്ച് വന്നിരുന്ന നിരോധിത ഉൽപന്നങ്ങൾ, ഭക്ഷണം പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവർ എന്നിവ കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ 9 സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് നോട്ടീസിൽ പറയുന്നത്. ടെക്ക്നോപാർക്കിന്റെ സമീപ പ്രദേശമായ ആറ്റിൻകുഴിയിൽ ജ്യൂസ് പാലസ്, ടേസ്റ്റിലാന്റ് എന്നീ രണ്ട് സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പ് പൂട്ടിച്ചു. അതേ സമയം കഴിഞ്ഞ ദിവസമുണ്ടായ ഭക്ഷ്യ വിഷബാധ വെള്ളത്തിലൂടെയാണോ ആഹാരത്തിലൂടെയാണോ ഉണ്ടായതെന്ന് കണ്ടെത്താനായിട്ടില്ല. അതിനാൽ ടെക്നോ പാർക്കിനുള്ളിലെ വെളളവും ടെക്ക്നോപാർക്കിൽ വിതരണം ചെയ്യുന്ന കമ്പനി വെള്ളവും വരും ദിവസങ്ങളിൽ പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിനായി ടെക്നോപാർക്കിനുള്ളിൽ വിതരണം ചെയ്യുന്ന വെള്ള കമ്പനികളുടെ ലിസ്റ്റ് എടുത്ത് പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും ടെക്ക്നോപാർക്കിന്റെ പരിസര പ്രദേശങ്ങളിലും കഴക്കൂട്ടത്തും മുഴുവൻ പരിശോധന ശക്തമാക്കുമെന്നും നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോർപ്പറേഷൻ മേയർ വി കെ പ്രശാന്ത് അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസർ റ്റി.അലക്സാണ്ടർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ് അജിത് കുമാർ, എ.അജയൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ അനിൽ, എസ് നസീജ എന്നിവർ റൈഡിൽ പങ്കെടുത്തു.
ടെക്ക്നോപാർക്കിലെയും പരിസര പ്രദേശങ്ങളിലെയും ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭയുടെ ആരോഗ്യവകുപ്പ് വിഭാഗത്തിന്റ വ്യാപകമായ റെയ്ഡ്.





0 Comments