കഴക്കൂട്ടം: തൊണ്ണൂറ്റി ഏഴാം വയസിലും തന്റെ സമ്മതിദാനം രേഖപ്പെടുത്താൻ സരസമ്മയെത്തിയത് ചുറുചുറുക്കോടെ. കഴക്കൂട്ടം മണ്ഡലത്തിലെ ഏറ്റവും പ്രായം ചെന്ന വോട്ടർമാരിൽ ഒരാളാണ് സരസമ്മ. പൊന്നമ്മച്ചിയെന്നു വിളിക്കുന്ന സരസമ്മ ആറ്റിൻകുഴി ഗവ. സ്കൂളിലെ പോളിംഗ് ബൂത്തിൽ ഇന്നലെ വോട്ടു ചെയ്യാനെത്തിയത് മൂന്നു തലമുറയോടൊപ്പമാണ്. നാളിതു വരെയും നാടിനോടുള്ള തന്റെ കടമ നിർവ്വഹിക്കാൻ യാതൊരു മടിയും വരുത്തിയിട്ടില്ല. തന്റെ മകളായ രാധ രവീന്ദ്രൻ, രാധയുടെ മകൾ സംഗീത, സംഗീതയുടെ മകൾ തീർത്ഥ എന്നിവരോടൊപ്പമാണ് സരസമ്മ എത്തിയത്. കന്നി വോട്ടറായ ചെറുമകളോടൊപ്പം തനിക്ക് വോട്ടിടാനായത് ഏറ്റവും വലിയ ഭാഗ്യമായാണ് ഈ മുതുമുത്തശി കാണുന്നത്. ആദ്യമേ വോട്ടു ചെയ്ത ശേഷം മക്കളെയും ചെറുമക്കളെയും പോളിംഗ് ബൂത്തിനു പുറത്തെ മാവിൻ ചുവട്ടിലെ തണലിൽ കാത്തിരിക്കേ മുത്തശ്ശിയ്ക്ക് മാങ്ങ തിന്നാനുള്ള മോഹം പൂത്തത് നടപ്പിലാക്കാൻ അവിടെ നിന്നവർ മടി കാണിച്ചില്ല. തന്റെ ഒരോട്ട് നാടിനും തന്റെ പാർട്ടിയുടെ വിജയത്തിനും ഉപകാരപ്പെടട്ടെയെന്ന പ്രത്യാശയോടെ തനിക്ക് ലഭിച്ച മാങ്ങയുമായി സരസ്സമ്മ വീട്ടിലേക്ക് മടങ്ങി, ഇനിയും വോട്ട് ചെയ്യാൻ തിരികെയെത്തുമെന്ന നിശ്ചയദാർഢ്യത്തോടെ...
തൊണ്ണൂറ്റി ഏഴാം വയസിലും തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ചുറുചുറുക്കോടെ സരസമ്മയെത്തി





0 Comments